ലണ്ടൻ: ഒരു സ്ത്രീയുടെയും കുട്ടികളുടേയും നേരെ ആസിഡ് ആക്രമണം നടത്തിയതിന് യുകെ പൊലീസ് തിരയുന്ന അഫ്ഗാൻ വംശജൻ അബ്ദുൾ എസെദിയെ ചെൽസിയ ബ്രിഡ്ജിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം ആക്രമണം നടത്തി സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഈ 35 കാരന് വേണ്ടി രാജ്യവ്യാപകമായ തിരച്ചിലുകൾ ബ്രിട്ടണിൽ നടക്കുകയായിരുന്നു. അക്രമത്തിനിടയിൽ ഇയാൾക്കും ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു.

വിവിധ സി സി ടി വി ദൃശ്യങ്ങളിൽ നിന്നായി ഇയാളുടെ യാത്രാവഴികൾ മനസ്സിലാക്കിയ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. അതിനിടയിലാണ് തെംസ് നദിയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നത്. എസെദിയുടെതാണ് ഈ മൃതദേഹം എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ജനുവരി 31 ന് ന്യുകാസിലിൽ നിന്നും പുറപ്പെട്ടതിന് ശേഷം എസെദിയുടെ കാർ ഇന്നലെയാണ് ആദ്യമായി ലണ്ടനിൽ കാണപ്പെട്ടത്. തെക്കൻ ലണ്ടനിൻലെ ടൂടിംഗിൽ രാവിലെ 6.30 ഓടെയാണ് ഇയാളുടെ കാർ കണ്ടെത്തിയത്. പിന്നീട് വൈകിട്ട് 4.30 ന് ക്രോയ്ഡോണിൽ ഇയാളുടെ കാർ കാണപ്പെട്ടു.. വൈകിട്ട് 7 മണിക്ക് സ്ട്രീതാമിലും ഇയാളെ കണ്ടു.

വൈകിട്ട് 7 മണിക്കായിരുന്നു, തന്റെ പഴയ പങ്കാളിയായ 31 കാരീയെ എസെദി കാണുന്നത്. തുടർന്നായിരുന്നു ആക്രമണം. എസെദി ഉൾപ്പടെ എട്ട് പേർക്ക് ആസിദ് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിനു ശെഷം അയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാൽഫാം സൗത്ത് ട്യുബ് സ്റ്റേഷനിൽ നിന്നും ഇയാൾ ട്രെയിനിൽ കയറി യാത്രയാവുകയായിരുന്നു.

പിന്നീട് 8 മണിയോടെ ലണ്ടനിലെ കിങ്സ് ക്രോസ്സിലെ സി സി ടിവി ക്യാമറയിൽ ഇയാൾ പതിഞ്ഞു. മുഖത്തിന്റെ വലതുഭാഗം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു അപ്പോൾ. പിന്നീട് രാത്രി 8. 45 ന് ഐലിങ്ടണിലെ ടെസ്‌കോ എക്സ്പ്രസ്സിലും ഇയാളെ കണ്ടു. ഈ രണ്ട് ചിത്രങ്ങളും പൊലീസ് പുറത്തു വിട്ടിരുന്നു. പിന്നീട് രാത്രി 9 മണിയോടെ കിങ്സ് ക്രോസ്സിൽ തിരിച്ചെത്തിയ ഇയുാൾ വിക്ടോറിയ ലൈൻ സർവ്വീസിന്റെ ഒരു ട്രെയിനിൽ കയറി തെക്കോട്ട് യാത്രയായി.

പിന്നീട് കൂടുതൽ സി സി ടിവികൾ പരിശോധിച്ചപ്പോൾ കണ്ടത് രാത്രി 11.30 ന് ഇയാൾ ചെൽസിയ ബ്രിഡ്ജിന് മുകളിൽ കൂടി നടക്കുന്നതാണ്. അതായിരുന്നു അയാളെ അവസാനമായി കണ്ടതും. അവിടെ വെച്ച് അയാൾ വെള്ളത്തിലെക്ക് ചാടിയിരിക്കാം എന്നാണ് അനുമാനിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാച്ച (ഫെബ്രുവരി 19 ) ആയിരുന്നു നദിയിൽ ഒരു മൃതദേഹം കണ്ടതായി ചില ബോട്ട് യാത്രക്കാർ റിപ്പോർട്ട് ചെയ്തത്.