- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘർഷത്തിനിടെ യുവകർഷകന്റെ മരണം; ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവച്ച് കർഷക സംഘടനകൾ; 24കാരൻ മരിച്ചത്, കണ്ണീർവാതക ഷെൽ തലയിൽ വീണെന്ന് കർഷകർ; തലയ്ക്ക് വെടിയേറ്റു? അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്ന് ഹരിയാന പൊലീസ്
ന്യൂഡൽഹി: ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ യുവകർഷകൻ മരിച്ചതിനെ തുടർന്ന് ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്ക്കാൻ കർഷകസംഘടനകൾ. യുവകർഷകന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും.
ശേഷം തുടർനടപടികൾ തീരുമാനിക്കും. ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകനാണ് മരിച്ചത്. കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണു കർഷകർ പറയുന്നത്. എന്നാൽ, ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനുപിന്നാലെയാണ് യുവ കർഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ഇതോടെ കർഷക പ്രതിഷേധം കൂടുതൽ ശക്തമായേക്കുമെന്നാണ് വിവരം.
ശുഭ്കരണിനു നേർക്ക് പൊലീസ് വെടിവച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പൊലീസിന്റെ വാദം. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് എക്‌സിൽ കുറിച്ചു.
ഖനൗരിയിൽനിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരിൽ ഒരാൾ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയിൽ വെടിയേറ്റിരുന്നു. കൂടുതൽ കാര്യങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കർഷകരെ പൊലീസ് നേരിട്ടത്. 1,200 ട്രാക്ടർ-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കർഷകരാണ് ഡൽഹി അതിർത്തിയിൽ ഒത്തുകൂടിയത്. ഹരിയാന പഞ്ചാബ് അതിർത്തിയായ ശംഭുവിലും പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. കർഷകർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കർഷകർ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കർഷകർക്കു യന്ത്രങ്ങൾ നൽകരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിർദ്ദേശിച്ചു. കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്നാണു പൊലീസ് നിർദ്ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവർമാർക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ 'ഡൽഹി ചലോ' മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.
150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 202021 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.
എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്ത്ത്ത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.
മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്‌നറുകൾ തുടങ്ങിയവയും പൊലീസ് റോഡിൽ നിരത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്ണീർ വാതകഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹവുമായാണ് കർഷകരും എത്തിയത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രങ്ങളിൽ താൽക്കാലിക രൂപമാറ്റം വരുത്തി എത്തിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം.
ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽനിന്നും റബ്ബർ പെല്ലറ്റുകളിൽനിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ. കണ്ണീർ വാതകം ശ്വസിക്കാതിരിക്കുന്നതിനായി മുഖം തുണികൊണ്ട് കനത്തിൽ മറയ്ക്കും. വെള്ളത്തിൽ നനച്ച ചാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാന പാലത്തിനായി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ