ന്യൂയോർക്ക്: കടുത്ത ശൈത്യം വിതറിയെത്തിയ മഞ്ഞുകാലം അമേരിക്കയെ ദുരിതത്തിലാഴ്‌ത്തുകയാണ്. ന്യുയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയിൽ ചൊവ്വാഴ്‌ച്ച വർഫെ 36 ഇഞ്ച് കനത്തിൽ മഞ്ഞു വീഴ്‌ച്ചയുണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്ത്മസ് തലേന്ന് ഒന്നിലധികം മരണങ്ങൾ വിതച്ചുകൊണ്ടെത്തിയ മണിക്കൂറിൽ 80 മൈൽ വേഗതയിലുള്ള കാറ്റ് നഗരം വിട്ട് പോയതോടെ കൊടുങ്കാറ്റിനുള്ള വാർണിങ് എടുത്തു കളഞ്ഞതായി അധികൃതർ അറിയിച്ചു.

ഹിമക്കൊടുങ്കാറ്റ് ഒരു വലിയ ദുരന്തമാണ് വിതച്ചതെന്ന് എറീ കൗണ്ടിയുടെ ചീഫ് എക്സിക്യുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. 1977 ലെ കൊടുങ്കാറ്റുമായി താരതമ്യം ചെയ്യാവുന്നതായിരുന്നു ഈ കറ്റെന്നും ഇക്കഴിഞ്ഞ നവംബറിൽ ഉണ്ടായതിനേക്കാൾ ഭീകരമായിരുന്നു എന്നും ക്രിസ്ത്മസ് ദിനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഏറ്റവുമധികം നാശം വിതച്ച കൊടുങ്കാറ്റ് എന്ന നിലയിൽ ഇത് ചരിത്ര താളുകളിൽ ഇടം പിടിക്കുമെന്ന് ന്യുയോർക്ക് ഗവർണർ കാത്തി ഹോചലും പറഞ്ഞു.

കൊടുങ്കാറ്റിനാൽ വൈദ്യൂതി ബന്ധം തകരാറിലായതിനെ തുടർന്ന് കൗണ്ടി വാർണിങ് സെന്ററുകൾ അടച്ചുപൂട്ടേണ്ടതായി വന്നു. മരം കോച്ചുന്ന തണുപ്പത്ത് അമേരിക്കയിൽ ഇപ്പോൾ ലക്ഷങ്ങളാണ് വൈദ്യൂതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ജീവാപായം ഉണ്ടാകത്തക്ക താഴ്ന്ന നിലയിലേക്ക് ഇനിയും താപനില താഴ്ന്നേക്കുമെന്നാണ് ചില കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചിലയിടങ്ങളിൽ വീടിനു പുറത്തിറങ്ങുന്നത് പോലും അപകടകാരണമായേക്കും എന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാരകമായ ഹിമ കൊടുങ്കാറ്റിൽ രാജ്യത്താകമാനമായി 32 പേർ മരണമടഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊളൊറാഡോ, കൻസാസ്, ഒക്ലഹോമ, നെബ്രാസ്‌ക, ന്യുയോർക്ക് എന്നിവിടനളിലാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. അതിൽ ഓഹിയോയിലെ അന്തർ സംസ്ഥാന ഹൈവേയിൽ മൂന്ന്വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മരണമടഞ്ഞ നാലുപേരും ഉൾപ്പെടുന്നു.

ബഫലോ നഗരത്തിൽ ഏഴുപേരാണ് മരണമടഞ്ഞത്. മറ്റു നാലുപേർ കാറുകൾക്കുള്ളിൽ മരവിച്ച നിലയിൽ കാണപ്പെട്ടു. രണ്ടു പേർക്ക് അവരുടെ വീടുകളിൽ വെച്ച് അടിയന്തര ചികിത്സ ആവശ്യമായി വന്നെങ്കിലും കാലാവസ്ഥ മൂലം അടിയന്തര സേവന വിഭാഗത്തിന് അവിടെ എത്തിപ്പെടാൻ ആയില്ലെന്നും റിപ്പോർട്ടുണ്ട്. അതിനിടയിൽ, കടുത്ത കാലാവസ്ഥ എത്രനാൾ നിലനിൽക്കും എന്ന് ഉറപ്പില്ലാത്തതിനാൽ ഊർജ്ജോപയോഗം കുറയ്ക്കുവാൻ കോൺഎഡിസൺ അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബഫലോയിലെ അടിയന്തര സേവന വിഭാഗം വെള്ളിയാഴ്‌ച്ചയും ശനിയാഴ്‌ച്ചയുമായി ഒരു കൊച്ചു കുട്ടിയുൾപ്പടെ 50 പേരുടെ ജീവൻ രക്ഷിച്ചു. 77 ലെ കൊടുങ്കാറ്റിന്റെ അനുഭവം നേരിട്ടറിഞ്ഞ വ്യക്തിയെന്ന നിലയിൽ, ഇപ്പോഴുള്ളത് അതിനേക്കാൾ മോശമായ അവസ്ഥയാണെന്നായിരുന്നു എറി കൗണ്ടി ഷെറിഫ് പറഞ്ഞത്. ബഫലൊ വിമാനത്താവളത്തിൽ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു. സിയാറ്റലിലും ഏകദേശം 3000 വിമാന സർവ്വീസുകളാണ് മോശം കാലാവസ്ഥ കാരണം ക്രിസ്ത്മസ് ദിനത്തിൽ റദ്ദാക്കപ്പെട്ടത്.