പാലക്കാട്: ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിലെ അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം മതിയായ ചികിത്സ നിഷേധിക്കപ്പെടുകയും മരണം പോലും ഉണ്ടാകുന്ന സാഹചര്യങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ ഒന്നും അധികൃതർ പഠിക്കുന്നില്ലെന്ന് വീണ്ടും ഓർമപ്പെടുത്തുകയാണ് അട്ടപ്പാടിയിലെ ചികിത്സാ സംവിധാനത്തിന്റെ പോരായ്മ.

ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ആശുപത്രിയിൽ നിന്ന് മാറ്റാനായത് മൂന്ന് മണിക്കൂറിന് ശേഷമാണ്. പക്ഷേ ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്ക് സ്വന്തമായുള്ള രണ്ട് ഐസിയു ആംബുലൻസ് കട്ടപ്പുറത്തായത് കാരണം ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിയാണ് യുവാവിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.

അട്ടപ്പാടി ഒമ്മലസ്വദേശി ഫൈസൽ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള വെന്റിലേറ്റർ ആംബുലൻസ് കാത്ത് കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ മൂന്നുമണിക്കൂറോളമാണ് കിടക്കേണ്ടിവന്നത്. ഒടുവിൽ ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചെങ്കിലും പെരിന്തൽമണ്ണയിലേക്കുള്ള യാത്രയ്ക്കിടെ ഫൈസൽ മരിച്ചു. കോട്ടത്തറ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള രണ്ട് ആംബുലൻസുകളും ഇപ്പോൾ കട്ടപ്പുറത്താണ്.

ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കാവുണ്ടിക്കല്ലിൽ പ്ലംബിങ് പണിക്കിടയിൽ ഉച്ചഭക്ഷണംകഴിക്കാനായി ഓട്ടോറിക്ഷയിൽ അഗളിയിലെത്തി തിരിച്ചു മടങ്ങുകയായിരുന്നു ഫൈസലും സുഹൃത്തുക്കളും. ഗൂളിക്കടവിൽവെച്ച് മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീഴുകയായിരുന്നു. ഫൈസലിന്റെ തലയിലാണ് മരം വീണത്.

പ്രദേശത്തുണ്ടായിരുന്നവർചേർന്ന് മരംമാറ്റി ഗുരുതരപരിക്കേറ്റ ഫൈസലിനെ കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പരിക്ക് ഗുരുതരമായതിനാൽ വെന്റിലേറ്റർ സൗകര്യമുള്ള എ.എൽ.എസ്. (അഡ്വാൻസ് ലൈഫ് സപ്പോർട്ട്) ആംബുലൻസ് വേണമെന്നും പറഞ്ഞു.

ഒറ്റപ്പാലത്തുനിന്ന് വെന്റിലേറ്റർ ആംബുലൻസ് എത്തിയത് ആറുമണിയോടെയാണ്. പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആരോഗ്യനിലയിൽ സംശയം തോന്നിയ സുഹൃത്തുക്കൾ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫൈസലിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 7.47 ഓടെ മരണം സ്ഥിരീകരിച്ചു.

ഓട്ടോയിൽ ഫൈസലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സനൂപ്, ഷൗക്കത്തലി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഫൈസലിന്റെ മൃതദേഹം മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ. ഭാര്യ: ഷഫീന. മകൻ: മിസ്ഹബ്.

ഫൈസലിന് രക്ഷയാകേണ്ടിയിരുന്ന രണ്ട് ആംബുലൻസും കട്ടപ്പുറത്താണ്. രണ്ട് ഐസിയു ആംബുലൻസുകളും കട്ടപ്പുറത്തായിരുന്നുവെന്നാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ് പത്മനാഭൻ പറയുന്നത്. പണത്തിന്റെ പ്രശ്‌നമല്ല, സാങ്കേതികത്വം കാരണമാണ് ആംബുലൻസിന്റെ തകരാർ പരിഹരിക്കാൻ വൈകിയത്. മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിക്കേണ്ടി വന്നതെന്നും പത്മനാഭൻ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് തന്നെ ഫൈസലിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും നൽകാൻ കഴിയുന്നതിന്റെ പരമാവധി ചികിത്സ കോട്ടത്തറ ആശുപത്രിയിൽ നൽകിയിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിക്കാണ് യുവാവ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഫൈസലിനെ ഡോക്ടർമാർ വിദഗ്ധ ചികിൽസ നിർദേശിച്ചെങ്കിലും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐ.സി.യു ആംബുലൻസുണ്ടായിരുന്നില്ല. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾ പോലും മണിക്കൂറുകൾ ആംബുലൻസിന് വേണ്ടി കാത്തു നിൽക്കണം. അത്യാഹിത ഘട്ടങ്ങളിൽ രോഗിയുമായി ചുരം ഇറങ്ങേണ്ട അവസ്ഥ പരിഗണിച്ചാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ട് സംവിധാനം ഉള്ള രണ്ട് ആംബുലൻസ് അനുവദിച്ചത്.

കോട്ടത്തറ ആശുപത്രിക്കായി രണ്ടുവർഷംമുൻപ് വി.കെ. ശ്രീകണ്ഠൻ എംപി.യും ഒരു വർഷം മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കും എ.എൽ.എസ്. ആംബുലൻസ് നൽകിയിരുന്നു. ഈ ആംബുലൻസിൽ ഒരെണ്ണം അപകടത്തിൽപ്പെട്ടും ഒരെണ്ണം മറ്റു തകരാർ കാരണവും വർക്ക്ഷോപ്പിലായിട്ട് മാസങ്ങളായി.

പകരം സംവിധാനം ഒരു വർഷത്തോളമായി ഏർപ്പെടുത്തിയിട്ടില്ല. ഇതിനിടെ നിരവധി പേർക്ക് ചികിത്സ വൈകി. കോയമ്പത്തൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു പെൺകുഞ്ഞ് മരിച്ചു. ജീവൻരക്ഷാ ഉപകരണങ്ങൾ ഉള്ള രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ ആറെണ്ണമാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ഉള്ളത്. ഇതിൽ തകരാറിലായ രണ്ട് വാഹനങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം ആശുപത്രി അധികൃതർ നൽകുന്നുമില്ല. 12 ഡ്രൈവർമാർ വേണ്ടയിടത്ത് നിലവിൽ ആകെയുള്ളത് 6 പേർ. ആംബുലൻസ് ഉണ്ടെങ്കിലും ഓടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.