- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്കാന് പണമില്ല; വിദ്യാഭ്യാസത്തിനും ചികിത്സാ സഹായത്തിനും സര്‍ക്കാര്‍ നല്‍കാനുള്ളത് 158 കോടി; രണ്ടു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിപ്പിച്ചത് 150 ലേറെ ദലിത് വിദ്യാര്‍ത്ഥികള്‍; സാമ്പത്തിക പ്രതിസന്ധിയുടെ നേര് ചിത്രമായി ഈ കേരളാ കണക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ഉന്നത പഠനത്തിനും ചികിത്സാ സഹായത്തിനും പണം നല്‍കാതെ സര്‍ക്കാര്‍. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 158 കോടിരൂപയാണ്. ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ക്കായി ഫണ്ട് വക മാറ്റുന്നതാണ് കോടികളുടെ കുടിശിക വരാന്‍ കാരണം. ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും മുടങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിപ്പിച്ചത് ദലിത് വിഭാഗത്തില്‍പ്പെട്ട 150 ലേറെ യു.ജി- പി.ജി വിദ്യാര്‍ത്ഥികളാണ്.
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കാനുള്ളത് 9.42 കോടി രൂപയാണ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മിശ്ര വിവാഹ ധനസഹായമായി 91.75 ലക്ഷം രൂപയും നല്‍കാനുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ വകുപ്പുകളിലായി 147.78 കോടിരൂപ നല്‍കാനുണ്ട്. ചികിത്സാ ധനസഹായം (3.42 കോടി), വിവാഹ ധനസഹായം (58.07 കോടി), മിശ്ര വിവാഹ ധനസഹായം (65.12 കോടി), ഏക വരുമാനദായകന്റെ മരണം ധനസഹായം (15.56 കോടി), വിദേശ തൊഴില്‍ ധനസഹായം (5.61 കോടി) എന്നിങ്ങനെയാണ് നല്‍കാനുള്ളത്. എല്ലാ ബജറ്റിലും സംസ്ഥാന സര്‍ക്കാര്‍ കോടികളാണ് പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കിവക്കുന്നത്. എന്നാല്‍, അതൊന്നും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ പട്ടികജാതി ഉപപദ്ധതിക്കും പട്ടികവര്‍ഗ ഉപപദ്ധതിക്കുമായി നീക്കവക്കന്ന വിഹതവും പുര്‍ണമായി നഷ്ടപ്പെടുകയാണ്. തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം നഗരസഭ കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ ലഭിച്ച ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ട്യൂഷന്‍ ഫീ, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട അലവന്‍സ്, പരീക്ഷാ ഫീ എന്നിവയെല്ലാം ചേര്‍ത്ത് വര്‍ഷാവസാനം നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും അതും പൂര്‍ണമായി നല്‍കിയിട്ടില്ല. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലുമായി പഠിക്കുന്ന നിരവധി എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളാണ് ഈ അനാസ്ഥ കാരണം ദുരിതത്തിലായത്.
പുതിയ വിജ്ഞാപനമനുസരിച്ച് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ധനസഹായ തുകയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 40 ശതമാനം വിഹിതം വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ ശേഷമേ കേന്ദ്ര സര്‍ക്കാരിന്റെ 60 ശതമാനം വിഹിതം ബാങ്ക് അക്കൗണ്ടുകളില്‍ എത്തുകയുള്ളൂ. എന്നാല്‍ ഫണ്ടില്ലെന്ന പേരില്‍ രണ്ട് വര്‍ഷമായി ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് ഗ്രാന്റ് മുടങ്ങാന്‍ കാരണമായത്. ഇ-ഗ്രാന്റ് മുടങ്ങുന്നതിനെതിരെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ നിരന്തരം പ്രതിഷേധിച്ചിട്ടും പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 23,250 രൂപയാണ് ഫെല്ലോഷിപ്പ് തുകയായി പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഫെലോഷിപ്പ് തുക ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഫെലോഷിപ്പ് വഴി ലഭിക്കുന്ന തുകയിലൂടെ ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും, പഠനകാലത്തെ ചിലവുകളും കണ്ടെത്തേണ്ട ഇവര്‍ വലിയ തുക കടം വാങ്ങിയും പാര്‍ട്ട്ടൈം ജോലി ചെയ്തുമാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇ- ഗ്രാന്റ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഒരു മോണിറ്ററിംഗ് സംവിധാനം നിലവിലില്ല.
പട്ടികവര്‍ഗ്ഗ വകുപ്പില്‍ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരായ സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. ഫലത്തില്‍ ഇ-ഗ്രാന്റ്‌സ് സംവിധാനം അട്ടിമറിക്കപ്പെടുകയാണെന്നാണ് ആരോപണം.