ഒരു അരമണിക്കുര്‍ പവര്‍ കട്ട് വന്നാല്‍ നമുക്ക് താങ്ങാനാവില്ല. അപ്പോള്‍ തുടര്‍ച്ചയായ രണ്ടുദിവസം സമ്പുര്‍ണ്ണമായി വൈദ്യുതി ഇല്ലാതായാലുള്ള അവസ്ഥയെന്താവും? കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ സ്വര്‍ഗരാജ്യമായി കാണുന്ന ക്യൂബ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. ഇപ്പോള്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി വൈദ്യൂതിയില്ലാതെ ക്യുബന്‍ നഗരങ്ങള്‍ പ്രത നഗരങ്ങളായതിന്റെ വാര്‍ത്തയാണ് സിഎന്‍എനും, ഗാര്‍ഡിയനും അടക്കമുള്ള ലോകമാധ്യമങ്ങള്‍ ിപ്പോര്‍ട്ട് ചെയ്യുന്നത്.

തകരാറിലായ വൈദ്യുത നിലയത്തില്‍ നിന്ന് ഉത്പാദനം പുനസ്ഥാപിക്കാന്‍ സാധിക്കാതായതോടെ രാജ്യം ഇരുട്ടില്‍ലായത്. ക്യൂബയിലെ ഏറ്റവും വലിയ ഊര്‍ജോത്പാദന കേന്ദ്രമായ അന്റോണിയോ ഗ്വിറ്റെരാസ് താപവൈദ്യുതി നിലയമാാണ് വെള്ളിയാഴ്ച ഉച്ചയോടെയാണു നിലച്ചത്. വൈദ്യുതിഗ്രിഡുകളുടെ പ്രവര്‍ത്തനം നിലച്ചതിലൂടെ രാജ്യത്തെ ഒരു കോടി ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.




പ്രശ്നം പഴഞ്ചന്‍ സിസ്റ്റം

വൈദ്യുതി ഉത്പാദനം എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ക്യൂബന്‍ സര്‍ക്കാരിനു വലിയ ധാരണയില്ല. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുതിയില്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നിശാ ക്ലബ്ബുകള്‍ പോലുള്ള അത്യവശ്യമല്ലാത്തതൊന്നും, തുറക്കേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി വൈദ്യുതിമുടക്കത്തിനു കാരണമെന്തെന്ന് വ്യക്തല്ല. കഴിഞ്ഞ ഏതാനും ആഴ്ചയായി ക്യൂബയില്‍ പലഭാഗത്തും 10-20 മണിക്കൂര്‍ വൈദ്യുതി നിലയ്ക്കുന്നുണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസംപ്രധാനമന്ത്രി മാനുവല്‍ മരേരോ രാജ്യത്ത് ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

പുറമെ എല്ലാഭദ്രമാണെന്ന് പറയുമ്പോഴും, കോവിഡ് കാലത്തിനുശേഷം ഇങ്ങോട്ട് ക്യൂബയുടെ സാമ്പത്തിക അടിവേരിളകിയിരിക്കയാണ്. എവിടെയും അപ്ഡേഷന്‍ ഇല്ലാത്ത അടഞ്ഞ കമ്യൂണിസ്റ്റ് രീതികളാണ് വൈദ്യതി മേഖലയിലും പ്രതിസന്ധിയുണ്ടാവുന്നത്. പഴഞ്ചന്‍ സംവിധാനവും, വൈദ്യുതിയുടെ ആവശ്യക്കൂടുതലുമാണ് പ്രശ്നത്തിനുകാരണമെന്നാണ് മാധ്യമങ്ങങളുടെ വിലയിരുത്തല്‍.

കാലഹരണപ്പെട്ട ക്യൂബന്‍ ഇലക്ട്രിക്കല്‍ ഗ്രിഡ് തുടര്‍ച്ചയായി തകരുന്നതാണ് ദശക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കുന്നത്.ക്യൂബന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ഉപരോധം മുതല്‍ സമീപകാല ചുഴലിക്കാറ്റുകള്‍ മൂലമുണ്ടായ തടസ്സങ്ങളും ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ദരിദ്രാവസ്ഥയും വരെയുള്ള സംഭവങ്ങളാണ് കാരണമായി റപറയുന്നത്.

ക്യൂബനന്‍ തലസ്ഥനമായ ഹവാനയില്‍, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതും റോഡ് വിജനമാണ്. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ജനറേറ്ററുകള്‍ ഭൂരിഭാഗം ക്യൂബക്കാര്‍ക്കും ഒരു ആഡംബരവസ്തുവാണ്.ആശുപത്രികള്‍ ജനറേറ്റര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യതി ഇല്ലാത്തതിനാല്‍ ഭക്ഷണം കേടായതിന്റെയടക്കം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ക്യൂബയിലെ വൈദ്യുതി മേഖലയില്‍ കാര്യമായ പശ്ചാത്തലവികസനം നടന്നിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും വൈദ്യുതി ഉത്പാദനം പുനസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ രാജ്യത്തോട് പറഞ്ഞു.





സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ക്യൂബയപ്പോലെ കേരളത്തിന്റെ ഇടതുഭാവനയില്‍ ഇത്രത്തോളം വേരുകളാഴ്ത്തിയ മറ്റൊരു രാജ്യം ഉണ്ടാവില്ല. മതങ്ങള്‍ക്ക് സ്വര്‍ഗ്ഗമെന്നപോലൊരു മിത്തിലേക്ക് മാറ്റിപ്പണിയപ്പെടുകയായിരുന്നു ഇവിടെ കരീബിയിലെ ഈ കൊച്ചു ദ്വീപ്. മുതലാളിത്തത്തിന്റെയും വിപണിയുടെയും ചൂഷണങ്ങളില്‍ നിന്ന് സ്വതന്ത്രമായ, അസമത്വങ്ങളുടെ നിഴല്‍ പരക്കാത്ത രാജ്യം. അമേരിക്കയെന്ന വലിയ കാട്ടാളന്റെ ചൊല്‍പ്പടിക്ക് വഴങ്ങാതെ, പൊരുതി അതിജീവിക്കുന്ന കൊച്ചു കമ്യുണിസ്റ്റ് രാജ്യം.ക്യൂബക്ക് വേണ്ടി കഥയും കവിതയും ഇവിടെ രചിക്കപ്പെട്ടു. ക്യൂബാ മുകന്ദന്‍മ്മാര്‍, അറബിക്കഥ സിനിമയിലെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമായിരുന്നില്ല. അവര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ ആ കമ്യൂണിസ്റ്റ് സ്വര്‍ഗരാജ്യത്തിന്റെ അവസ്ഥ ദയനീയമാണെന്നാണ് പുറത്തവരുന്ന വിവരങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ പട്ടിണി രാജ്യമായിരിക്കയാണ് ഈ നാട്. വൈദ്യുതി പ്രതസിന്ധിയും അതിന്റെ തുടര്‍ച്ചമാത്രമാണ്. കടുത്ത ഇന്ധന പ്രതിസന്ധിയിലുടെയാണ് ഇപ്പോഴും ക്യൂബ കടന്നുപോവുന്നത്. കടകളില്‍ സാധനങ്ങള്‍ക്കും ക്ഷാമുമുണ്ട്. കമ്യൂണിസ്റ്റ് ഭരണകുടത്തിന് എതിരെയും യുവാക്കളുടെ പ്രതിഷേധം രൂപപ്പെടുന്നുണ്ട്.

ക്യൂബന്‍ ജനതയിലെ വലിയൊരു വിഭാഗവും അമേരിക്കയിലേക്ക് കുടിയേറുകയാണ്. ദിനം പ്രതി മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ധാരാളം ക്യൂബന്‍ ജനങ്ങള്‍ അമേരിക്കന്‍ സേനയാല്‍ പിടികൂടപ്പെടുന്നുണ്ട്. പലരും വെടിയേറ്റ് മരിക്കുന്നു. എന്നിട്ടു ജനം യുഎസിലേക്ക് ഒഴുകുകയാണ്. കാരണം പാതിരാവോളം പണിയെടുത്താലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ക്യൂബയില്‍. ഒരു ഡോക്ടര്‍ക്കുപോലും, നമ്മുടെ നാട്ടിലെ പ്യുണിന്റെ ശമ്പളമില്ല. ഇങ്ങനെ എല്ലാവര്‍ക്കും തുല്യമായി ശമ്പളം കൊടുക്കുന്താണ് സമത്വം എന്ന തെറ്റിദ്ധാരണയിലാണ് ഈ അടുത്തകാലവരെ ക്യുബന്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. സമ്പത്തിന്റെ തുല്യമായ വിതരണമല്ല, ദാരിദ്ര്യത്തിന്റെ വിതരണമാണ് അവിടെ നടക്കുന്നത്. ക്യൂബയുടെ ജനസംഖ്യയില്‍ 2 ശതമാനം ഒരു വര്‍ഷത്തില്‍ ഇങ്ങനെ പലായനം ചെയ്യുന്നുവെന്നാണ് കണക്ക്.

കമാന്‍ഡ് ഇക്കോണമി എന്ന സര്‍ക്കാര്‍ നിയന്ത്രിത സാമ്പത്തിക ക്രമമാണ് അടുത്തകാലംവരെ ക്യൂബ പിന്തുടര്‍ന്നിരുന്നത്. ഇതാണ് രാജ്യത്തെ പിറകോട്ട് അടുപ്പിച്ചത്. സോഷ്യലിസത്തിന് പകരം ക്യാപിറ്റലിസത്തിന്റെ പാതയിലേക്ക് രാജ്യം സാമ്പത്തിക നയം മാറ്റിയത് ഈയിടെ മാത്രമാണ്.




കോവിഡ് കാലത്തു രണ്ടു രീതിയിലാണ് ക്യൂബയുടെ സാമ്പത്തിക ക്രമം ഉലഞ്ഞത്. 2021ല്‍ ക്യൂബയില്‍ കമ്യുണിസ്റ്റ് സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച് ജനം തെരുവില്‍ ഇറങ്ങിയപ്പോള്‍ ലോകം ഞെട്ടി. ഇതോടെ സാമ്പത്തിക നയങ്ങള്‍ അടക്കം മാറ്റിപ്പടിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തു. 2021ലാണ് ക്യൂബ, കമ്യണിസ്റ്റുകള്‍ മുതലാളിത്തം എന്ന് വിളിച്ച് പരിഹസിക്കുന്ന ക്യാപിറ്റലിസത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനും വിപണി തുറക്കാനും തീരുമാനിച്ചത്.

എല്ലാം സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്ന ക്യൂബയില്‍ സ്വകാര്യവില്‍പനയ്ക്ക് അനുമതി നല്‍കി. സ്വന്തമായി കട തുറക്കാനും ഇഷ്ടമുള്ള വിലയ്ക്കു വില്‍ക്കാനും ആദ്യമായി ജനത്തിന് അനുമതി ലഭിച്ചു! അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ വന്‍തോതില്‍ സ്വകാര്യവത്കരണ നടപടികള്‍ പ്രഖ്യാപിച്ച് ക്യൂബ പ്രഖ്യാപിച്ചു. സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വകാര്യ ബിസിനസുകള്‍ക്കായി തുറക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചു.

ക്യൂബന്‍ കറന്‍സിയായ പെസോയുടെ മൂല്യത്തകര്‍ച്ചയ്ക്ക്് ഇടയാക്കുന്ന ഇരട്ട കറന്‍സി സമ്പ്രദായം റദ്ദാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില കമ്പനികള്‍ക്കുള്ള സബ്‌സിഡി അവസാനിപ്പിച്ചു. രണ്ടായിരത്തിലധികം തൊഴില്‍മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. നിലവില്‍ 127 തൊഴിലുകളില്‍ മാത്രമാണു സ്വകാര്യ പങ്കാളിത്തമുള്ളത്. ഇനി 124 തൊഴില്‍ മേഖലകള്‍ മാത്രമേ ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാരിന്റെ അധീനതയില്‍ നിലനിര്‍ത്തിയുള്ളൂ. അതായത് പൊതുമേഖല എന്ന വെള്ളാനയെ ക്യൂബയും ഒടുവില്‍ തള്ളിപ്പറഞ്ഞുവെന്ന് ചുരുക്കം.

ക്യൂബയുടെ സാമ്പത്തിക ക്രമം തന്നെ ചിട്ടപ്പെടുത്തിയിരുന്നത് സബ്‌സിഡികളാണ്. വളത്തിനും വിളവിനും ഒരുപോലെ സബ്‌സിഡി നല്‍കിയിരുന്നു. നിരവധി വ്യാവസായിക ഉല്‍പന്നങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കി. ഖജനാവ് കാലിയായതോടെ അതെല്ലാം പിന്‍വലിച്ചു. പക്ഷേ വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോഴും ഭരണകൂടത്തിന് പേടിയാണ്. അതിന്റെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്ന് ചുരുക്കം.