കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൊലിഞ്ഞത് 49 ജീവനുകൾ. തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്. നായരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊല്ലം പൂയപ്പള്ളി സ്വദേശി ഷെമീറിന്റെ മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവരിൽ കോട്ടയം, കാസർകോട് സ്വദേശികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.

അതേ സമയം, കുവൈറ്റിലെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വാർത്തകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജിബ് രക്ഷപെട്ടെന്ന് വിവരം ലഭിച്ചതായി പിതാവ് ജലാൽ വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ച ഷെമീറിന് ഒപ്പം കെട്ടിടത്തിൽ നിന്നും ചാടിയതാണ് നജീബ്. കുവൈറ്റ് എൻബിഡിസി ഓയിൽ കമ്പനിയിൽ 4 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നജീബ്.

തീപിടിത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്‌സാക്ഷി വ്യക്തമാക്കി. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

തീനാളങ്ങൾ കെട്ടിടത്തെ വിഴുങ്ങിയതിന്റെയും ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെയും ഭയാനകമായ കാഴ്ചയ്ക്കുറിച്ച് ദൃക്‌സാക്ഷികളിലൊരാൾ വിവരിച്ചു. "കെട്ടിടത്തെ തീവിഴുങ്ങിയതോടെ താമസക്കാർ ജീവനുവേണ്ടി പരക്കംപാഞ്ഞു. ഒരാൾ അഞ്ചാം നിലയിൽനിന്ന് എടുത്തുചാടി, ബാൽക്കണിയിലിടിച്ചു ദാരുണമായി മരിച്ചു. നിമിഷങ്ങൾക്കുള്ളിലാണു കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. കെട്ടിടത്തിനു ചുറ്റും കറുത്ത പുക ഉയർന്നു. പുലർച്ചെയായതിനാൽ താമസക്കാർ പലരും നല്ല ഉറക്കത്തിലായിരുന്നു. പുക കയറി ശ്വാസംമുട്ടിയാണ് പലരും എഴുന്നേറ്റത്." തീപിടിത്തം നേരിട്ടുകണ്ടവരിലൊരാൾ അറബ് ന്യൂസിനോട് പറഞ്ഞു. "

പുക നിറഞ്ഞതോടെ പ്രാണരക്ഷാർഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണ് പലരുടേയും ജീവൻ നഷ്ടമാകാൻ കാരണം. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങൾ കിടന്നിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപ്പിടിത്തം അതിവേഗം നിയന്ത്രിക്കാൻ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. അഗ്‌നിശമന സേനയുടെ ഇടപെടലിനെത്തുടർന്നാണ് നിരവധിപേരുടെ ജീവൻ രക്ഷിക്കാനായത്.

ബുധനാഴ്ച പുലർച്ചെ 4.30-നാണ് അഗ്‌നിശമനസേന വിവരമറിയുന്നത്. ജീവനക്കാർ തിങ്ങിപ്പാർത്തിരുന്ന കെട്ടിടമാണ് അഗ്‌നിക്കിരയായത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നതിനാൽ പുകശ്വസിച്ച് ശ്വാസംമുട്ടിയാണ് നിരവധിപേർ മരിച്ചതെന്ന് ജനറൽ ഫയർഫോഴ്സ് വൃത്തങ്ങൾ അറബ് ടൈംസിനോട് പറഞ്ഞു.

കറുത്ത പുക കെട്ടിടത്തിനുള്ളിലേക്ക് കയറിയതോടെ പലർക്കും കണ്ണ് പോലും തുറക്കാൻ പറ്റാതെ ആയി. അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ജനൽ തുറന്നിട്ടാലും ഇതേ അവസ്ഥയിലുള്ള പുകയാണ് അകത്തേക്ക് കയറിയത്. 30-40 സെക്കൻഡ് പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.

സ്ഥലത്തെത്തിയ അഗ്‌നിശമന സേന നിരവധിപേരെ ഉടൻതന്നെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. ഒന്നിലധികം ഫയർ സ്റ്റേഷനുകൾ കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ഉടൻതന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

നിലത്തേക്ക് ചാടാൻ ശ്രമിക്കുന്നതിനു പകരം കെട്ടിടത്തിന്റെ ഏറ്റവും മുകൾനിലയിലേക്ക് പോകാനാണ് അഗ്‌നിശമന സേന ആദ്യം നിർദേശിച്ചത്. നിരവധിപേർ ശ്വാസംമുട്ടി മരിക്കുന്നതടക്കം ഒഴിവാക്കാൻ ഇത്തരത്തിലുള്ള നിർദേശങ്ങൾ സഹായകമായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. കെട്ടിടത്തിന്റെ ഏറ്റവും അടിഭാഗത്തുള്ള വഴികൾ പലതും അടച്ചിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലർക്കും രക്ഷപ്പെടാൻ ഇതുമൂലം സാധിച്ചില്ല. പരിക്കേറ്റവര പുറത്തെത്തിക്കുന്നതിനടക്കം തടസം നേരിട്ടു.

ചികിത്സാ നടപടികൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ചികിത്സ ഏകോപിപ്പിക്കുന്നതിനും പൊള്ളലേറ്റവർക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയടക്കം നൽകുന്നതിനും പ്രത്യേക ടീമുകൾ രൂപവത്കരിച്ചു.

മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമില്ലാത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കനത്ത പുക ഉയർന്നതോടെ താമസക്കാർ ഉള്ളിൽ കുടുങ്ങി. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണു മരണസംഖ്യ കുറച്ചതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിനകത്തു കുടുങ്ങിയവർക്ക് അവർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകി. താമസക്കാർ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി. കെട്ടിടത്തിന്റെ ഗ്രൗണ്ട് പാസേജ് അടച്ചിരുന്നതും അപകടത്തോത് ഉയർത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

താമസക്കാരെ ഒഴിപ്പിക്കുന്നിതിനും മറ്റുരക്ഷാപ്രവർത്തനത്തിനും ഇത് തടസ്സം സൃഷ്ടിച്ചു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണു തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്‌നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.