തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്നും ബഹിരാകാശ രംഗത്തെ പുത്തൻ തലത്തിലേക്ക് എത്തിക്കാൻ സുപ്രധാനമായ ഗഗൻയാൻ ദൗത്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുകയാണ്. 2035ൽ ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റിൽ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാനി'ൽ പോകുന്ന യാത്രികരെ വി എസ്എസ്സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇപ്പോഴത്തെ തലമുറ ഭാഗ്യമുള്ളവരാണ്. അവർക്ക് എല്ലായിടത്തും ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നു. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നു. ഇന്ന് ഒരു ചരിത്ര നിമിഷത്തിനാണ് വി എസ്എസ്സി സാക്ഷ്യം വഹിക്കുന്നത്.

രാജ്യം നാല് ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു. ഇവർ നാലു പേരല്ല, നാലു ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന നാല് ശക്തികൾ. രാജ്യത്തിന്റെ പേരിൽ നാല് പേർക്കും ആശംസകൾ നേരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇവർ നാല് പേരുടെ പേരും എഴുതിചേർക്കപ്പെട്ടു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ കഠിനപരിശ്രമം നടത്തുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഈ മിഷന് ആവശ്യമാണ്. രാജ്യം നിങ്ങളോടൊപ്പമുണ്ട്. ഈ യാത്രികർ സെലിബ്രിറ്റികളായി മാറും. ഗഗൻയാനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിച്ചതാണ്. ഗഗൻയാൻ ദൗത്യം ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.

ബഹിരാകാശ രംഗത്ത് വനിതകൾക്ക് വലിയ പ്രധാന്യം. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങൾ നടത്തിനാകില്ല. ഇനിയും നമ്മൾ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനിൽനിന്ന് സാംപിളുകൾശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ൽ ഇന്ത്യയുടെ സ്‌പേയ്‌സ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റിൽ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങും" പ്രധാനമന്ത്രി പറഞ്ഞു.

കഥ ഇവിടെ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി യാത്രികരെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കേവലം നാല് വ്യക്തികളല്ല അവരെന്നും 140 കോടി ഭാരതീയരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

40 വർഷത്തിന് ശേഷം ഇന്ത്യൻ പൗരൻ നടത്തുന്ന ബഹിരാകാശ യാത്രയാണിത്. ഇത്തവണ, സമയവും റോക്കറ്റും കൗണ്ടൗണുമെല്ലാം ഭാരതത്തിന്റേതാണ്. അഭിമാന ദൗത്യത്തിന്റെ ഭാഗമാകുന്നവരെ രാജ്യമൊന്നടങ്കം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. നിങ്ങൾക്ക് മുൻപിൽ ഇവരെ പരിചയപ്പെടുത്താനും ഇവരോട് സംസാരിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരതത്തിന്റെ ഇതിഹാസത്തിൽ നിങ്ങളുടെ പേരുകളും ചേർക്കപ്പെടുപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ സംഘം ഇന്നത്തെ ഭാരതത്തിന്റെ പ്രതീക്ഷയും, വിശ്വാസവും, ധീരതയുമാണ്. കയ്യിൽ ത്രിവർണ പതാകയും മുന്നിൽ ബഹിരാകാശവുമാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തിന്റെ പ്രാർത്ഥനകളും ആശീർവാദവും നിങ്ങൾക്കൊപ്പമുണ്ട്.

ഈ നാല് പേരും വർഷങ്ങളായി നിരന്തര പരിശ്രമത്തിലായിരുന്നു. ഇനിയും ഇവർക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. അവർ അവരുടെ മനസിനെയും ശരീരത്തെയും പാകപ്പെടുത്തി.യഥാർത്ഥ കഥ ഇവിടെ ആരംഭിക്കുകയാണ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബഹിരാകാശ രംഗത്ത് ഇന്ത്യ ഒന്നാമതെത്തും. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രംഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റിൽ യാത്രികർ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറഞ്ഞ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ വർഷം അവസാനത്തോടെ വ്യോമമിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലംഗ സംഘം യാത്ര പുറപ്പെടുക. TV-D1, D2, D3, D4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോർട്ട് മിഷനുകൾ ഉണ്ടാകും. LVM3-G1, G2 എന്നിങ്ങനെ രണ്ട് അൺ-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നാല് ദിവസങ്ങളോളം തങ്ങി പഠനങ്ങൾ നടത്തുകയാണ് നാലംഗ സംഘത്തിന്റെ ലക്ഷ്യം.

റേക്കറ്റുകളുടെ ജന്മസ്ഥലവും ബഹിരാകാശ വിക്ഷേപണങ്ങളുടെ കേന്ദ്രവുമാണ് തുമ്പ. ഇസ്രോയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ ദിനമാണ് ഇന്ന്. 40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി തുമ്പയിലെ വി എസ്.എസ്.സി സന്ദർശിക്കുന്നതെന്ന് ഇസ്രോ മേധാവി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ദൗത്യസംഘത്തെ പ്രഖ്യാപിച്ചത്.

ദൗത്യത്തിൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരായ ഗ്രൂപ്പ് ക്യാപ്റ്റൻ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരെയാണ് പ്രധാനമന്ത്രി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെഹ്യൂമൻ സ്‌പേസ് സെന്ററിലും പരിശീലനം നടത്തി. യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണും സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.