ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ നടപടിയുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.എ.ടി.) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങിനെ നീക്കി. പകരം ചുമതല റിട്ടയേർഡ് ഐഎഎസ് ഓഫീസർ പ്രദീപ് സിങ് കരോളയ്ക്ക് നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. പുതിയ എൻടിഎ ഡയറക്ടർ ജനറലിനെ ഉടൻ നിയമിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻ.ടി.എ.യുടെ ഡയറക്ടറൽ ജനറൽ സ്ഥാനം അധിക ചുമതലയായാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം വ്യക്തമാക്കി. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിപക്ഷവും ശക്തമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടിയെന്നോണം എൻ.ടി.എ. ഡി.ജി.യെ കേന്ദ്രം നീക്കിയിരിക്കുന്നത്.

മൂന്നാം നരേന്ദ്ര മോദി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് നീറ്റ്, നെറ്റ് പരീക്ഷകളെ ചൊല്ലിയുള്ള വിവാദം. നരേന്ദ്ര മോദിയെ പരിഹസിച്ചും ആർഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയേറുന്നതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. കഴിവില്ലാത്തവർ ആർഎസ്എസുമായുള്ള അടുപ്പം കാരണം എൻടിഎ അടക്കമുള്ള ഏജൻസികളിൽ എത്തുകയാണെന്ന് രാഹുൽ പറഞ്ഞു. മൂന്നാം മോദി സർക്കാർ നേരിടുന്ന ആദ്യ പ്രതിസന്ധിയായി ചോദ്യ പേപ്പർ ചോർച്ച മാറുമ്പോഴാണ് കോൺഗ്രസും ഇന്ത്യ സഖ്യ നേതാക്കളും നീക്കം കടുപ്പിക്കുന്നത്.

ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ബീഹാർ പൊലീസ്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പി എസ് സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ബീഹാർ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തി. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെന്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്‌ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകൾ. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്.

അതേ സമയം നീറ്റ്-യുജി 2024 പരീക്ഷാപേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരൻ രവി അത്രിയെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശിയാണ് അത്രി. ഇയാളാണ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സോൾവ്ഡ് ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നീറ്റ്-യുജി പരീക്ഷയിൽ 67 വിദ്യാർത്ഥികൾ 720 മാർക്ക് നേടിയതോടെയാണ് സംശയമുണർന്നത്. തെറ്റായ ചോദ്യവും ചില കേന്ദ്രങ്ങളിൽ പേപ്പർ വിതരണത്തിലെ കാലതാമസവും കാരണം ഗ്രേസ് മാർക്ക് നൽകിയുമാതാണ് ഇതിന് കാരണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വിശദീകരിച്ചെങ്കിലും ബിഹാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് ചോദ്യ പേപ്പർ ചോർന്ന് കിട്ടിയതായി കണ്ടെത്തി. വിദ്യാർത്ഥികളുൾപ്പെടെ അറസ്റ്റ് ചെയ്ത ബിഹാർ പൊലീസ് സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ചോദ്യം ചെയ്യലിൽ അത്രിയുമായുള്ള ബന്ധം വ്യക്തമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ രംഗത്ത് കുപ്രസിദ്ധനാണ് അത്രി. 2007-ൽ അത്രിയുടെ കുടുംബം മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോട്ടയിലേക്ക് അയച്ചു. 2012ൽ പരീക്ഷ പാസായ അദ്ദേഹം പിജിഐ റോഹ്തക്കിൽ പ്രവേശനം നേടിയെങ്കിലും നാലാം വർഷം പരീക്ഷയെഴുതിയില്ല. പരീക്ഷാ മാഫിയയുമായി സമ്പർക്കം പുലർത്തിയിരുന്നതായും മറ്റ് ഉദ്യോഗാർഥികളുടെ പ്രോക്‌സിയായി പരീക്ഷയെഴുതുകയായിരന്നുവെന്നും അധികൃതർ പറഞ്ഞു. ചോർന്ന പേപ്പറുകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചു.

നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസർക്കാർ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ടയേർഡ് ഐഎഎസ് ഓഫീസർ പ്രദീപ് സിങ് കരോളയ്ക്ക് ചുമതല നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിൽ നിയമിച്ച കേന്ദ്രം പുതിയ എൻടിഎ ഡയറക്ടർ ജനറലിനെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.