ദുബായ്: ഒറ്റ ദിവസം പെയ്ത മഴയിൽ ഗൾഫ് രാജ്യങ്ങൾ വെള്ളത്തനടിയിലായി. യു.എ.ഇ.യിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പെയ്തത്. അബുദാബി അൽഐൻ മേഖലയിൽമാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റർ മഴ ലഭിച്ചു.

അതിശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റും മിന്നലും ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കി. ഏഴ് എമിറേറ്റുകളും വെള്ളത്തിൽ മുങ്ങി. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്‌കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. റാസൽഖൈമയിലെ അരുവി(വാദി)യിൽ വാഹനം മുങ്ങി ചൊവ്വാഴ്ച ഒരാൾ മരിച്ചു. ഷാർജയിൽ രണ്ടുപേർ ഷോക്കേറ്റു മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ബുധനാഴ്ചയോടെ അന്തരീക്ഷം പൊതുവേ ശാന്തമായെങ്കിലും വെള്ളപ്പൊക്കംകാരണം ജനജീവിതം ദുസ്സഹമായി തുടരുകയാണ്. പതിനായിരക്കണക്കിനു വാഹനങ്ങൾ വെള്ളം കയറി നശിച്ചു. പലയിടത്തും കുടിവെള്ളവും വൈദ്യുതിയും മുടങ്ങി. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാൽ ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോമും സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിച്ചു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസ് പൂർണമായി നിർത്തിവച്ചു. മൊബൈൽ ഫോൺകൂടി ഓഫായതോടെ പലരേയും ബന്ധപ്പെടാൻ പ്രയാസമായി. ചില പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ പരിമിതമായി പൊതുഗതാഗതം ആരംഭിച്ചിട്ടുണ്ട്.

വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി പലർക്കും വിലപ്പെട്ട രേഖകൾ നഷ്ടമായി. ഒട്ടേറെപ്പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ടുകിടക്കുന്നത്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിലായി. ആയിരക്കണക്കിനു വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളിൽ വെള്ളം പൊങ്ങിയത്. റോഡിലെ വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റുന്നത് 24 മണിക്കൂറും തുടരുന്നു.

മോശം കാലാവസ്ഥ വിമാനസർവീസുകളെയും ബാധിച്ചു. റൺവേകളിൽ വെള്ളം കയറിയതോടെ ഒട്ടുമിക്ക വിമാനസർവീസുകളും വൈകുകയോ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. യു.എ.ഇ.യിലെമ്പാടും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതോടെ ഏതാണ്ട് 50 വിമാനസർവീസുകൾക്കാണ് തടസ്സം നേരിട്ടത്. ഇതിൽ കേരളത്തിലേക്കുള്ള സർവീസുകളുമുണ്ട്.

അറബിക്കടലിൽനിന്ന് ഉത്ഭവിച്ച നാലു ന്യൂനമർദ പാത്തികൾ ഒരുമിച്ചെത്തിയതാണ് യു.എ.ഇ. ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ പെരുമഴയ്ക്ക് പ്രധാന കാരണം. യു.എ.ഇ. കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്. മഴ പെയ്യാനായി ക്ലൗഡ് സീഡിങ് നടത്തിയെന്ന റിപ്പോർട്ടുകൾ കാലാവസ്ഥാ കേന്ദ്രം നിഷേധിച്ചു.

ഒമാനിൽ മഴ നിലച്ചെങ്കിലും ഒട്ടുമിക്ക മേഖലകളും മഴക്കെടുതി നേരിടുകയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് ഒരു മലയാളി ഉൾപ്പെടെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രളയത്തിൽ വലിയ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. സൗദി അറേബ്യയിൽ പല മേഖലകളിലും നേരിയതോതിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമാകില്ലെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ബഹ്റൈനിൽ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമായി. ഖത്തറിൽ ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. വിവിധ മന്ത്രാലയങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള വിവിധ വിമാനങ്ങൾ റദ്ദാക്കി
ദുബായിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബായ്ക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.

യുഎഇയിലെ മഴ; കരിപ്പൂരിൽ നിന്നുള്ള ഇന്നത്തെ രണ്ട് വിമാന സർവീസ് റദ്ദാക്കി
യാത്രക്കാരുടെ ചെക്ക് ഇൻ നടപടികൾ നിർത്തിവെച്ച നടപടി എമിറേറ്റ്‌സ് എയർലൈൻസ് ഇന്ന് രാവിലെ 9 വരെ നീട്ടിയിട്ടുണ്ട്. ദുബായ് എയർപോർട്ട് ടെർമിനൽ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തി. എയർപോർട്ടുകളിൽ കുടുങ്ങിയ യാത്രക്കാരിൽ ഭൂരിഭാഗവും ദുരിതത്തിലാണ്.