ലണ്ടൻ: കിഴക്കൻ ഏഷ്യയിൽ നിന്നും തെക്കൻ യൂറോപ്പിലേക്കുള്ള പാതയിൽ 900 കിലോമീറ്ററിന്റെ കുറവ് വരുത്തിക്കൊണ്ട് പുതിയ റെയിൽവേ റൂട്ട് നിലവിൽ വരുന്നു. ഇതോടെ ഇരു മേഖലകൾക്കും ഇടയിലെ ചരക്ക് ഗതാഗത സമയത്തിൽ ഒരാഴ്ചയുടെ കുറവ് ഉണ്ടാകും. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിലാണ് ഇപ്പോൾ ഈ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

ചൈന, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങൾ, ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാത സംബന്ധിച്ച കരാറിൽ ജൂൺ 6 ന് ഒപ്പുവച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 523 കിലോമീറ്റർ ദൂരം വരുന്ന റെയിൽ പാതയുടെ 213 കിലോ മീറ്റർ ചൈനയിലൂടെയായിരിക്കും കടന്നു പോവുക. കിർഗിസ്ഥാനിലൂടെ 260 കിലോമീറ്ററും ഉസ്ബക്കിസ്ഥാനിലൂടെ 50 കിലോ മീറ്ററും പാത കടന്നുപോകും.

ഈ പദ്ധതിയുടെ ഭാഗമായി കിർഗിസ്ഥാനിൽ 50 ൽ ഏറെ ടണലുകളും 90 ൽ ഏറെ പാലങ്ങളും നിർമ്മിക്കും. ഏതാണ്ട് 7.5 ബില്യൻ അമേരിക്കൻ ഡോളർ ഈ സ്വപ്ന പദ്ധതിക്കായി മുടക്കേണ്ടി വരും എന്നാണ് കണക്കുകൂട്ടുന്നത്. ഇത് നിലവിൽ വരുന്നതോടെ കിഴക്കൻ ഏഷ്യയിൽ നിന്നും തെക്കൻ യൂറോപ്പിലേക്കുള്ള ദൂരത്തിൽ 900 കിലോമീറ്ററിന്റെ കുറവുണ്ടാകും. ഇത് വഴി ചരക്കു ഗതാഗത സമയം ഒരാഴ്ച കുറയ്ക്കാമെന്നും കണക്കു കൂട്ടുന്നു. ഇത് ഈ മേഖലയിലെ ചരക്കു ഗതാഗതം വർദ്ധിപ്പിക്കും.

ചൈനയിലെ കാഷ്ഗറിൽ നിന്നും ആരംഭിക്കുന്ന പുതിയ പാത, കിർഗിസ്ഥാനിലെ ടൂർഗാർട്ട്, മക്മൽ, ജലാലാബാദ് എന്നിവിടങ്ങളിലൂടെ കടന്ന് ഉസ്ബക്കിസ്ഥാനിലെ ആൻഡിജാനിലെത്തി നിൽക്കും. ഭാവിയിൽ ഈ പാത പടിഞ്ഞാറൻ ഏഷ്യയിലേക്കും തെക്കെ ഏഷ്യയിലേക്കും വ്യാപിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, ഇതിനെ റഷ്യയിലേക്കുള്ള ട്രാൻസ് സൈബീരിയൻ റെയിൽവേയുമായി ബന്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു കരാർ എന്നാണ് കരാറിൽ ഒപ്പിട്ടതിന് ശേഷം ഉസ്ബക്കിസ്ഥാൻ പ്രസിഡണ്ട്, ഷാവ്കാത് മിർസിയോവ് പ്രതികരിച്ചത്. ചൈനയെ ലോകത്തിന്റെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ, തെക്കൻ ഏഷ്യയുമായും മദ്ധ്യ പൂർവ്വ ദേശങ്ങളുമായും ഇതിനെ ബന്ധിപ്പിക്കാൻ ട്രാൻസ് അഫ്ഗാൻ ഇടനാഴി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാത നിലവിൽ വരുന്നതോടെ ചരക്കു ഗതാഗതത്തിൽ പ്രതിവർഷം 15 മില്യൻ ടണ്ണിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയുടെ സ്വപ്ന പദ്ധതിയായ വൺ ബെൽറ്റ് വൺ റോഡിന്റെ ഭാഗമായിട്ടാണ് ഇത് നിർമ്മിക്കുന്നതെന്ന് കിർഗിസ്ഥാൻ പ്രസിഡണ്ട് സാദിർ ജപറോവ് പറഞ്ഞു. ബെൽറ്റ് ആൻഡ് റോഡ് മേഖലയിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഉദാഹരണമാണിത് എന്നായിരുന്നു ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് പ്രതികരിച്ചത്.