- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ മർദ്ദിച്ചു; തലയുടെ പുറകുഭാഗത്തും ചുമലിലുമടക്കം പരിക്ക്; സിദ്ധാർഥ് ജീവനൊടുക്കിയതല്ല, എസ്.എഫ്.ഐക്കാർ മർദിച്ചു കൊന്നതെന്ന് അച്ഛൻ; വെറ്ററിനറി വിദ്യാർത്ഥിയുടെ മരണത്തിൽ 6പ്രതികൾ കസ്റ്റഡിയിൽ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവി എസ്സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളടക്കം ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ഉണ്ടായിരുന്ന പന്ത്രണ്ട് പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇതിൽ നാലുപേർ സിദ്ധാർഥന്റെ ക്ലാസിൽ പഠിക്കുന്നവരാണ്.
എസ്എഫ്‌ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരിക്കുന്നതിനിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിച്ചതിന്റെയടക്കം പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് കേസിൽ പുതുതായി പ്രതിചേർത്ത ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കേസിൽ ആദ്യം പ്രതിചേർത്ത എസ്.എഫ്.ഐ. നേതാക്കൾ ഉൾപ്പെടെയുള്ള 12 പേർ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പന്ത്രണ്ട് വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്.എഫ്.ഐ.ക്കാരെ പിടികൂടാത്തതിൽ പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ജീവനൊടുക്കിയ സിദ്ധാർഥനെ റാഗ് ചെയ്തതിലും ക്രൂരമായി മർദിച്ചതിലും എട്ടുവിദ്യാർത്ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതിൽ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസിൽ പ്രതിചേർക്കുകയും ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ. അരുൺ, ഭാരവാഹി എൻ. ആസിഫ് ഖാൻ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ (20), കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്‌ബർ അലി (19), സിൻജോ ജോൺസൺ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാൽ (22), എ. അൽത്താഫ് (22), വി. ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്.
ബി.വി എസ്.സി. രണ്ടാംവർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു.
ക്രൂരമായ മർദ്ദനം, കൃത്യമായ ആസൂത്രണം
സിദ്ധാർഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തിൽ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിൽ, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.
ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്ന് സഹപാഠികൾ മൊഴിനൽകിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു. വിദ്യാർത്ഥിയുടെ വയർ, നെഞ്ച് എന്നിവിടങ്ങളിൽ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെൽറ്റുകൊണ്ടും മർദിച്ചിട്ടുണ്ട്. ബെൽറ്റിന്റെ ബക്കിൾകൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.
കസേരയിൽ ഇരുത്തിയോ മറ്റോ മർദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്. തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോൾ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കിൽ ചവിട്ടേറ്റ് വാരിയെല്ല് തകർന്നുപോവുമായിരുന്നെന്നാണ് ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നത്. അതുതന്നെ ജീവൻ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു.
15-നാണ് കോളേജിൽനിന്ന് സിദ്ധാർഥൻ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോൾ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഇഹ്‌സാനാണ് വിളിച്ചുവരുത്തിയത്. ഇത് കൃത്യമായ ആസൂത്രണത്തിനു തെളിവാണ്. 16-ന് കോളേജിൽ എത്തിയതുമുതൽ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടർച്ചയായി ക്രൂരമായി മർദിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലിൽ നൂറ്റിമുപ്പതോളം വിദ്യാർത്ഥികൾക്കിടയിൽവെച്ച് പ്രതികൾ ഭീഷണിപ്പെടുത്തി. ഒരുദിവസം അർധരാത്രി ഹോസ്റ്റൽ മുറിയിൽവെച്ച് സിദ്ധാർഥന്റെ കരച്ചിൽ കേട്ടതായും സഹപാഠികൾ മൊഴിനൽകിയിട്ടുണ്ട്.
എസ്എഫ്‌ഐ നേതാക്കൾ മർദ്ദിച്ചു കൊന്നുവെന്ന് പിതാവ്
സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്‌ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ജയപ്രകാശ് ആരോപിക്കുന്നു. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.
പഠനത്തിലും കലാപരിപാടികളിലും മിടുക്കനായ സിദ്ധാർത്ഥന്റെ മരണത്തിന്റെ ഞെട്ടലിലാണ് നെടുമങ്ങാടുള്ള വീട്ടുകാർ. നാട്ടുകാർക്കും ബന്ധുക്കൾക്കും അച്ഛനെയും അമ്മയെയും ആശ്വസിപ്പാക്കാനാകുന്നില്ല. വലന്റൈൻസ് ദിനത്തിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളായ എസ്എഫ്‌ഐ നേതാക്കൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹപാഠികൾ തന്നെ അറിയിച്ചതെന്ന് അച്ഛൻ പറഞ്ഞു.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണിൽ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണത്തിൽ വൈത്തിരി പൊലീസ് 12 പേർക്കെതിരെയാണ് കേസെടുത്തത്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ ഇവർ ക്രൂരതകാട്ടിയെന്ന് സിദ്ധാർഥന്റെ അമ്മാവൻ അഖിൽ പറയുന്നു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കോളേജ് അധികൃതർ അറിഞ്ഞില്ലെന്നാണ് കുടുംബം ചോദിക്കുന്നത്. ആരും സഹായിക്കുകയോ, ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. ഭയന്നിട്ടാണ് സഹായിക്കാതിരുന്നതെന്നാണ് ചില വിദ്യാർത്ഥികൾ പറയുന്നത്. സിദ്ധാർഥിന്റെ മരണത്തിന് ശേഷം കോളേജിലെ ചില വിദ്യാർത്ഥികൾ പറയുന്നത് ഇതൊരു കൊലപാതകമെന്നാണ്. സിദ്ധാർഥിനെ സീനിയറായിട്ടുള്ള വിദ്യാർത്ഥികളും അതേ ബാച്ചിലെ വിദ്യാർത്ഥികളും ക്രൂരമായി മർദിച്ച് കൊന്നതാണെന്നാണ് അവർ പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ