ക്ടോബര്‍ 7നു ശേഷം യൂറോപ്പിലെ വിവിധ നഗങ്ങളിലുണ്ടായ പ്രകടനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന മുദ്രാവാക്യമാണ് 'ഗ്ലോബലൈസ് ദി ഇന്തിഫാദ'. കടുത്ത ജുതവിരുദ്ധത ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ഇസ്ലാമിസ്റ്റുകള്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതില്‍നിന്ന് പഠിക്കാനോ, ഭീകരതയുടെ ഉറവിടം അന്വേഷിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് സിഡ്നിയിലെ ബോണ്ടി ബീച്ച് ആക്രമണത്തിനുശേഷം ഉയരുന്ന വിമര്‍ശനങ്ങള്‍.

വെടിവെപ്പില്‍ 15 പേര്‍ മരിച്ചിരുന്നു. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേല്‍ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 വയസ്സുകാരന്‍ സാജിദ് അക്രവും മകന്‍ നവീദ് അക്രവുമാണ് (24) ആള്‍ക്കൂട്ടത്തിനുനേരേ വെടിവെച്ചത്. ഇവരില്‍ സാജിദ് അക്രം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മകന്‍ ചികിത്സയിലാണ്. ന്യൂയോര്‍ക്ക് ടൈംസ്പോലുള്ള പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നേരത്തെ തന്നെ ഓസ്ട്രേലിയില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ കൃത്യമായി അന്വേഷിച്ച് ഇതിന്റെ വേര് അറുത്തില്ല എന്നതാണ്.

എല്ലാവര്‍ഷവുമെന്നോണം ഭീകരാക്രമണം

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസിന്റെ ആവിര്‍ഭാവത്തിന് ശേഷം നിരവധി ജിഹാദി അനുബന്ധ പ്രവര്‍ത്തനങ്ങളും ഭീകരവാദ ഗൂഢാലോചനകളും ഓസ്‌ട്രേലിയയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. 2018 നവംബര്‍ 9ന്റെ മെല്‍ബണ്‍ സ്റ്റാബിംഗ് ആക്രമണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹസന്‍ ഖലീഫ് ഷിര്‍ അലി, മെല്‍ബണില്‍ ഒരു വാഹനത്തിന് തീയിടുകയും മൂന്ന് കാല്‍നടയാത്രക്കാരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തിനിടെ അക്രമി ഇസ്ലാമിക് സ്റ്റേറ്റ് പതാക ഉയര്‍ത്തിയിരുന്നു. ഇത് കൃത്യമായ ജിഹാദി ആക്രമണമാണെന്ന് വിലയിരുത്തപ്പെട്ടു.

2015 ഒക്ടോബര്‍ 2ന് സിഡ്‌നിയിലെ പാരാമറ്റയിലുള്ള ന്യൂ സൗത്ത് വെയില്‍സ് പോലീസ് ആസ്ഥാനത്തിന് പുറത്ത് 15 വയസ്സുള്ള ഫര്‍ഹാദ് ഖലീല്‍ മുഹമ്മദ് ജബാര്‍ ഒരു പോലീസ് ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഇതൊരു ജിഹാദി പോലീസ് കണക്കാക്കുന്നത്.അതുപോലെ, 2014 ഡിസംബര്‍ 15-16 തീയതികളില്‍ നടന്ന സിഡ്നി കഫേ ബന്ദിയാക്കലും രാജ്യത്തെ നടുക്കിയിരുന്നു. ഇറാനിയന്‍ അഭയാര്‍ത്ഥിയായ മന്‍ ഹാരോണ്‍ മോനിസ് സിഡ്‌നി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ലിന്‍ഡ്റ്റ് ചോക്ലേറ്റ് കഫേയില്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും ബന്ദികളാക്കി. ഈ കേസിലും ഐസിസിനോട് കൂറ് പ്രകടിപ്പിക്കുന്ന കറുത്ത പതാകകള്‍ അക്രമി കാറില്‍ സൂക്ഷിച്ചിരുന്നു.

16 മണിക്കൂര്‍ നീണ്ട പ്രതിസന്ധിക്കൊടുവില്‍ പോലീസ് നടത്തിയ മിന്നലാക്രമണത്തില്‍ അക്രമിയും രണ്ട് ബന്ദികളും കൊല്ലപ്പെട്ടു. 2014 സെപ്റ്റംബറില്‍, നുമാന്‍ ഹൈദര്‍ എന്ന അഫ്ഗാന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ മെല്‍ബണില്‍ രണ്ട് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവെച്ചു കൊന്നു. ഇങ്ങനെ 2024 മുതല്‍ എല്ലാവര്‍ഷവും നടക്കുന്ന ഒരു ആചാരംപോലെ ഓസ്ട്രേലയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയാണ്.

യഹുദര്‍ക്കുനേരെ ആക്രമണം

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഓസ്ട്രേലിയയില്‍ ജൂതര്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കൂടിയത്.30 വര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബോണ്ടി ബീച്ചില്‍ നടന്നത്.

ബോണ്ടി ബീച്ചിലെ വെടിവെപ്പിനുപിന്നാലെ ഓസ്‌ട്രേലിയയിലെ തോക്കുനിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മുന്നോട്ടുവെച്ചിരുന്നു. തോക്ക് സ്വന്തമാക്കാന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് അദ്ദേഹം തിങ്കളാഴ്ച മുന്നോട്ടുെവച്ചത്. ബോണ്ടി ബീച്ചിലെ കൊലയാളികളില്‍ ഒരാളായ സാജിദ് താമസിച്ചിരുന്നിടത്ത് നടത്തിയ തിരച്ചിലില്‍ ആറുതോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് തോക്കു കൈവശംവെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. ആറു തോക്കും നിയമപരമായ മാര്‍ഗത്തിലൂടെ ലഭിച്ചതാണ്. തോക്കുലൈസന്‍സിന് സമയപരിധി ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. 1996-ല്‍ ടാസ്മാനിയന്‍ നഗരമായ പോര്‍ട്ട് ആര്‍തറില്‍ ഒരാള്‍ 35 പേരെ വെടിവച്ചുകൊന്ന സംഭവത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ തോക്കുനിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. പിന്നെ പലയിടത്തും അതില്‍ ഇളവു ലഭിച്ചു. അതുപോലെതന്നെ ഇസ്ലാമിക പ്രബോധനത്തിനായി എത്തുന്നവരെയും, ഇസ്ലാമികമായ അധ്യാപനം നടത്തുന്നവരുടെയുമൊക്കെ പശ്ചാത്തലം പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 3.2 ശതമാനമാണ് മുസ്ലീങ്ങള്‍. ഇത് ഏകദേശം 8,13,392 പേര്‍ വരും. ക്രിസ്തുമതത്തിന് ശേഷം ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ മതവിഭാഗമാണ് ഇസ്ലാം. ഓസ്‌ട്രേലിയന്‍ മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും കുടിയേറിയെത്തിയവരോ കുടിയേറ്റക്കാരുടെ പിന്മുറക്കാരോ ആണ്. 2016-ലെ സെന്‍സസ് പ്രകാരം, ഓവര്‍സീസ് അഥവാ വിദേശത്ത് ജനിച്ച മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും ലെബനന്‍,തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, ബോസ്നിയ-ഹെര്‍സഗോവിന എന്നിവടങ്ങളില്‍നിന്ന് വന്നവരാണ്. സിവില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം സമീപകാലത്ത് മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും അഭയാര്‍ത്ഥികളായും കുടിയേറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഭീകരാക്രമണങ്ങളും വര്‍ധിച്ചത്. ഇതോടെ തീവ്ര വലതുപക്ഷവും ഓസ്ട്രേലിയില്‍ വേരുപിടിച്ചു കഴിഞ്ഞു.