- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''വാര്‍ത്ത പുറത്തെത്താതിരിക്കാന്‍ പൊലീസ് നന്നായി സഹകരിച്ചു; എല്ലാ ചാനലുകാരും സഹകരിച്ചു; നമ്മുടെ സഹോദരനാണ്, എല്ലാവരും പ്രാര്‍ത്ഥിക്കണം''; പോക്‌സോ കേസില്‍ അറസ്റ്റിലായ നടനും ജമാഅത്തെ സാഹിത്യ സംഘടനാ നേതാവുമായ നാസര്‍ കറുത്തേനിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്
നാസര്‍ കറുത്തേനിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്
കോഴിക്കോട്: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍, സിനിമ- സീരിയല്‍ നടനും, അധ്യാപകനും, ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യ സംഘടനാ നേതാവുമായ വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ എന്ന നാസര്‍ കറുത്തേനി (55) അറസ്റ്റിലാവുന്നത് കഴിഞ്ഞ ആഴ്ചയാണ്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ നാസര്‍ കറുത്തേനിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നു.
എല്‍പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വണ്ടൂര്‍ കാളികാവ് റോഡില്‍ അധ്യാപകന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചയാളാണ് നാസര്‍ കറുത്തേനി. നിരവധി സിനിമകളിലും സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ സാംസ്‌ക്കാരിക മുഖം കൂടിയാണ് ഈ അധ്യാപകന്‍. മൂന്‍ ജമാഅത്തെ ഇസ്ലാമിക്കാരായ മുഹ്‌സിന്‍ പരാരിയും സക്കറിയയും ചേര്‍ന്ന് സിനിമ ലോകത്തെത്തിച്ച ഇദ്ദേഹം, സംഘടനയുടെ സാംസ്‌ക്കാരിക വേദികളിലെ നിത്യ സാന്നിധ്യമായിരുന്നു.
'നമ്മുടെ സഹോദരനാണ്, പ്രാര്‍ത്ഥിക്കണം'
എന്നാല്‍ ഈ കേസിന് ജനശ്രദ്ധകിട്ടാതെ ഒതുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കിലും വാട്്സാപ്പിലുമായി വൈറല്‍ ആവുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഗ്രൂപ്പില്‍നിന്ന് ലീക്കായതെന്ന് കരുതുന്ന ഓഡിയോയാണ് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശബ്ദ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്-''വാര്‍ത്ത പുറത്തെത്താതിരിക്കാന്‍ പൊലീസ് നന്നായി സഹകരിച്ചു. എല്ലാ മീഡിയകളും ചാനലുകാരും നമ്മളോട് സഹകരിച്ചു. പക്ഷെ മരക്കലെകുന്നുമ്മലിലെ, ഈസ്റ്റ് ലൈവ് ചാനല്‍ നടത്തുന്ന അയൂബ് ഉണ്ടല്ലോ, ആ ഡിവൈഎഫ്ഐക്കാരന്‍. അവന്‍ വാര്‍ത്ത പുറത്തെത്തിക്കുമെന്ന് വാശി പിടിച്ചു. ഒരാളുടെതായിട്ട് കൊടുക്കാതിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. എത്ര പൈസ കൊടുക്കാമെന്ന് പറഞ്ഞിട്ടും, പല വാഗ്ദാനങ്ങള്‍ കൊടുത്തിട്ടും,
പലരെ കൊണ്ട് വിളിപ്പിച്ചിട്ടും അവന്‍ സമ്മതിച്ചില്ല. അവനാണ് ഇത് ഭയങ്കര റിപ്പോര്‍ട്ടായി, സിനിമയുടെ പേരുമൊക്കെ പറഞ്ഞത് പുറത്തു വിട്ടത്.''- ഇങ്ങനെയാണ് ഓഡിയോ പറയുന്നത്.
തുടര്‍ന്ന് കേസിന്റെ റിമാന്‍ഡ് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഓഡിയോ ഇങ്ങനെ അവസാനിക്കുന്നു- ''നമ്മുടെ സഹോദരനാണ്, മാഷുമായി പരിചയപ്പെട്ടവര്‍ക്കും ഇടപഴകിയവര്‍ക്കുമെല്ലാം, അറിയാം മാഷുടെ സ്വഭാവം എന്താണെന്നത്. മാഷ് ഇത്തരം കാര്യങ്ങള്‍ ചെയ്യുമോ എന്നൊക്കെ. എന്തായാലും ജാമ്യം കിട്ടില്ല. റിമാന്‍ഡ് ഉറപ്പാണ്. റിമാന്‍ഡ് കാലാവധി അധികം നീട്ടാതെ ജാമ്യം കിട്ടാനും, അതിനുശേഷം കൊംമ്പ്രമൈസ് ആയി മാഷ്, നിരപാരിധിത്വം തെളിയിച്ച്, ഈ സമുഹത്തില്‍ നമ്മോടൊപ്പം ജീവിക്കാനും എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നാണ്, വസീയത്ത് ചെയ്യാനുള്ളത്''- ഇങ്ങനെയാണ് ഓഡിയോ അവസാനിക്കുന്നത്.
ഇവിടെ കേസ് അട്ടിമറിക്കുന്നതിനുള്ള സാധ്യതകളും ഓഡിയോവില്‍ കാണാം. കേസ്, കൊംമ്പ്രമൈസ് ആയി മാഷ് തിരിച്ചുവരുമെന്ന് പറയുന്നത് കൃത്യമായി പണം കൊടുത്ത് കുട്ടിയുടെ രക്ഷിതാക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അടുത്ത വര്‍ഷം റിട്ടയര്‍ ആവുന്ന ഈ അധ്യാപകന്‍ അയാളുടെ സര്‍വീസ് കാലയളവില്‍ എത്ര കുഞ്ഞുങ്ങളെ ഉപദ്രവിച്ചു കാണും, അതില്‍ എത്രയെണ്ണം ഇങ്ങനെ ഒതുക്കിയിട്ടുണ്ടാവും എന്നാണ് ഇത് ഷെയര്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയാ ആക്്റ്റീവിസ്റ്റുകള്‍ ചോദിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സാംസ്‌ക്കാരിക വേദികളിലെ നിത്യ സാന്നിധ്യമായ ഇയാളെ കുറിച്ചുള്ള വാര്‍ത്ത എത്ര മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തുവെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.