പ്രസിഡണ്ട് ഡാനിയൽ ഓർടെഗയുടെ തീവ്ര ഇടതുപക്ഷ സർക്കാരിനെതിരെ പ്രവർത്തിച്ചു എന്ന കുറ്റമാരോപിച്ച് നിക്കരാഗ്വയിൽ ജയിലിൽ ആയിരുന്ന കത്തോലിക്ക ബിഷപ്പിനെ ജയിലിൽ നിന്നും മോചിപ്പിച്ച് നാടുകടത്തി. ബിഷപ്പ് റൊളാണ്ടൊ അൽവാരെസിനൊപ്പം ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെനും മറ്റ് 15 പുരോഹിതരെയും പുരോഹിത വിദ്യാർത്ഥികളെയും നാടുകടത്തിയിരിക്കുകയാണ്. നിക്കാരാഗ്വയിലെ ഇടതുപക്ഷ സർക്കാർ, അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഷ്ട്രീയ തടവുകാരാക്കിയ മറ്റ് 222 പേർക്കൊപ്പം നാടുവിടാൻ വിസമ്മതിച്ചതിന് 2023- ൽ ആയിരുന്നു ബിഷപ്പിനെ തടവിലാക്കിയത്.

26 വർഷത്തെ തടവുശിക്ഷയായിരുന്നു ബിഷപ്പിന് വിധിച്ചത്. ജയിലിൽ ഒരു വർഷം തടവ് അനുഭവിച്ചതിനു ശേഷമാണ് ഇപ്പോൾ ബിഷപ്പിനെ വത്തിക്കാനിലേക്ക് നാടുകടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി 14 ന് ഉച്ച തിരിഞ്ഞ് എല്ലാവരും വത്തിക്കാനിലേക്ക് പറന്നു. നിക്കാരാഗ്വയിൽ അധികാരത്തിലേറിയ, പ്രസിഡണ്ട് ഓർട്ടേഗയുടെയും അദ്ദേഹത്തിന്റെ പത്നിയും വൈസ് പ്രസിഡണ്ടുമായ റോസാരിയോ മുരില്ലോയുടെയും നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണകൂടം കത്തോലിക്ക സഭയെ അടിച്ചമർത്തുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലും 12 കത്തോലിക്ക പുരോഹിതരെ വത്തിക്കാനിലെക്ക് നാടുകടത്തിയിരുന്നു. 57 കാരനായ ബിഷപ്പ് അൽവരേസിനെ 2022 ആഗസ്റ്റിലായിരുന്നു ആദ്യം അറസ്റ്റ് ചെയ്തത്. അധികം വൈകാതെ തന്നെ 63 കാരനായ ബിഷപ്പ് മോറയേയും അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ ആയ ബിഷപ്പിന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ചതായിരുന്നു ബിഷപ്പ് മോറ ചെയ്ത കുറ്റം.

അതേ വർഷം ക്രിസ്ത്മസിനും പുതുവർഷത്തിനും ഇടയിലായി രണ്ട് മുതിർന്ന പുരോഹിതരെ കൂടി അറസ്റ്റ് ചെയ്തു. ജയിലിൽ ആയ ബിഷപ്പ് അൽവരേസിനായി പരസ്യമായി പ്രാർത്ഥിച്ചു എന്നതായിരുന്നു ഇവർക്ക് മേൽ ചുമത്തിയ കുറ്റം. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള നിക്കാരാഗ്വൻ സർക്കാരിനെതിരെ കടുത്ത ജനപ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെ പിന്തുണക്കുന്നു എന്നതിനാലാണ് കത്തോലിക്ക സഭ പ്രസിഡണ്ടിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നത്. 2018 മുതൽ ഇതുവരെ നിക്കാരാഗ്വൻ ഭരണകൂടം കത്തോലിക്ക സഭക്കെതിരെ 500 ഓളം ആക്രമങ്ങൾ അഴിച്ചു വിട്ടതായി കഴിഞ്ഞവർഷം റിപ്പോർട്ട് വന്നിരുന്നു. അതുപോലെ നൂറോളം പുരോഹിതരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

സഭയുടെ നിരവധി വസ്തുവകകളുംഭരണകൂടം പിടിച്ചെടുത്തിട്ടുണ്ട്. ജെസ്യുട്ടുകൾ നടത്തിയിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി കഴിഞ്ഞ് ആഗസ്റ്റിൽ സർക്കാർ പിടിച്ചെടുത്തിരുന്നു. തെവ്രവാദത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത് സർക്കാർ പിടിച്ചെടുത്തത്. കത്തോലിക്ക സഭയ്ക്ക് നേരെ മാത്രമല്ല, കത്തോലിക്ക വിശ്വാസികൾ നടത്തുന്ന ജീവകാരുണ്യ സംഘടനകൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ സർക്കാർ അടച്ചു പൂട്ടിയിട്ടുണ്ട്.

ഈ മധ്യ അമേരിക്കൻ രാജ്യത്ത് സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടിരിക്കുന്നതായി ഈ വർഷം ആദ്യം പോപ്പ് ആരോപിച്ചിരുന്നു. ഇപ്പോൾ വത്തിക്കാനുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായിട്ടാണ് പുരോഹിതരെ മോചിപ്പിക്കുന്നതെന്ന് നിക്കാരഗ്വൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.