- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു; ഹൃദയം പൊട്ടിയാണവർ മരിച്ചത്; കോടതിയിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു'; ഹൈക്കോടതിയിൽ പ്രതികളുടെ വാദങ്ങളോട് പ്രതികരിച്ച് കെ കെ രമ
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്ക് മറുപടിയുമായി ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ. ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവർ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സമർപ്പിച്ച ഹർജിയിൽ പ്രതികളുടെ ഹൈക്കോടതിയിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം.
'ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിത്. അപൂർവ്വമായ കൊലപാതകം. അത് കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപിറ്റൽ പണിഷ്മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നുണ്ട്', രമ പറഞ്ഞു.
വിവാഹം കഴിച്ച് ഭാര്യയുണ്ട്, മക്കളുണ്ട്, കുടുംബത്തോടൊപ്പം പുറത്ത് താമസിക്കണം എന്നൊക്കെയാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. പാലിയേറ്റീവ് പ്രവർത്തനം നടത്തണമെന്ന് പറഞ്ഞയാളുണ്ട്. അമ്മ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞയാളുണ്ട്. അങ്ങനെ വിവിധ കാരണങ്ങളാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. സ്വാഭാവികമായും അവർക്ക് അവരുടെ വാദങ്ങൾ ഉന്നയിക്കാമെന്നും കെ.കെ. രമ വ്യക്തമാക്കി.
'ചന്ദ്രശേഖരന് അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണവർ മരിച്ചത്. അവിടെ ഇരിക്കുമ്പോൾ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു. പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ അങ്ങനെ ചെയ്യുന്ന ആളുകൾ മറ്റുള്ളവരുടെ കുടുംബമുണ്ടെന്നുള്ളതും അമ്മയുണ്ടെന്നുള്ളതും ഓർത്തില്ല. അനുഭാവപൂർവ്വമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്', അവർ കൂട്ടിച്ചേർത്തു.
താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും അയാൾ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വർധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.
കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിന്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു. ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പൊലീസ് മർദ്ദനത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയിൽ പറഞ്ഞത്.
ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്‌മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാൻ അവസരം നൽകണമെന്നും പറഞ്ഞു. പന്ത്രണ്ട് വർഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രൻ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസിൽ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്ത് വെച്ചോ പരോളിൽ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാൻ പകൽ വീട് തന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രൻ കോടതിയോട് പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെകെ കൃഷ്ണൻ പറഞ്ഞു. ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയിൽ കൃഷ്ണൻ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്ട്രീയ ബന്ധവും തനിക്കില്ലെന്നും ടാക്‌സി ഡ്രൈവർ മാത്രമാണെന്നും അയാൾ കോടതിയിൽ അറിയിച്ചു.
പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോർട്ട് സർക്കാരിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിന് മുൻപ് വാദം കേൾക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നൽകാൻ കോടതി നിർദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 നു തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.
2012 മെയ് നാലിനാണ് ആർ.എംപി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കാട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോട് പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികൾ കൊലപ്പെടുത്തി എന്നാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ