ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസം കഴിഞ്ഞ ശേഷം ഭൂമിയിലെത്തിയ, സുനിതാ വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും വിശേഷങ്ങള്‍ ലോകം ആഘോഷിക്കുമ്പോള്‍, കേരളത്തിലെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ക്ക് കമ്പം മതപ്പണിക്ക് തന്നെ. തങ്ങളുടെ മതത്തിന് ശക്തിപ്പെടുന്നതുന്ന രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അതില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് സുനിത ഗീത വായിക്കുന്ന, ഗണപതിവിഗ്രഹം സാധാ കൊണ്ടുനടക്കുന്ന വ്യക്തിയാണെന്നാണ്. ഇത് ഹിന്ദു ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുമ്പോള്‍, ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ സുനിതയുടെ ബൈബിള്‍ ആഭിമുഖ്യമാണ് ചര്‍ച്ചയാക്കുന്നത്. എന്നാല്‍ ചില ഇസ്ലാമിക ഗ്രൂപ്പുകളാവട്ടെ സുനിത ഇസ്ലാം സ്വകീരിച്ചുവെന്ന പഴയ വ്യാജവാര്‍ത്തയാണ് കുത്തിപ്പൊക്കുന്നത്.

എല്ലാം വ്യാജവാര്‍ത്തകള്‍

സുനിത വില്യംസ് ഇസ്ലാം സ്വീകരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വന്ന വ്യാജപ്രചാരണമാണ്. നാലുവര്‍ഷം മുമ്പ് ബംഗാളി ഭാഷയിലുള്ള മക്ക മദീന എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രചരിച്ച വിഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. അത് വീണ്ടും പ്രചരിപ്പിക്കയാണ് ചിലര്‍. ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും, ടെലിസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് സുനിത വില്യംസ് മതം മാറിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നും സുനിത വില്യംസ് മതം മാറിയിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഫാക്റ്റ് ചെക്കില്‍ തെളിഞ്ഞിരുന്നു.

മുമ്പും സുനിത വില്യംസിനെക്കുറിച്ച് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആണെന്നും ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും കഥകള്‍ കേട്ടാണ് വളര്‍ന്നതെന്നും ദൈവവിശ്വാസിയാണെന്നും സുനിത അന്ന് പറഞ്ഞിരുന്നു. പക്ഷേ എന്തും മതവും വിശ്വാസവും നോക്കിചെയ്യുന്ന ഒരു കടുത്ത മതവിശ്വാസിയല്ല് അവര്‍. ക്രിസ്ത്യന്‍ വിശ്വാസമുള്ള സുനിത ബൈബിള്‍ വായിക്കാറുണ്ട്. പള്ളിയിലും പോകാറുണ്ട്. എന്നുവെച്ച് റിജിഡായ ഒരു മതജീവിയല്ല. മതം, വിശ്വസം എന്നിവയൊക്കെ ഒരാളുടെ സ്വകാര്യതയാണെന്നാണ് സ്‌കെ ന്യൂസിന് കൊടുത്ത ഒരു അഭിമുഖത്തില്‍ സുനിത പറഞ്ഞത്.

തന്റെ അമ്മയുമായുള്ള ബന്ധത്തിലുടെയാണ് അവര്‍ ഇന്ത്യന്‍ താല്‍പ്പര്യം വരുന്നത്. ഇത് ഒരു കള്‍ച്ചറല്‍ ഫെയ്ത്ത് എന്ന നിലയിലാണ്. അല്ലാതെ കടുത്ത വിശ്വാസി എന്ന നിലക്കല്ല. പക്ഷേ ബഹിരാകാശ ദൗത്യത്തിനിടെ ഇന്ത്യന്‍ സ്‌നാക്‌സായ സമൂസയും ഗണപതിവിഗ്രഹവും ഭഗവദ്ഗീതയുമെല്ലാം അവര്‍ ഒപ്പം കരുതിയത് വലിയ സംഭവമാണ് മതവാദികള്‍ വളച്ചൊടിക്കുന്നത്. അതിനിടെ സുനിതക്കൊപ്പം യാത്രചെയ്ത, ബൂച്ച് വില്‍മോര്‍ ബഹിരാകാശ നിലയത്തില്‍വെച്ച് 'യേശു ക്രിസ്തു അവിടുത്തെ പദ്ധതികള്‍ നടപ്പാക്കുന്നു' എന്ന് പറഞ്ഞതും, ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബഹിരാകാശ നിലയത്തില്‍വെച്ച് നടത്തിയ മറുപടികളില്‍ ഒന്നിലും തന്നെ ബൂച്ച് അങ്ങനെ പറഞ്ഞിട്ടില്ല എന്നതാണ് വസ്തുക.

വിദേശരാജ്യങ്ങളിലൊക്കെയും, മതവും ശാസ്ത്രവും രണ്ടായിപോവുകയാണ് പതിവ്. പക്ഷേ കേരളത്തിലേക്ക് വന്നാല്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍പോലും, മതപ്പണിക്ക് ഉപയോഗിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുക.