സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമേതാണ് എന്ന് ചോദിച്ചാല്‍, അതിന് ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കിയ ഉത്തരം ആ്രഫിക്കയിലെ നൈജീരിയ എന്നാണ്. രാജ്യത്തെ 70 ശതമാനത്തിനുമുകളിലുള്ള പെണ്‍കുട്ടികള്‍ 18 വയസ്സ് ആകുന്നതിന് മുമ്പ്, വിവാഹിതരാവുന്നുണ്ട്. ഇതുമുലമുള്ള ആരോഗ്യ പ്രശ്നങ്ങളും, മാതൃ-ശിശുമരണ നിരക്കിലെ വര്‍ധനവുമൊക്കെ നേരത്തെ പലതവണ വാര്‍ത്തയായിട്ടുണ്ട്. പക്ഷേ ഇത്തവണ അതിലും വിചിത്രമായ ഒരു വാര്‍ത്തയിലേക്കാണ് ബിബിസിയുടെ ഇന്‍വസ്റ്റിഗേറ്റീവ് ടീം നീങ്ങിയത്. അത് ഇത്രയും ജനസാന്ദ്രതയുള്ള രാജ്യത്ത് നടക്കുന്ന പ്രസവത്തട്ടിപ്പിനെ കുറിച്ചാണ്!

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ള രാജ്യമാണ് നൈജീരിയ. സ്‌കൂളില്‍പോവുന്ന പ്രായത്തില്‍ പോലും അമ്മമാര്‍ ഇവിടെ ധാരാളം. 20 വയസ്സിനുള്ളില്‍ രണ്ടും മൂന്നും പ്രസവിച്ചവരുണ്ട്. അങ്ങനെ വരുമ്പോഴുള്ള മറ്റൊരു സാമുഹിക പ്രശ്നത്തിലേക്കാണ് ബിബിസി അന്വേഷണസംഘം വിരല്‍ ചൂണ്ടിയത്. കുട്ടികള്‍ ഉണ്ടാവുക എന്നത് സ്ത്രീകളുടെ അഭിമാനത്തിന്റെ പ്രശ്നമായി. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ പലരും മച്ചിയെന്ന കുത്തുവാക്കുകളും, പരിഹാസങ്ങളും ഏറ്റുവാങ്ങി. ആര്‍ക്കാണ് തകരാറെന്ന് പോലും നോക്കാതെ എല്ലാത്തിനും കുറ്റക്കാരിയായി വിധിക്കപ്പടുന്നത് സ്ത്രീകളാണ്.

അതോടെ നൈജീരിയയില്‍ മുട്ടിന് മുട്ടിന് വന്ധ്യതാ ക്ലിനിക്കുകള്‍ നിവാരണ ക്ലിനിക്കുകള്‍ ഉയര്‍ന്നുവന്നു. ഇവിടെയാണ് മാജിക്കല്‍ പ്രഗ്ന്‍സന്‍സി എന്ന് ബിബിസി കണ്ടെത്തിയ പരിപാടി നടക്കുന്നത്. അതായത് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ പോലും ഈ ക്ലിനിക്കില്‍ നിന്ന് 'ചികിത്സയെടുത്താല്‍' യുവതി ഗര്‍ഭിണിയാവും. കുട്ടിയും ഉണ്ടാവും!

അദ്ഭുത ഗര്‍ഭധാരണത്തിന് പിന്നില്‍

ഇതേക്കുറിച്ച് ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ കഥയാണ്. മാസങ്ങള്‍ കഷ്ടപ്പെട്ട്, ഹിഡന്‍ ക്യാമറയൊക്കെ ഉപയോഗിച്ചാണ് ബിബിസി ഇക്കാര്യം ചിത്രീകരിച്ച്. ഇതുസംബന്ധിച്ച ചില പരാതികള്‍ കിട്ടിയതിനെ തുടര്‍ന്ന്, ബി.ബി.സി സംഘം ആദ്യമെത്തിയത് ഡോ.റൂത്ത് എന്ന സ്ത്രീ നടത്തുന്ന ക്ലിനിക്കിലാണ്. ഏത് സ്ത്രീയും ഇവിടെ ചികിത്സയെടുത്താല്‍ ഗര്‍ഭിണിയാവും എന്ന് നാട്ടുകാര്‍ പറഞ്ഞുകേട്ടത് അനുസരിച്ചാണ് ബിബിസി ടീം ഇവിടെ എത്തിയത്.




ബിബിസി റിപ്പോര്‍ട്ടര്‍മാര്‍, കുട്ടികളില്ലാത്ത ദമ്പതികളെന്ന വ്യാജേനയാണ് ഡോ റൂത്തിന്റെ അടുത്തുപോയത്. വിചിത്രമായിരുന്നു അവരുടെ ചികിത്സ. ആദ്യ അപ്പോയിന്‍മെന്റിന് തന്നെ ഫീസ് മാത്രം ഇന്ത്യന്‍ മണിയിലേക്ക് മാറ്റിയാല്‍ 17,000 രൂപവരും. ഒരു ഇന്‍ജക്ഷന്‍, കുടിക്കാനുള്ള മരുന്ന്, യോനിയില്‍വെക്കാന്‍ ഒരു മറ്റൊരു ഗുളിക ഇത്രയുമാണ് ആദ്യം നല്‍കുന്നത്. ഇതിന് ശേഷം ഡോക്ടര്‍ പറയുന്ന ഒരു ദിവസം ഗര്‍ഭിണിയാണോ എന്നുറപ്പിക്കാന്‍ എത്തുകയും വേണം. ഇങ്ങനെ മരുന്ന് എടുത്ത പലരും പെട്ടന്ന് തന്നെ തടിക്കാന്‍ തുടങ്ങി. വയര്‍ വീര്‍ത്തുവരാനും തുടങ്ങി. ഇത് ഗര്‍ഭത്തിന്റെ ലക്ഷണമാണെന്ന് കരുതിയാണ് അവര്‍ വീണ്ടും ക്ലിനിക്കിലെത്തുക. അപ്പോള്‍ പരിശോധിച്ച് നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് സസന്തോഷം ഡോക്ടര്‍ അറിയക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ ആയതിനാല്‍ അവര്‍ ഇതൊന്നും ക്രോസ് ചെക്ക് ചെയ്യാനും മുതിരില്ല.

ചിലര്‍ക്ക് ആദ്യത്തെ മരുന്ന് യോനിയില്‍ വെച്ചതിനുശേഷവും വയര്‍ തടിക്കില്ല. അത്തരക്കാര്‍ക്ക് ആവര്‍ത്തിച്ചുള്ള 'ചികിത്സ' നല്‍കേണ്ടിവരും. ചിലരുടെ ഗര്‍ഭകാലം 15 മാസം വരെ നീണ്ടു! എന്നിട്ടും ആരും പരാതി പറഞ്ഞില്ല. സുത്രത്തില്‍ ക്ലിനിക്കില്‍ കയറിക്കൂടിയ ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ ഇത്തരക്കാരുടെ അനുഭവങ്ങള്‍ ക്യാമറയിലാക്കി. ടപ്രഗ്നന്‍സി' സ്ഥിരീകരിച്ചാല്‍ അടുത്ത ഘട്ടത്തിലേക്ക് കൂടുതല്‍ ഫീസ് വേണം. കൂടുതല്‍ മരുന്നും വേണം. ഇതിനിടെയുള്ള കാലയളവില്‍ ഒരു തരത്തിലുമുള്ള പരിശോധനകള്‍ക്കോ, സ്‌കാനിങ്ങിനോ പോവരുതെന്ന കര്‍ശന നിര്‍ദേശവുണ്ട്. ഏറ്റവും വിചിത്രം തന്റെ മരുന്ന് വെച്ചതിന്ശേഷം നിങ്ങള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് ഡോക്ടര്‍ പറയാറില്ല എന്നതാണ്. മരുന്നുവെച്ചതിന്റെ പിറ്റേന്ന് ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീയും ഇങ്ങനെ 'ഗര്‍ഭിണിയായി'. ഇത്തരത്തിലുള്ള രസകരമായ വിവരങ്ങളാണ് ബിബിസി റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടത്.

ഒടുവില്‍ ശിശു പിറക്കുന്നു

ഗര്‍ഭം ആയി മാസങ്ങള്‍ കഴിഞ്ഞാല്‍ ഡോക്ടര്‍ ഒരു തീയതി പറയും. അന്ന് ഇഞ്ചക്ഷനും മരുന്നും നല്‍കും. അതോടെ സ്ത്രീകള്‍ മയക്കത്തിലാവും. അവര്‍ ബോധത്തിലേക്ക് എത്തുമ്പോള്‍ കാണുക അരികില്‍ ഒരു നവജാത ശിശുവിനെയാണ്. സ്ത്രീകളുടെ വയറ്റില്‍ ഓപ്പറേഷന്‍ കഴിഞ്ഞതിന്റെ ഒരു മാര്‍ക്കും വിശ്വസിപ്പിക്കാന്‍ ഇട്ടുകൊടുക്കും! എല്ലാക്കാലവും എല്ലാവരെയും കബളിപ്പിക്കാന്‍ കഴിയില്ലല്ലോ. പലര്‍ക്കും ഇത് തട്ടിപ്പാണെന്ന് അറിയാം. പക്ഷേ കുട്ടികള്‍ ഇല്ലാത്തത്തിന്റെ അപമാനം സഹിക്കാന്‍ കഴിയാതെ സ്ത്രീകള്‍ ഈ തട്ടിപ്പിന് നിന്നുകൊടുക്കയാണ്. പലപ്പോഴും പുരുഷന്‍മാരെ വിശ്വസിപ്പിക്കുന്നതിനായി, സിസേറിയന്‍ കഴിഞ്ഞതുപോലെ അഭിനയിക്കേണ്ടത് സ്ത്രീകളുടെ ബാധ്യത കൂടിയായി!

ബിബിസിയുടെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. ഈ കുട്ടികള്‍ മനുഷ്യക്കടത്തിലുടെയാണ് വരുന്നത്. ദാരിദ്ര്യം രൂക്ഷമായ നൈജീരിയയില്‍ കുട്ടികളെ വില്‍ക്കുന്നവര്‍ ഏറെയുണ്ട്. ഇവരില്‍നിന്ന് ഇടനിലക്കാന്‍ മുഖേനെയാണ് നവജാത ശിശുക്കളെ വാങ്ങുന്നത്്. ഇതിനുള്ള പണം ഇവര്‍ 'ഗര്‍ഭിണികളുടെ' ഭര്‍ത്താവില്‍നിന്ന് ഈടാക്കും. അവരില്‍നിന്ന് വലിയ തുക വാങ്ങുമ്പോള്‍, നവജാത ശിശുവിന്റെ മാതാപിതാക്കള്‍ക്ക് വെറും നക്കാപ്പിച്ചയാണ് കിട്ടുക. പക്ഷേ ഈ ദാരിദ്ര്യത്തില്‍നിന്ന് തന്റെ കുഞ്ഞ് രക്ഷപ്പെട്ടല്ലോ എന്ന് കരുതി കുട്ടികളെ വില്‍ക്കുന്നവരും അത് സഹിക്കുന്നു. ദാരിദ്ര്യം മൂലം കുട്ടികളെ സൗജന്യമായി കൊടുക്കുന്നവരും ഉണ്ടെന്നാണ് ബിബിസിയുടെ കണ്ടെത്തല്‍.

നൈജീരിയിലെ ചുവന്ന തെരുവുകളില്‍നിന്നും ധാരാളമായി നവജാതശിശുക്കളെ ലഭിക്കുന്നുണ്ട്്. ഇതിനും പ്രത്യേക ഏജന്റുമാര്‍ ഉണ്ട്. സാമ്പത്തിക പ്രതിസദ്ധിയില്‍ നട്ടം തിരിയുന്ന നൈജീരിയയില്‍ ധാരാളം സ്ത്രീകള്‍, വേശ്യാവൃത്തിയിലേക്ക് തിരിയുന്നുണ്ട്. നൈജീരിയയില്‍ മാത്രമല്ല വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ക്കും ഡോക്ടര്‍ മരുന്ന് നല്‍കിയെങ്കിലും അവര്‍ അത് ഉപയോഗിച്ചിരുന്നില്ല. പക്ഷേ പറഞ്ഞ സമയത്ത് പരിശോധിച്ചപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഡോക്ടര്‍ കൂടുതല്‍ പണമടക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണത്തിന് സാവകാശം ചോദിച്ച് അവര്‍ രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പ് പുറത്തുവിട്ട ബിബിസി റിപ്പോര്‍ട്ട് വന്‍ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കയാണ്.