- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം; പി.എഫ്.ഐ.യുടെ ഭാഗമായ റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി സാമ്പത്തിക ഇടപാട്; പ്രവര്‍ത്തിക്കുന്നത് സ്ലീപ്പര്‍ സെല്ലായി'; ഗുരുതര ആരോപണങ്ങളുമായി ബിജെപി മാര്‍ച്ച്; മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ വിവാദക്കുരുക്കില്‍

കോഴിക്കോട്: മൂന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവും, കോഴിക്കോട് സൗത്ത് എംഎല്‍എയുമായ അഹമ്മദ് ദേവര്‍ കോവിലിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിവാദത്തില്‍. നേരത്തെ, അഹമ്മദ് ദേവര്‍കോവിലിന് പി.എഫ്.ഐ.യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഐ.എന്‍.എല്‍ന്റെ യുവജന സംഘടനയായ നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു. അഹമ്മദ് ദേവര്‍കോവിലിനും പാര്‍ട്ടിയിലെ മറ്റ് ചില നേതാക്കള്‍ക്കും നിരോധിത സംഘടനകളുമായി സാമ്പത്തിക ഇടപാടുകളും മറ്റും ഉണ്ടെന്നാണ് ആരോപണം. ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഉദ്ഘാടനം ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ സജീവന്‍ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് അഹമ്മദ് ദേവര്‍ കോവിലിന്റെ സംരക്ഷകനെന്ന് വി.കെ സജീവന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ നിന്നും അഹമ്മദ് ദേവര്‍കോവിലിനെതിരെ പരാതി ഉയര്‍ന്നു കഴിഞ്ഞു. മന്ത്രിക്ക് പിഎഫ്ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ളത് ഗൗരവതരമായതാണ്. ഇതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. നിരോധിത സംഘടനകളുടെ സ്ലീപ്പര്‍ സെല്ലായാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നത്. നവകേരള യാത്രയില്‍ അടക്കം എംഎല്‍എക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞടുപ്പുകളില്‍ ഉള്‍പ്പെടെ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് വേണ്ടി എംഎല്‍എ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് ഇടത്- വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനാനുവാദമുണ്ടെന്നും വി കെ സജീവന്‍ പറഞ്ഞു.
റീഹാബ് ഇന്ത്യാ ബന്ധം വിവാദത്തില്‍
നേരത്തെ, ബി.ജെ.പി മൂന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അഹമ്മദ് ദേവര്‍കോവിലിന് നിരോധിത സംഘടനയായ പി.എഫ്.ഐ.യുടെ ഭാഗമായ റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു.ജീവകാരുണ്യ വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരു എന്‍.ജി.ഒ-യാണ് റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. 2008 മാര്‍ച്ച് 17-നാണ് ഈ സംഘടന സ്ഥാപിതമായത്. ഗ്രാമീണ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് അസം, ബീഹാര്‍, ബംഗാള്‍) ഗ്രാമങ്ങള്‍ ദത്തെടുത്ത് വീടുകള്‍ നിര്‍മ്മിക്കുക, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍. 'എഡ്യൂക്കേഷന്‍ ഓണ്‍ വീല്‍സ്' (പോലുള്ള പദ്ധതികള്‍ ഇവര്‍ നടത്തിയിരുന്നു.
പി.എഫ്.ഐ-യുടെ സ്ഥാപക ചെയര്‍മാനായ ഇ. അബൂബക്കര്‍ തന്നെയായിരുന്നു റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ചെയര്‍മാന്‍. പി.എഫ്.ഐ-യുടെ ഫണ്ട് സമാഹരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി ഈ സംഘടനയെ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പി.എഫ്.ഐ-യോടൊപ്പം റീഹാബ് ഇന്ത്യ ഫൗണ്ടേഷനെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതായിരുന്നു നിരോധനത്തിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടിയത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഫണ്ട് സമാഹരിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഈ സംഘടനയുടെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഏകദേശം 58 കോടി രൂപയോളം ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ സംഘടനയുമായി അഹമ്മദ് ദേവര്‍കോവിലിന് ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അഹമ്മദ് ദേവര്‍കോവില്‍ നിഷേധിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പും വിവാദത്തില്‍
മുമ്പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും അഹമ്മദ് ദേവര്‍കോവിലെതിരെ ഉയര്‍ന്നിരുന്നു. വടകര മുട്ടുങ്ങല്‍ സ്വദേശിയായ എ.കെ. യൂസഫാണ് ഈ പരാതി നല്‍കിയത്. റെയില്‍വേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാം എന്ന് വാഗ്ദാനം നല്‍കി 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ആരോപണം. പലിശയും മറ്റ് നഷ്ടപരിഹാരവും ഉള്‍പ്പെടെ ഏകദേശം 63 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് പരാതിക്കാരന്‍ അവകാശപ്പെടുന്നത്. ഈ കേസില്‍ അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് 2019-ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് അപ്പീല്‍ പരിഗണിച്ച കോടതി തടവ് ശിക്ഷ ഒഴിവാക്കുകയും പരാതിക്കാരന് 63 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. തുക തിരികെ ലഭിക്കാനായി പരാതിക്കാരന്‍ നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പി.യോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍, ഈ ആരോപണം അഹമ്മദ് ദേവര്‍കോവില്‍ നിഷേധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടില്‍ തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്നും താന്‍ ആ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടര വര്‍ഷത്തോഴം മന്ത്രിയായിരുന്ന സമയത്ത് അമ്മദ് ദേവര്‍ കോവില്‍ അധികാരം ഉപയോഗിച്ച് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഷമീര്‍ പയ്യനങ്ങാടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പിഎസ്സി മെമ്പറാകാന്‍ സമദ് മാസ്റ്റര്‍ എന്ന വ്യക്തിയില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വലിയ രീതിയില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതോടെയാണ് തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.


