ന്യൂഡൽഹി: പൊതുപരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പും ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ദേശീയ പരീക്ഷ ഏജൻസികളും പിഴവുകളും സമിതി പരിശോധിക്കും. പരീക്ഷ നടത്തിപ്പ് രീതിയിൽ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എൻ.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിർദ്ദേശങ്ങൾ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. രണ്ടുമാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അദ്ധ്യാപകനായിരുന്ന കെ. രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി. ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ സമിതിയുടെ മെമ്പർ സെക്രട്ടറിയാണ്.

നീറ്റ്- നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കവെയാണ് സർക്കാരിന്റെ നടപടി. ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നിർദേങ്ങൾ സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയമിക്കുമെന്ന് വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിരുന്നു.

എൻടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകൾ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിർദ്ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻ ആക്ട് 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ച, വഞ്ചന തുടങ്ങിയവ തടയാൻ കടുത്ത നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരിയിൽ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തിൽ കേന്ദ്രം നടപ്പാക്കിയത്.

പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ മൂന്നു മുതൽ പത്തുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിനു പിന്നാലെയാണ് ദേശീയ തലത്തിൽ നടക്കുന്ന വിവിധ പൊതുപരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ പരിഷ്‌കരണം നിർദ്ദേശിക്കാൻ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്‌സഭയിൽ ഉത്തരം പറയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷാ ക്രമക്കേട് തടയാൻ പര്യാപ്തമായ അന്വേഷണവും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.