- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷം; ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചു'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി തന്റെ വിവാഹം നേരത്തെ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ലെന. ഈ വർഷം ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്. രാജ്യത്തിനെന്ന പോലെ തനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന കുറിപ്പിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. ഭർത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താൻ കഴിയാതിരുന്നതെന്ന് ലെന പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടാണ് തനിക്കിത് ഇപ്പോൾ പുറത്തുപറയാൻ കഴിയുന്നതെന്നും ലെന പറഞ്ഞു.
തികച്ചും അറേഞ്ച്ഡായ വിവാഹം പരമ്പരാഗത ചടങ്ങിലൂടെയായിരുന്നുവെന്ന് ലെന പറഞ്ഞു. ''ഫെബ്രുവരി 27 ന്, പ്രധാനമന്ത്രി മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്,'' ലെന പറഞ്ഞു.
വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ പഠിക്കവേയായിരുന്നു എൻഡിഎ പ്രവേശനം.1998 ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽനിന്ന് സ്വേർഡ് ഓഫ് ഓണർ നേടി. 1999 ജൂണിൽ വ്യോമസേനയിൽ അംഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.
ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.
മൂന്നുവർഷം മുൻപാണ് നാല് യാത്രികരെയും ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. ഏത് പ്രതികൂല സാഹചര്യവും നേരിടുന്നതിനായി നാല് പേർക്കും കടുത്ത ശാരീരിക-മാനസിക പരിശീലനമാണ് നൽകിയത്. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലനം റഷ്യയിലായിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ബഹിരാകാശ കേന്ദ്രത്തിൽ ഒന്നരവർഷം നീളുന്നതായിരുന്നു ഈ പരിശീലനം.
ബെംഗളുരു പ്രത്യേക കേന്ദ്രത്തിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ഐഎസ്ഐർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിലെ പരിശീലനത്തിനൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ രാജ്യത്തിനുമുൻപാകെ പരിചയപ്പെടുത്തിയത്. അതുവരെ ഇവരുടെ പേരുവിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും ഉചിതമായവർ എന്ന നിലയ്ക്കാണ് ദൗത്യത്തിൽ വ്യോമസേനാ പൈലറ്റുമാർക്ക് ഊന്നൽ നൽകിയത്.
ലെന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മലയാളിയായ ബഹിരാകാശ യാത്രികനുൾപ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് കാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് കാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ആ നാലുപേർ.
2021-ലാണ് റഷ്യയിൽ നിന്നുള്ള ഒരു വർഷത്തെ പരിശീലനപരിപാടി തിരഞ്ഞെടുക്കപ്പെട്ട നാലുപേരും പൂർത്തിയാക്കിയത്. റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജൻസിയുടെ കീഴിലുള്ള ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.
മറുനാടന് മലയാളി ബ്യൂറോ