റോം: കത്തോലിക്ക സഭയിലെ മുൻ നയതന്ത്ര പ്രതിനിധിയും, പോപ്പ് ഫ്രാൻസിസിന്റെ കടുത്ത വിമർശകനുമായ ആർച്ച് ബിഷപ്പിനെ വത്തിക്കാനിൽ വിചാരണ ചെയ്യുന്നതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. 2011 മുതൽ 2016 വരെ അമേരിക്കയിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായിരുന്ന, കടുത്ത യാഥാസ്ഥിതികനായ കാർലോ മാരിയ വിഗാനോയാണ് വിചാരണ നേരിടുന്നത്. വിചാരണക്ക് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്ച സമൻസ് ലഭിച്ചതായാണ് ഈ 83 കാരൻ വെളിപ്പെടുത്തിയത്.

കത്തോലിക്ക സഭയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് തന്റെ മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം എന്ന് വിവിധ ഭാഷകളിലായി എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. മാത്രമല്ല, മാർപ്പാപ്പയുടെ പരമാധികാരത്തെ നിഷേധിച്ചു എന്നും, 1960 കളിലെ സെക്കന്റ് വത്തിക്കാൻ കൗൺസിൽ നിരാകരിച്ചു എന്നും ഉള്ള കുറ്റങ്ങൾ അദ്ദേഹത്തിന്റെ മേൽ ചാർത്തപ്പെട്ടിട്ടുണ്ട്. സഭയെ നവീകരണത്തിന്റെ പാതയിലേക്ക് കൊണ്ടു വന്ന ഒന്നായിരുന്നു 1960 കളിലെ സെക്കന്റ് വത്തിക്കാൻ കൗൺസിൽ.

നടപടികൾ ത്വരിതഗതിയിലാക്കുന്ന എക്സ്ട്രാ ജ്യുഡിഷൽ വിചാരണയാണ് ഇതെന്നും മുൻ ആർച്ച് ബിഷപ്പ് വ്യക്തമാക്കുന്നു. എന്നാൽ, ഇതൊരു ബഹുമതിയായി കണക്കാക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം മാർപ്പാപ്പക്കെതിരെ കടുത്ത വിമർശനങ്ങളും ഉയർത്തി. രേഖകളില്ലാതെ അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കുന്ന വിഷയത്തിലും, സ്വവർഗ്ഗ വിവാഹം കഴിച്ചവരെ ആശിർവദിക്കാം എന്ന വിഷയത്തിലുമൊക്കെ മാർപ്പാപ്പയുടെ നിലപാറ്റുകൾക്ക് എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച വ്യക്തിയാണ് അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പോപ്പിന്റെ അഭിപ്രായത്തോടും രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിചിരുന്നു.

മാർപ്പാപ്പയുടെ യഥാർത്ഥ പേര് പരാമർശിച്ചുകൊണ്ട്, ജോർജ് മാരിയോ ബെർഗോഗ്ലിയോ നടത്തുന്ന തട്ടിപ്പുകളെയും തെറ്റുകളെയും, മതനിന്ദയെയും താൻ അപലപിക്കുന്നു എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും ആരോപിക്കുന്നുണ്ട്. വത്തിക്കാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.കടുത്ത യാഥാസ്ഥികർ ഉൾപ്പെടുന്ന അമേരിക്കൻ സഭയിലെ ഒരു വിഭാഗം 2018 ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാർപ്പാപ്പ രാജിവയ്ക്കണം എന്ന ആവശ്യം ഉയർത്തിയിരുന്നു.