കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ഒൻപത് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 50 ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണ്.

പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഒൻപതു മലയാളികളെ തിരിച്ചറിഞ്ഞു. എൻ.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷൻ എൻജിനിയർ തൃക്കരിപ്പൂർ എളംബച്ചി സ്വദേശി കേളു പൊന്മലേരി, കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്തിൽ ജോലി ചെയ്യുന്ന കാസർകോട് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശിയും എൻജിയറുമായ സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം മുടിയൂർക്കോണം സ്വദേശം ആകാശ് എസ് നായർ, കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയിൽ ലൂക്കോസ് (സാബു-45), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56) എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.

മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്‌ളാറ്റിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി.

സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് മന്ത്രി ഷെയ്ഖ് ഫഹ്ദ് അൽ യൂസഫ് പറഞ്ഞു. "തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതും അവർ നേരിടുന്ന അവഗണനയടക്കമുള്ള പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുക്കും." മന്ത്രി പറഞ്ഞു. ഇതുവരെ കുവൈത്ത് കണ്ട ഏറ്റവും മോശം തീപിടിത്തമാണ് ഇത്.

2009ലാണ് ഇതിനുമുൻപ് കുവൈത്തിൽ നിരവധി ആളുകൾ മരിച്ച തീപിടിത്തമുണ്ടാകുന്നത്. അതിൽ 57 പേരാണ് മരിച്ചത്. ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിൽ പ്രതിഷേധിച്ച് കുവൈത്തി വനിത നുസ്ര അൽ ഇനെസി വിവാഹ ചടങ്ങുകൾ നടക്കുന്ന ടെന്റിന് തീയിടുകയായിരുന്നു. ആളുകൾ ടെന്റിനകത്ത് ആഘോഷം നടത്തുന്നതിനിടെ നുസ്ര ടെന്റിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നുസ്രയെ 2017ൽ തൂക്കിലേറ്റിയിരുന്നു.

തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ് ഇന്നലെ പുലർച്ചെ തീ പിടിത്തമുണ്ടായത്. തൊഴിലാളികളെ പാർപ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 25 പേരെങ്കിലും മലയാളികളാണെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. കെട്ടിടത്തിന്റെ (ബ്ലോക്ക്4) താഴത്തെ നിലയിൽ നിന്നു തീ പടരുകയായിരുന്നു.