തിരുവനന്തപുരം: കേരളമടക്കം രാജ്യത്ത് പൊതുവിൽ കാലവർഷം സാധാരണയേക്കാൾ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം (ഐഎംഡി). കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേർന്നേക്കുമെന്നാണ് വിവരം.

രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പക്ഷെ, മഴ 94 ശതമാനത്തിന് താഴെയായി കുറയും.

ഇക്കുറി രാജ്യത്തിന്റെ ചില മേഖലകളിൽ കാലവർഷം പതിവിലും കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല ശരാശരിയിലും 106% അധികം മഴ ലഭിച്ചേക്കും. കേരളത്തിലും അധികമഴ ഉറപ്പാണെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. ജൂണിൽ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇതു കേരളത്തിനുള്ള മുന്നറിയിപ്പാണെന്നു മഹാപത്ര സൂചിപ്പിച്ചു.

റുമാൽ ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. അടുത്ത 5 ദിവസത്തിനകം തെക്കു പടിഞ്ഞാറൻ കാലവർഷം പതിവുപോലെ കേരളത്തിൽ എത്തും. 31ന് കേരളത്തിൽ കാലവർഷം എത്തുമെന്ന് ഏപ്രിലിൽ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും. എൽ നിനോയുടെപ്രഭാവം കുറഞ്ഞ് ന്യൂട്രൽ സ്ഥിതിയിലേക്ക് സമുദ്രതാപനില മാറുകയാണ്. ഓഗസ്റ്റോടെ ഇത് മഴയ്ക്ക് അനുകൂലമായ ലാ നിന സാഹചര്യത്തിലേക്കു വഴിമാറും.

താപതരംഗം, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ മൂന്നു തരം കാലാവസ്ഥാ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോയ അപൂർവ മാസമായിരുന്നു മെയ്‌ എന്ന് ഐഎംഡി മേധാവി പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്ന താപതരംഗം 30ാം തീയതിയോടെ കുറയും. മേയിൽ രാജസ്ഥാനിൽ 11 ദിവസവും തമിഴ്‌നാട്ടിൽ 7 ദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടു. ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങി ഉത്തരേന്ത്യ മുഴുവൻ ഈ വർഷവും താപതരംഗത്തിന്റെ പിടിയിലായ ദിവസമായിരുന്നു.

മേയിലെ മഴ മുഴുവൻ കിട്ടിയത് കേരളത്തിനു ഗുണമായി. തമിഴ്‌നാടിനും കർണാടകത്തിനും കുറച്ചു മഴ കിട്ടി. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ അതിതീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെട്ടു. അതിലേറെ താപനില കൂടി നിന്ന രാത്രികാലങ്ങളും അനുഭവപ്പെട്ടു. അറബിക്കടലിൽ വരെ മൺസൂൺ എത്തി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റുമാൽ ചുഴലി ബംഗ്ലാദേശിലേക്ക് കടന്ന് കഴിഞ്ഞ രാത്രിയോടെ കരതൊട്ടു. കൊൽക്കത്തയിൽ ഉൾപ്പെടെ മഴ ലഭിക്കുന്നുണ്ട്. 15 ദിവസം മുൻപേ ഈ ചുഴലിയെപ്പറ്റി മുന്നറിയിപ്പു നൽകി മികവു തെളിയിക്കാൻ കാലാവസ്ഥാ വകുപ്പിനു കഴിഞ്ഞെന്ന് മഹാപത്ര പറഞ്ഞു.

ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്മർ തുടങ്ങിയ അയൽരാജ്യങ്ങളെയും വിവരം മുൻകൂട്ടി ധരിപ്പിക്കാൻ കഴിഞ്ഞു. 22 മുതലേ ചുഴലിയുടെ പാതയും മുൻകൂട്ടി പറയാനായി. ഏകദേശം പ്രവചിച്ച വഴിയിലൂടെ തന്നെയാണ് ചുഴലി കടന്നു വന്നതെന്നതും ഐഎംഡി ഉപഗ്രഹ ശൃംഖലയുടെ മികവിന്റെ തെളിവായി.