കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആഭരണ മോഷണങ്ങളും ക്രമക്കേടുകളും തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷാ വീഴ്ച തുറന്നു സമ്മതിച്ച് ബോര്‍ഡ് അധികൃതര്‍. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ ആഭരണങ്ങള്‍ പരിശോധിക്കാന്‍ മൂന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂവെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ബോര്‍ഡ് മറുപടി നല്‍കി. ഭക്തര്‍ കാണിക്കയായി നല്‍കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലും ബോര്‍ഡിന് വീഴ്ച സംഭവിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1400 ക്ഷേത്രങ്ങളില്‍ വെരിഫിക്കേഷന്‍ ഓഡിറ്റ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അഡ്മിനിസ്ട്രേഷന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കുന്നത്. 2023ല്‍ 71 ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ മൂല്യനിര്‍ണയം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. പത്ത് ശതമാനം ക്ഷേത്രങ്ങളില്‍ പോലും ദേവസ്വം ബോര്‍ഡിന് വിലയേറിയ ആഭരണങ്ങളുടെ ഓഡിറ്റ് നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രേഖയില്‍ അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിലായി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിലും ഇവ പരിശോധിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന വിവരം ബോര്‍ഡ് തുറന്നു സമ്മതിക്കുകയാണ്. ക്ഷേത്ര ഭരണത്തിലെ ബോര്‍ഡിന്റെ അലസമായ സമീപനത്തെയും ദുര്‍ഭരണത്തെയും ഇത് ചൂണ്ടിക്കാണിക്കുകയാണെന്ന് ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.

കോഴിക്കോട് ബാലുശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഇരുപത് പവനോളം സ്വര്‍ണമാണ് കാണാതായത്. ക്ഷേത്ര ശ്രീകോവിലിനോട് ചേര്‍ന്നും ചുറ്റമ്പലത്തിനോടു ചേര്‍ന്നുമുള്ള രണ്ട് ലോക്കറില്‍ നിന്നായി അഞ്ച് ഉരുപ്പടികളാണ് കാണാതായത്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ക്ഷേത്ര ലോക്കറില്‍ സൂക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുക്കം തോട്ടത്തിന്‍ കടവ് കുന്നത്തു പറമ്പ് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സമര്‍പ്പിച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായാത് പരാതി ലഭിച്ചത്. നിലവില്‍ ക്ഷേത്ര ശ്രീകോവിലിലുള്ള സ്വര്‍ണ്ണത്താലികള്‍ മുക്കു പണ്ടമാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കാസര്‍ഗോഡ് തൃക്കണ്ണാട് ക്ഷേത്രത്തിലും സ്വര്‍ണ്ണം മോഷണം പോയതായി പരാതി ലഭിച്ചിരുന്നു. 2020 നു ശേഷം കോഴിക്കോട് നടുവത്തൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. മോഷണങ്ങളും ക്രമക്കടുകളും വര്‍ധിച്ചതിനെത്തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ സ്വര്‍ണം-വെള്ളി ഉരുപ്പടികളുടെ കണക്ക് രണ്ടാഴ്ചക്കകം എടുക്കാന്‍ ബോര്‍ഡ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 1400 ക്ഷേത്രങ്ങളിലെ ഉരുപ്പടികളുടെ കണക്കാണ് രണ്ടാഴ്ചക്കകം എടുക്കുക.