- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എത്രയും വേഗം ഡൽഹിയിൽ എത്തി പൊലീസിൽ ഹാജരാകുന്നതാണ് നല്ലത്; പത്തനംതിട്ട കൊടുമണ്ണിൽ എത്തിയ ഡൽഹി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്കിന്റെ മുൻ ജീവനക്കാരി അനുഷ പോൾ

പത്തനംതിട്ട: ചൈനയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന് എതിരെയുള്ള അന്വേഷണം ഡൽഹിയിൽ ഒതുങ്ങുന്നില്ല. പോർട്ടലിലെ മുൻ ജീവനക്കാരിയുടെ പത്തനംതിട്ടയിലെ കൊടുമണിലെ വീട്ടിലും ഡൽഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കിലെ അനുഷ പോളിന്റെ കൊടുമൺ ഐക്കാട്ടുള്ള അമ്മയുടെ വീട്ടിൽ ഇന്ന് വൈകിട്ടാണ് ഡൽഹി പൊലീസ് സംഘം പരിശോധനയ്ക്ക് വന്നത്.
ഡൽഹി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് അനുഷ പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൊഴിയെടുത്തശേഷം മൊബൈൽ ഫോണും ലാപ്‌ടോപ്പും ബാങ്ക് രേഖകളും ഡൽഹി പൊലീസ് പിടിച്ചെടുത്തുവെന്നും ഭീഷണിയുടെ സ്വരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും അനുഷ പറഞ്ഞു
എത്രയും വേഗം ഡൽഹിയിലെത്തി പൊലീസിൽ ഹാജരാകുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നൽകി. തന്റെ സിപിഎം ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചത്. ഡൽഹിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ഡൽഹി സിപിഎം സംസ്ഥാന സെക്രട്ടറി കെഎം തിവാരിയെ അറിയുമോ എന്നു ചോദിച്ചപ്പോൾ അറിയാമെന്നും മറുപടി നൽകി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ന്യൂസ് പോർട്ടലാണ് ന്യൂസ് ക്ലിക്കെന്നും പറഞ്ഞു.
ന്യൂസ് ക്ലിക്ക് തന്നതല്ല ലാപ്‌ടോപും മൊബൈലും. എന്നിട്ടും അവ രണ്ടും പൊലീസ് പിടിച്ചുകൊണ്ടുപോയി. തിരിച്ചറിയൽ രേഖകളുടെ പകർപ്പും ബാങ്ക് രേഖകളും കൊണ്ടുപോയി. കർഷക സമരം, സിഎഎ, കോവിഡ് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തോ എന്ന് അന്വേഷിച്ചതായും അനുഷ പോൾ കൂട്ടിചേർത്തു.
നാലുവർഷക്കാലം ന്യൂസ് ക്ലിക്കിന്റെ ഇന്റർനാഷണൽ ഡെസ്‌കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡിവൈഎഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി ട്രഷറർ കൂടിയാണ്. ഇവർ അടുത്ത കാലത്താണ് പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ഡൽഹിയില് നിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്.
അനുഷ വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നയാളാണ്. ജനിച്ചതും വളർന്നതും ജോലി ചെയ്യുന്നതും അവിടെയാണ്. മാതാപിതാക്കളും വർഷങ്ങളായി അവിടെ ജോലിക്കാരായിരുന്നു. ഒരാഴ്ച മുമ്പാണ് അമ്മ വീട്ടിലെത്തിയത്. റെയ്ഡിന്റെ വിശദാംശങ്ങൾ പങ്കു വയ്ക്കാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. വീട്ടിലെത്തി അനുഷയുടെ മൊഴി എടുത്ത ശേഷം ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്ത് മടങ്ങുകയായിരുന്നു.
അതേസമയം, വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ആയിരക്കണക്കിന് ഷെൽ കമ്പനികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി ഫണ്ട് എത്തിച്ചെന്ന് ഡൽഹി പൊലീസ് സ്‌പെഷൽ സെൽ. ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് പോർട്ടൽ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയ്ക്കും മറ്റുള്ളവർക്കുമെതിരായ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് ടെലികോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് പകരമായി അവർക്കെതിരെയുള്ള കേസുകളിൽ പ്രതിരോധം തീർക്കുന്നതിന് പ്രബിർ പുർകയസ്ഥ, നെവിൽ റോയ് സിംഘം, ഗീത ഹരിഹരൻ, ഗൗതം ഭാട്ടിയ എന്നിവർ ഇന്ത്യയിൽ ഒരു 'ലീഗൽ കമ്യൂണിറ്റി നെറ്റ്‌വർക്ക്' സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.


