- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ ട്രിഡന്റ് മിസൈൽ പരീക്ഷണം പരാജയം; ആണവ അന്തർവാഹിനിയിൽ നിന്നും കുതിച്ചുയർന്ന മിസൈൽ അൽപം മാറി കടലിൽ പതിച്ചു; ഇത് തുടർച്ചയായ രണ്ടാമത്തെ പരാജയം
ലണ്ടൻ: ബ്രിട്ടീഷ് ആണവ അന്തർവാഹിനിയിൽ നിന്നും തൊടുത്തു വിട്ട ടിഡന്റ് മിസൈൽ അൽപം അകലെയായി കടലിൽ തന്നെ പതിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ പരീക്ഷണത്തിൽ തുടർച്ചയായ രണ്ടാമത്തെ പരാജയം രുചിക്കുമ്പോൾ അതിന് ദൃക്സാക്ഷിയാകുവാൻ എച്ച് എം എസ് വാൻഗാർഡിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടരി ഗ്രാന്റ് ഷാപ്സും ഉണ്ടായിരുന്നു. ഇതിന് മുൻപ് 2016- ൽ ആയിരുന്നു ആദ്യ പരീക്ഷണം പരാജയപ്പെട്ടത്.
ഫ്ളോറിഡ തീരത്തു നിന്നും മാറി ജനുവരി 30 ന് നടത്തിയ പരീക്ഷണത്തിനിടെ അസ്വാഭിവകമായ ചില സംഭവങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ആണവായുധം കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആണവ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന സൈനികർ അവരുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. ലോഞ്ച് ട്യുബിലെ കംപ്രസ്സ്ഡ് ഗ്യാസ് ഉപയോഗിച്ച് ട്രിഡന്റ് 2 മിസൈൽ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ചതായും കുറിപ്പിൽ പറയുന്നു.
എന്നാൽ അതിന്റെ ആദ്യ ഘട്ട ബൂസ്റ്ററുകൾ പ്രവർത്തനക്ഷമമായില്ലെന്നും ഡമ്മി ബോംബുകൾ ഘടിപ്പിച്ച 58 ടൺ മിസൈൽ സമുദ്രത്തിലേക്ക് വീഴുകയും മുങ്ങിപ്പോവുകയും ചെയ്തു എന്നും സൺ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അന്തർവാഹിനിയിൽ നിന്നും അധികം ദൂരെയല്ലാതെയാണ് ഇത് പതിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സമുദ്രോപരിതലത്തിന് അടിയിലായിരുന്നു എച്ച് എം എസ് വാൻഗാർഡ് ഈ സമയം. എങ്കിലും മിസൈൽ മൂലം കേടുപാടുകൾ ഒന്നുംഉണ്ടായിട്ടില്ല.
എവിടെയാണ് പിഴവ് സംഭവിച്ചതെന്നറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതുപോലെ അതീവ രഹസ്യമായി സൂക്ഷിച്ച സാങ്കേതിക വിദ്യയോടു കൂടിയുള്ള മിസൈൽ സമുദ്രാന്തർഭാഗത്തു നിന്നും കണ്ടെത്തുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 2016 ലെ ആദ്യ പരീക്ഷണവും പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇത് താത്ക്കാലികമായ ഒരു പ്രശ്നം മാത്രമാണെന്നാണ് അധികൃതർ പറഞ്ഞത്. മിസൈൽ പൂർണ്ണ പ്രവർത്തന സജ്ജമാണെന്ന വിശ്വാസം അവർ പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു യഥാർത്ഥ യുദ്ധ സാഹചര്യത്തിലാണ് ഇത് നടന്നതെന്നും പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിൽ വിജയിക്കുമായിരുന്നു എന്നുമാണ് അധികൃതർ പറയുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ