- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്ന്യനും അരുൺകുമാറും സുനിലും ആനിരാജയും സിപിഐ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റുകളിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ. അരുൺ കുമാറും തൃശൂരിൽ വി എസ്. സുനിൽ കുമാറും വയനാട്ടിൽ ആനി രാജയും ജനവിധി തേടും. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഇന്ന് ചേർന്ന സിപിഐ നേതൃയോഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിലാണ് തീരുമാനം എടുത്തത്. മാവേലിക്കരയിൽ സി എ അരുൺകുമാറിനെതിരായ പ്രാദേശിക തലത്തിലെ എതിർപ്പുകൾ സംസ്ഥാന നേതൃയോഗം തള്ളുകയായിരുന്നു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മണ്ഡലം പരിധിയിൽ വരുന്ന ജില്ലാ ഘടകങ്ങൾ പല തട്ടിലായിരുന്നു.
സ്ഥാനാർത്ഥിത്വത്തിനായി സിപിഐയുടെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലാ ഘടകങ്ങൾ ചേർന്നു നിർദ്ദേശിച്ചത് എട്ട് പേരുകൾ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരു മാത്രമാണ് രണ്ടു ജില്ലകളുടെ പാനലിലുള്ളത്.സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിലുള്ള സി.എ.അരുൺകുമാറിന്റെ പേര് നിർദ്ദേശിച്ചത് ആലപ്പുഴ ജില്ലാ കൗൺസിൽ മാത്രം. ഒരു ഘടകത്തിലും ചർച്ച ചെയ്യുന്നതിനു മുൻപേ സ്ഥാനാർത്ഥിയായി അരുൺ കുമാറിന്റെ പേരു പ്രചരിക്കുന്നതിനെതിരെ കൊല്ലം, കോട്ടയം ജില്ലാ കൗൺസിൽ യോഗങ്ങളിൽ വിമർശനവുമുയർന്നു. എന്നാൽ ഈ പേരു തന്നെ സ്ഥാനാർത്ഥിയായി സിപിഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഇതോടെ ഇടതു മുന്നണിയിലെ മത്സര ചിത്രം തെളിഞ്ഞു. അതിവേഗ പ്രചരണത്തിലേക്ക് അവർ കടക്കും. തൃശൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനായി സിറ്റിങ് എംപി ടിഎൻ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയും മത്സരിക്കുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ രാഹുൽ ഗാന്ധിയാകും കോൺഗ്രസ് സ്ഥാനാർത്ഥിയെന്നാണ് വിലയിരുത്തൽ. രാഹുലിനെ പിടിച്ചു കെട്ടാനാണ് പ്രമുഖ ദേശീയ വനിതാ നേതാവായ ആനി രാജയെ മത്സരിപ്പിക്കുന്നത്.
കോട്ടയത്ത് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തോമസ് ചാഴിക്കാടൻ മത്സരിക്കും. സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, സിപിഎം സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. പത്തനംതിട്ടയിൽ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കാസർകോട് എംവി ബാലകൃഷ്ണനും കണ്ണൂരിൽ എംവി ജയരാജനുമാകും സ്ഥാനാർത്ഥികൾ.
വടകരയിൽ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയിൽ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവൻ, ഇടുക്കിയിൽ ജോയ്സ് ജോർജ്, ആലത്തൂരിൽ കെ രാധാകൃഷ്ണൻ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലിൽ വി ജോയി എന്നിവരാകും മറ്റ് സിപിഎം സ്ഥാനാർത്ഥികൾ.
സിപിഐ സ്ഥാനാർത്ഥികൾ
ആനി രാജ
സി.പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷൻ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറിയുമാണ് ആനി രാജ. മണിപ്പൂരിലടക്കം വസ്തുതാന്വേഷണത്തിൽ അംഗമായി. ദേശീയ തലത്തിൽ വിവിധ വിഷയങ്ങളിൽ വലിയ ഇടപെടലുകൾ നടത്തി. ദേശീയ തലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ആനിരാജ വയനാട്ടിൽ മത്സരിക്കുന്നതോടെ രാഹുൽ ഗാന്ധി ഇത്തവണ മത്സരരംഗത്തുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. സ്കൂൾ പഠന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സിപിഐ.യുടെ വിദ്യാർത്ഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.
പന്ന്യൻ രവീന്ദ്രൻ
സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനിച്ചു. കക്കാട് കോർജാൻ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലാളിയായി. പതിനഞ്ചാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സിപിഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായി. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതൽ 1986 വരെ സിപിഐ. കണ്ണൂർ ജില്ല സെക്രട്ടറി.
പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും വി.ഡി. സതീശനോട് പരാജയപ്പെട്ടു.
1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 ൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായി. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ ഒമ്പതിന് സംസ്ഥാന സെക്രട്ടറിയായി. 2015 മാർച്ചിൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു.
വി എസ്. സുനിൽ കുമാർ
മുൻ മന്ത്രിയാണ് വി എസ്. സുനിൽ കുമാർ. ഹൈസ്കൂൾ ജീവിതകാലത്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത് . തൃശൂർ കേരള വർമ്മ കോളജിലെ പൂർവ വിദ്യാർത്ഥിയും തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി . എ.ഐ.എസ്.എഫ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വ്യത്യസ്ത പദവികൾ വഹിച്ച അദ്ദേഹം 1998 ൽ ദേശീയ സെക്രട്ടറിയായിരുന്നു. 2011-ൽ കൈപ്പമംഗലം മണ്ഡലത്തിൽ നിന്നും 2016-ൽ തൃശൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമാണ് അരുൺകുമാർ. ഇതിന് പുറമെ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രി പി പ്രസാദിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ്