ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ജോലിക്കു പോയ ഭാര്യയെ സ്‌കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവും ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി. കടക്കരപ്പള്ളി പതിമൂന്നാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്യാമിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് രാത്രിയായിരുന്നു അന്ത്യം.

ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്‌ട്രേറ്റിനു മൊഴി നൽകിയിരുന്നു. മക്കളെ കാണാൻ ആരതി അനുവദിച്ചില്ലെന്നും വീട്ടിൽ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ശ്യാമിന്റെ മൊഴി.

തൊണ്ണൂറു ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി വൈകിട്ട് മരിച്ചു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.

സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ജോലിക്കു പോകുകയായിരുന്നു. സ്ഥാപനത്തിന് 200 മീറ്റർ അകലെ വച്ചായിരുന്നു ആക്രമണം. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തിയെന്നു പൊലീസ് അറിയിച്ചു. നിലവിളിച്ചുകൊണ്ട് ഓടി ഇവർ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണു തീയണച്ചത്.

പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല താലൂക്കാശുപത്രിക്ക് സമീപമായിരുന്നു സംഭവം.
രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശ്യാം ജി ചന്ദ്രനും മരിച്ചു.

ശ്യാമിൽനിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ആരതി കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീടും ഭീഷണി തുടർന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിൽനിന്നു ജാമ്യം ലഭിച്ചു.

ഭാര്യയെ കൊല്ലാൻ തീരുമാനിച്ചത് രണ്ട് കാരണങ്ങൾ മൂലമാണെന്ന് ശ്യാം ജി ചന്ദ്രൻ മൊഴി നൽകിയിരുന്നു. മക്കളെ കാണാൻ ആരതി അനുവദിച്ചില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്.

ആരതിക്ക് വിട നൽകി ജന്മനാട്

ആരതിക്ക് വെട്ടയ്ക്കൽ ഗ്രാമം കണ്ണീരോടെ വിടനൽകി. ആരതിയുടെ മക്കളായ ഏഴ് വയസുകാരൻ ഇഷാനും, മൂന്നര വയസുള്ള ഇളയ കുട്ടി സിയയ്ക്കും അമ്മയുടെ മുഖം ഒരു നോക്കു കാണാൻ പോലും മാകാതെ കരഞ്ഞപ്പോൾ കണ്ടു നിന്നവർക്കു പോലും സങ്കടം കടലായി ഒഴുകി. മുഖം പോലും പുറത്ത് കാണാൻ പറ്റാത്ത രീതിയിൽ മുഴുവനും വെള്ള തുണിയിൽ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുവന്നത്.

സഹോദരൻ ബിബിനെ സുഹൃത്തുക്കൾ പലവട്ടം ആശ്വസിപ്പിക്കുന്നതും വളരെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് എത്തിച്ച മൃതദേഹത്തെ കാത്ത് രാഷ്ട്രീയ - സാമുദായിക നേതാക്കൾ അടക്കമുള്ളവർ നിറകണ്ണുകളോടെ കാത്തുനിന്നു.

മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകൻ ഇഷാൻ ചിതയ്ക്ക് തീ കൊളുത്തി. കൃഷിമന്ത്രി പി. പ്രസാദ്, എ. എം ആരീഫ് എംപി, എസ്. ശരത്, എൻ. എസ്. ശിവപ്രസാദ്, സി. എസ് സുജാത, ഫാ. തോമസ് കെ പ്രസാദ് എന്നിവർ വീട്ട് വളപ്പിൽ നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.