- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദുമതാചാര പ്രകാരം മൃതദേഹം സംസ്ക്കരിക്കണമെന്ന് ആദ്യ ഭാര്യ; ഇസ്ലാംമത ആചാരപ്രകാരം മതിയെന്ന് രണ്ടാം ഭാര്യയും: ഭാര്യമാർ തമ്മിലടിച്ചതോടെ മരിച്ചയാൾക്ക് രണ്ട് മതാചാരപ്രകാരവും സംസ്‌കാരച്ചടങ്ങുകൾ നടത്താൻ അനുമതി നൽകി ഹൈക്കോടതി
ചെന്നൈ: രണ്ടു വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ചയാൾ മരിച്ചപ്പോൾ രണ്ട് മതാചാരപ്രകാരം സംസ്‌കാരച്ചടങ്ങുകൾ. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. കാരക്കുടി സ്വദേശിയായ അൻവർ ഹുസൈന്റെ (ബാലസുബ്രഹ്‌മണ്യൻ-55) സംസ്‌കാരമാണ് ഹൈന്ദവ, ഇസ്ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. രണ്ട് ഭാര്യമാർ തമ്മിലുള്ള തർക്കത്തിനൊടുവിൽ മദ്രാസ് ഹൈക്കോടതിയാണ് രണ്ട് മതാചാരപ്രകാരവും സംസ്‌ക്കാര ചടങ്ങുകൾ നടത്താൻ അനുമതി നൽകിയത്.
ഇയാളുടെ ആദ്യഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മിലുള്ള തർക്കമാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വരെ എത്തിയത്. സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്‌മണ്യൻ 2019-ൽ ആദ്യഭാര്യ ശാന്തിയിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാൽ, ശാന്തിയുടെ അപ്പീലിനെത്തുടർന്ന് കോടതി വിവാഹമോചനം റദ്ദാക്കി. ഇതിനിടെ ഫാത്തിമയെ വിവാഹംചെയ്ത ബാലസുബ്രഹ്‌മണ്യൻ മതംമാറുകയും അൻവർ ഹുസൈൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഫെബ്രുവരി 17-നാണ് ഇദ്ദേഹം മരിച്ചത്.
നിയമപ്രകാരം താനാണ് ഭാര്യയെന്നും മൃതദേഹം വിട്ടുകിട്ടണമെന്നും ചൂണ്ടിക്കാട്ടി ശാന്തി പൊലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാദം ഉന്നയിച്ചതിനാൽ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ശാന്തിയുടെ ഹർജി ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
മൃതദേഹം ആദ്യം ശാന്തിക്ക് വിട്ടുനൽകാനും അരമണിക്കൂർ സമയം ഇവരുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകൾ നടത്താനും കോടതി നിർദ്ദേശിച്ചു. ഈ ചടങ്ങുകൾക്കുശേഷം മൃതദേഹം ഫാത്തിമയ്ക്ക് കൈമാറണം. പിന്നീട് ഇവർക്ക് ഇസ്ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ അടക്കംചെയ്യാനുള്ള അനുമതിയും നൽകി. ഇതുപ്രകാരം കഴിഞ്ഞദിവസം ചടങ്ങുകൾ നടന്നു. സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചർച്ചയിലൂടെ വീതംവെക്കാനും ധാരണയായി.