- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേല്‍ ആക്രമണത്തില്‍ ബെയ്റൂട്ടില്‍ ഇന്ന് കൊല്ലപ്പെട്ടത് സീനിയര്‍ കമാണ്ടര്‍; തലക്ക് 70 ലക്ഷം ഡോളര്‍ വിലയുള്ള ഇബ്രാഹിം അഖ്വിലിന്റെ കൊലപാതകത്തില്‍ ഞെട്ടി ഹിസ്ബുള്ള ഭീകരര്‍; യുദ്ധ ഭീതി സജീവം; സര്‍വ്വ സന്നാഹവുമായി അമേരിക്കയും
വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി
ബെയ്റൂട്ട്: ഇസ്രായേല്‍ രണ്ടും കല്‍പ്പിച്ചു തന്നെ. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്‍ക്കു പിന്നാലെ ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടി ശക്തമാക്കുകയാണ്. ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടറെയാണ് ഇസ്രായേല്‍ അവസാനമായി വകവരുത്തിയത്. ഗാസയില്‍ ഹമാസിനെതിരെ നടത്തിയതിന് സമാനമായ പോരാട്ടം ലബനിലിലും ഇസ്രയേല്‍ ലക്ഷ്യമിടുന്നുവെന്നതാണ് വിലയിരുത്തല്‍. ജീവനോടെയോ അല്ലാതെയോ പടികൂടി നല്‍കിയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച ഭീകരനെയാണ് ഇസ്രായേല്‍ ഇന്ന് കൊന്നു തള്ളിയത്. ഈ ആക്രമണം ഹിസ്ബുള്ളയേയും ഞെട്ടിച്ചിട്ടുണ്ട്.
വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി. ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രത്യാക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ഡാനിയ പ്രാന്തപ്രദേശത്ത് ഒരു കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. 1980-കളില്‍ ലബനനിലെ അമേരിക്കക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ അമേരിക്ക 7 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സീനിയര്‍ ഹിസ്ബുള്ള ടെറര്‍ സെല്‍ കമാന്‍ഡര്‍ ഇബ്രാഹിം അഖ് വിലാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫുവാദ് ഷുക്കറിന് ശേഷം സായുധ സേനയുടെ രണ്ടാമത്തെ കമാന്‍ഡറായിരുന്നു ഇയാളെന്നും സൂചനകളുണ്ട്. ഇതോടെ മധ്യപൂര്‍വദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി സര്‍വ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്. ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോര്‍വിമാനങ്ങളും ആ സൈനിക വ്യൂഹത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇസ്രയേല്‍ ലബനന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയര്‍ന്നു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യുഎസ് വര്‍ഷങ്ങളായി ഇവിടെ സൈനികശക്തി ബലപ്പെടുത്തുകയാണ്.
യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, കഴിഞ്ഞ ആഴ്ച നിരവധി തവണ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിന് ഇസ്രായേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ നിലപാട്. ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനില്‍പ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.