- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന് തോട് നികത്തി കെട്ടിടം നിര്‍മ്മിച്ച് പഞ്ചായത്ത്; സെക്രട്ടറിയോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടിടം തൃശൂര്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തത് കോടതിയലക്ഷ്യമെന്നും ആരോപണം
തൃശൂര്‍: തലപ്പിള്ളി ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ തോട് പുറമ്പോക്ക് നികത്തി പഞ്ചായത്ത് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത് ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന്. പാടശേഖരത്തിനോട് ചേര്‍ന്ന് ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട തോടു നികത്തി നിര്‍മ്മിച്ച കെട്ടിടം തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തത് ചട്ടവിരുദ്ധമായെന്നും ആരോപണം. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള പുതുശേരി വിളയത്ത് സുബ്രഹ്‌മണ്യക്ഷേത്രത്തിന് സമീപത്തെ പാടശേഖരത്തിനോട് ചേര്‍ന്നുള്ള പൊതുതോട് നികത്തിയാണ് പഞ്ചായത്ത് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്.
ഇതിനെതിരെ പുതുശേരി കരുവാന്‍പടി കൂട്ടുകൃഷി സംഘം പ്രസിഡന്‍്റ് കെ.കെ ദേവദാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് നിര്‍മ്മാണം നിര്‍ത്തിവക്കാനും അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയത്. കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഹൈക്കോടതി നിര്‍ദ്ദേശം അവഗണിച്ച്് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനെതിരെ സംഘം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പഞ്ചായത്ത് സെക്രട്ടറിയോട് കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ പുറമ്പോക്ക് തോടുകള്‍ വെള്ളച്ചാലുകള്‍ നികത്താനോ കെട്ടിയടക്കാനോ ഒഴുക്ക് തടയാനോ പാടില്ലെന്ന വിധിയുടെ അടിസ്ഥാനത്തിലാണ് കെ.കെ ദേവദാസ് ഹൈക്കോടതിയെ സമീപിച്ചത്. തോടുകളും വെള്ളച്ചാലുകളും നികത്തിയാലോ കെട്ടിയടച്ചാലോ ക്രിമിനല്‍ കുറ്റമാണെന്ന് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചതെന്നും വിശദ വിവരങ്ങളെല്ലാം അറിയാവുന്ന ജില്ലാ കലക്ടര്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നെന്നും കെ.കെ ദേവദാസ് പരാതിപ്പെടുന്നു. തോടു നികത്തി നിര്‍മ്മിച്ച അങ്കനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തതിലൂടെ കോടതിയലക്ഷ്യമാണ് ജില്ലാ കലക്ടര്‍ നടത്തിയതെന്നും ആരോപണമുണ്ട്.




