- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് വൃക്ഷങ്ങളെയും ആകാശത്തെയും നോക്കി ഇഞ്ചിഞ്ചായുള്ള സുഖമരണം; പേടകത്തില് കയറിയപ്പോള് മരണ സ്വിച്ചിട്ട് അമേരിക്കക്കാരി; സ്വിറ്റ്സര്ലന്ഡിലെ പുതിയ മരണ യന്ത്രമായ സാര്‍കോ പോഡ് ആദ്യ ജീവന് എടുത്തതിങ്ങനെ
ഈ യന്ത്രത്തില്‍ ആദ്യമായി മരണം വരിച്ച വനിത പടിഞ്ഞാറന്‍ അമേരിക്കയില്‍ നിന്നുള്ള വ്യക്തിയാണെന്ന് കരുതപ്പെടുന്നു
പ്രതീക്ഷിക്കാത്ത നേരത്ത് വരുന്ന രംഗബോധമില്ലാത്ത കോമാളി എന്ന വിശേഷണമെല്ലാം മരണത്തിന് നഷ്ടപ്പെടുകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ക്ഷണിച്ചു വരുത്താവുന്ന ഒരു അതിഥിയാവുകയാണ് ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് മരണം. സാര്‍കോ പോഡ് എന്ന മരണയന്ത്രത്തിനുള്ളില്‍ കയറി ബട്ടന്‍ അമര്‍ത്തി ആദ്യമായി മരണം വരിച്ചത് ഒരു വനിതയാണെന്ന് ഈ യന്ത്രത്തിന്റെ സ്രഷ്ടാവ് അവകാശപ്പെടുന്നു. ഒരു പേടകത്തിന്റെ രൂപത്തിലുള്ളതാണ് സാര്‍കോ പോഡ് എന്ന മരണയന്ത്രം. അതിനകത്തു കയറി ഭദ്രമായി അടച്ചു പൂട്ടിയതിന് ശേഷം അതിനുള്ളിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി. നൈട്രജന്‍ വാതകം അതിലേക്ക് ഒഴുകിയെത്തി, ഓക്സിജന്‍ ലഭ്യമല്ലാതാക്കി അതിവേഗം മരണത്തെ കൊണ്ടുവരും.
വടക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ മെരിസസന്‍ എന്ന പട്ടണത്തിനടുത്തുള്ള ഒരു വനമേഖലയിലാണ് ഈ മരണയന്ത്രം ഒരുക്കിയിരിക്കുന്നത്. ഈ പേടകത്തിലെ ജനല്‍ മരണമാഗ്രഹിക്കുന്നവര്‍ക്ക് ചുറ്റുമുള്ള വൃക്ഷങ്ങളും നീലാകാശവുമെല്ലാം കണ്ട് സമാധാനത്തോടെ മരിക്കാന്‍ സൗകര്യമൊരുക്കും. 64 കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് ആദ്യം മരണം പുല്‍കിയ വ്യക്തി എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു എന്നാണ് ഈ മരണയന്ത്രത്തിന്റെ സ്രഷ്ടാവായ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌ക് പറയുന്നത്. ബട്ടന്‍ അമര്‍ത്തി രണ്ടു നിമിഷങ്ങള്‍ക്കകം അവരുടെ ബോധം നശിച്ചു. അഞ്ചാം മിനിറ്റില്‍ മരണവും സംഭവിച്ചു എന്നും അദ്ദേഹത്തെ ഉദ്ദരിച്ച് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകളിലെ മാംസപേശികള്‍ ചുരുങ്ങുന്നതും ചലിക്കുന്നതും വ്യക്തമായി കാണാന്‍ കഴിഞ്ഞു. അപ്പോഴേക്കും അവര്‍ അബോധാവസ്ഥയില്‍ ആയിക്കഴിഞ്ഞിരുന്നു എന്നും ഡോക്ടര്‍ ഫിലിപ് പറയുന്നു.
ഈ യന്ത്രത്തില്‍ ആദ്യമായി മരണം വരിച്ച വനിത പടിഞ്ഞാറന്‍ അമേരിക്കയില്‍ നിന്നുള്ള വ്യക്തിയാണെന്ന് കരുതപ്പെടുന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ കടുത്ത വേദന ഉളവാക്കുന്ന ഗുരുതരമായ ഒരു മാറാരോഗത്തിന്റെ പിടിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമെങ്കിലും അവര്‍ മരിക്കാന്‍ ആഗ്രഹിക്കുകയായിരുന്നത്രെ. ഈ മരണം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വനമേഖലയില്‍ എത്തി തെരച്ചില്‍ നടത്തി. പേടകത്തിനുള്ളില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ പേടകം നിര്‍മ്മിക്കുന്നതിന് പുറകിലെ ചാലകശക്തിയായ ദി ലാസ്റ്റ് റിസോര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍, രണ്ട് അഭിഭാഷകര്‍, സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണയന്ത്രം ഈ പ്രദേശത്ത് ഉപയോഗിക്കരുതെന്ന് അതിന്റെ സ്രഷ്ടാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ ആ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.
അതേസമയം, മരണമടഞ്ഞ വനിത, മരിക്കുന്നതിനുള്ള പൂര്‍ണ്ണ സമ്മതം വാക്കാല്‍ നല്‍കിയിരുന്നതായി ഈ സംഭവം ചിത്രീകരിച്ച ഡച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ9ക്കാര്യം ഇവരുടെ രണ്ട് മക്കള്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുമുണ്ടത്രെ! എന്നാല്‍, സംഭവം നടക്കുമ്പോള്‍ മക്കള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ടായിരുന്നില്ല.