തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ടുകൾ. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

ഇത്രയുംകാലം രഹസ്യമാക്കിവച്ച ഗഗൻയാൻ ദൗത്യത്തിലെ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്നാണ് വിവരം. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാനിൽ ഉൾപ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.

ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂർണ ഗഗൻയാൻ മിഷനിൽ ബഹിരാകാശത്തേക്ക് പോകുന്നവരിൽ മലയാളിയടക്കം ചരിത്രത്തിൽ ഇടംനേടും.

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്റർ സന്ദർശിച്ച് ഗഗൻയാൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.

2025-ൽ മനുഷ്യരുൾപ്പെടുന്ന പൂർണ ഗഗൻയാൻ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ 'സൂപ്പർ പവർ' ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗൻയാൻ.

2019-ൽ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവർക്ക് ഐ.എസ്.ആർ.ഒ.യും പരിശീലനം നൽകി. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗൻയാൻ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടർച്ചയായ പരീക്ഷണങ്ങൾ ഐ.എസ്.ആർ.ഒ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു

2025ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യം അടുത്ത വർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം 'ജിഎക്‌സ്' 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മൂന്ന് ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.

മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തുന്നത്.