തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ അനധികൃത എൽഎൻജി ഗ്യാസ് സ്റ്റോറേജിൽ അതിശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. നേരത്തെ നൽകിയ പരാതിയിലെ ഉദ്യോഗസ്ഥ ഇടപെടലുകളിൽ ദുരൂഹതയുള്ള സാഹചര്യത്തിലാണ് വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുന്നത്.

തോന്നയ്ക്കലിൽ വില്ലേജിൽ തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള എൽഎൻജി ഗ്യാസ് സ്റ്റോറേജ് നിലകൊള്ളുന്നത് നിലവിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കും ഹെൽത്ത് സെന്ററിനോടും ചേർന്നാണ് എന്നാണ് ആക്ഷേപം. കൂടാതെ ജനങ്ങൾ താമസിക്കുന്ന വീടുകളും ഇതിനോട് ചേർന്നുണ്ടെന്നും പറയുന്നു. ഫയർഫോഴ്‌സിന്റെ എൻഒസി ഇല്ലാതെയാണ് പ്രവർത്തനമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കും കിട്ടി. ഇതോടെയാണ് കള്ളക്കളികൾ തുടങ്ങിയത്. മുഖ്യമന്ത്രി പരാതി ബന്ധപ്പെട്ടവർക്ക് കൈമാറിയെങ്കിലും ഉദ്യോഗസ്ഥർ അതിനോട് വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകുന്നത്.

എൽഎൻജി ക്യാസ് സ്റ്റോറേജ് അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നായിരുന്നു ആദ്യ പരാതി. ഗ്യാസ് സ്റ്റോറേജ് അനുവദിക്കുന്നതിന് ഫാക്ടറീസ് & ബോയ്ലേഴ്സ് ചെയർമാനുമായ സൈറ്റ് അപ്രൈസൽ കമ്മിറ്റി നിർദിഷ്ട സ്ഥലത്തിന് സമീപത്ത് പ്രവർത്തിക്കുന്ന അംഗൻവാടി മാറ്റി സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സൈറ്റ് അപ്രൈസൽ കമ്മിറ്റി മാനേജ്മെന്റിന് നൽകിയ നിർദ്ദേശങ്ങൾ അടങ്ങിയ രേഖകൾ പരിശോധിച്ചാൽ ഇതു മനസ്സിലാകും. എന്നാൽ ഈ നിബന്ധനകൾ കാറ്റിൽ പറത്തി പഞ്ചായത്ത് സൈറ്റ് പ്ലാൻ പോലും നിബന്ധനകൾ പാലിച്ചല്ല അനുവദിച്ചത്. നിലവിലും പ്രവർത്തിക്കുന്ന അംഗൻവാടിയും, പ്രാഥമിക ആരോഗ്യകേന്ദ്രവും ജനങ്ങൾ വസിക്കുന്ന വീടുകളും നിലവിലുണ്ട്. ഇത് പരിശോധിച്ച് മാനദണ്ഡ ലംഘനത്തിലെ കള്ളക്കളികൾ തിരിച്ചറിയണെന്നാണ് ആവശ്യം.

മാത്രമല്ല 1200 എക്യൂബ് കപ്പാസിറ്റിയുള്ള നിരവധി വാട്ടർ ടാങ്കുകളും സമീപത്ത് ഉണ്ട്. അംഗനവാടിയിലും വീടുകളിലും കഴിയുന്ന മനുഷ്യ ജീവനുകൾക്ക് ഒരു പരിഗണനയും നൽകാത്ത തരത്തിലുള്ള പരിശോധനയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കളക്ടറുടെ നിർദ്ദേശം ഉണ്ടായിട്ടും നടത്തിയത് എന്നാണ് പരാതി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വീണ്ടും മുഖ്യമന്ത്രിക്ക് നാട്ടുകാരുടെ ഭാഗത്ത് നിന്നും പരാതി എത്തുന്നത്. ന്യായമായ ആവശ്യങ്ങൾ മാത്രമേ നാട്ടുകാർ ഉന്നയിക്കുന്നുള്ളൂവെന്നതാണ് വസ്തുത. എന്നാൽ അതൊന്നും നടപ്പാക്കാൻ ബന്ധപ്പെട്ടവർ താൽപ്പര്യക്കുറവ് കാട്ടുന്നുവെന്നതാണ് യാഥാർത്ഥ്യം.

എൽഎൻജി സ്റ്റോറേജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സൈറ്റ് അപ്രൈസൽ കമ്മിറ്റി നൽകിയ മാനദണ്ഡങ്ങൾ (അംഗനവാടി മാറ്റി സ്ഥാപിക്കുന്നടക്കം) മുഴുവൻ പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയും പഞ്ചായത്ത് പ്ലാൻ അപ്രൂവൽ കൊടുത്തതിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുന്നതിന് വേണ്ട നടപടിയും മാത്രമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിൽ നാട്ടുകാർ പ്രതീക്ഷിക്കുന്നത്. എൽഎൻജി പ്ലാന്റിന് സമീപത്തുള്ള അപകടസാഹചര്യങ്ങൾ ഒഴുവാക്കി എൽഎൻജി പ്ലാന്റ് അവിടെ നിലനിർത്തുകയോ അല്ലെങ്കിൽ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ട നടപടിസ്വീകരിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.

ഫയർഫോഴ്‌സിൽ നിന്നും വിവരാവകാശ രേഖ പുറത്തു വന്നതാണ് നിർണ്ണായകമായത്. ഇതോടെയാണ് എൽഎൻജി ഗ്യാസ് സ്റ്റോറേജിന് അനുമതിയില്ലെന്ന് വ്യക്തമായത്. അംഗനവാടിയും ഹെൽത്ത് സെന്ററും മാറ്റി സ്ഥാപിക്കാമെന്ന ഉറപ്പിന്മേലാണ് പ്ലാന്റിനുള്ള അനുമതി കമ്പനി നേടിയത് എന്നാണ് സൂചന. തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ഫാക്ടറിക്ക് അടുത്തുള്ള ഈ സ്ഥാപനങ്ങൾ ആരും മാറ്റിയില്ല. ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലെന്ന വിവരാവകാശത്തോടെ സ്റ്റോറേജ് പ്ലാന്റ് നിയമ വിരുദ്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു വിവരാവകാശ രേഖ.

എൻഒസി നൽകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. എൽഎൻജി വിഷയത്തിൽ തെളിവ് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഗ്യാസ് സ്റ്റോറേജിന്റെയും അംഗനവാടി ഹെൽത്ത് സെന്റർ എന്നിവയുടെ ഫോട്ടോകളും മുഖ്യമന്ത്രിക്ക് പരാതിക്കാർ കൈമാറിയിരുന്നു. ഇവ പരിശോധിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു. ഇവരും കമ്പനിക്ക് അനുകൂല നിലപാട് എടുത്തു എന്നും സൂചനയുണ്ട്.

എൽഎൻജി സംഭരണ കേന്ദ്രവും അംഗനവാടിയും തമ്മിൽ നൂറ് മീറ്റർ പോലും അകല വ്യത്യാസമില്ല. ഇതിനെ വേർതിരിക്കാൻ നല്ലൊരു മതിൽ പോലും ഇല്ല. വേലി കെട്ടിയാണ് ഇവിടെ വേർതിരിച്ചിരിക്കുന്നത്. മതിയായ സുരക്ഷയുണ്ടോയെന്ന് ഉറപ്പ് വരുത്തിയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് അനുമതി നൽകേണ്ടത്. ഇതിന് ഫയർഫോഴ്‌സ് എൻഒസി അനിവാര്യമാണ്.