- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സ്ത്രീകൾ മരിച്ചാൽ പോലും അന്യപുരുഷന്മാരെ കാണാൻ അനുവദിക്കില്ല; മയ്യത്ത് മുന്നിൽ വെച്ച് അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയും; വിവാഹത്തിന് ഭക്ഷണം കൊടുക്കലും മറകെട്ടി; നിഖില പറഞ്ഞത് നൂറുശതമാനവും ശരി; മലബാറിൽ മുസ്ലിം സ്ത്രീകളെ ഒതുക്കുന്നത് ഇങ്ങനെ
കോഴിക്കോട്: 80 കളുടെ തുടക്കത്തിൽ കോഴിക്കോട് മാനാഞ്ചിറയിൽ, നടന്ന ഒരു ഫുട്ബോൾ മത്സരം കാണാനായി ഗ്യാലറികൾ നിറഞ്ഞ് കവിഞ്ഞ് തടിച്ചുകൂടിയ സ്ത്രീകളുടെ ചിത്രം ഫേസ്ബുക്കിൽ ഈയിടെ പ്രചരിച്ചിരുന്നു. അതിൽ ഏറെയും മുസ്ലിം സ്ത്രീകൾ ആയിരുന്നു. പക്ഷേ ഏറ്റവും രസകരം അതിൽ ഒറ്റയാൾ പോലും, പർദയോ മഫ്ത്തയോ ധരിച്ചിട്ടില്ല എന്നായിരുന്നു. എന്നാൽ ഏതാണ്ട് 45 വർഷത്തിനുശേഷം ഇന്ന് കോഴിക്കോട്ട് കൂടെ നടന്നുപോയാൽ കാണുക, കണ്ണുപോലും കാണാനാവാത്ത രീതിയിൽ പർദകൊണ്ട് മൂടിയ സ്ത്രീകളെയാണ്.
വർധിക്കുന്ന ഈ മതവത്ക്കരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് നടി നിഖില വിമൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷനിടെ പറഞ്ഞത്. കണ്ണൂരുകാരിയായ നിഖില തന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസാരിക്കാറുള്ളത്. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും കണ്ണൂരിൽ തുടരുന്നുണ്ടെന്നാണ് നിഖില പറയുന്നത്. 'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.''- ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ നിഖില സൈബർ ആക്രമണം നേരിടുകയാണ്. എന്നാൽ മലബാറിലെ മുസ്ലിം പൊതുജീവിതത്തിലെ കാര്യങ്ങൾ പരിശോധിച്ചാൽ ഇതിലും മോശമാണ് എന്ന് മനസ്സിലാക്കാം.
സ്ത്രീയുടെ മൃതദേഹം പോലും കാണാൻ കഴിയില്ല
മരിച്ച മുസ്ലിം സ്ത്രീയുടെ മയ്യത്ത് അയൽവാസികളെപ്പോലും കാണിക്കാത്ത രീതി മലബാറിൽ ഇപ്പോഴുമുണ്ട്. മയ്യത്ത് മുന്നിൽ വെച്ച് അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയുന്ന കാഴ്ച പതിവാണ്. ഇതുമൂലം സ്ത്രീകൾ മരിച്ചാൽ, അമുസ്ലീങ്ങളായ അയൽവാസികളും സുഹൃത്തുക്കളും മൃതദേഹം കാണാൻ നിൽക്കാതെ, ആൺമക്കൾക്ക് കൈ കൊടുത്ത് മടങ്ങുകയാണ് ചെയ്യാറ്. അതുപോലെ നിഖില പറഞ്ഞതിനേക്കാൾ വലിയ വിവേചനമാണ് വിവാഹ സമയത്ത് ചില മുസ്ലിം കുടുംബങ്ങളിൽ സംഭവിക്കാറുള്ളത്. സ്ത്രീകൾക്ക് മുൻഭാഗത്തെ പന്തലിൽ കൂടി പ്രവേശനം നിഷേധിച്ചവർ പോലുമുണ്ട്. പല പ്രമുഖരുടെയും വിവാഹത്തിനുപോലും ആണിനെയും പെണ്ണിനെയും രണ്ടുഭാഗത്താക്കി മറകെട്ടിയാണ് ഭക്ഷണം വിളമ്പുക.
നടനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഷുക്കുർ വക്കീൽ ഇങ്ങനെ എഴുതുന്നു. 'മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?''- ഷുക്കുർ വക്കീൽ ചോദിക്കുന്നു.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഡോ ജിനേഷ് പി എസ് ഇങ്ങനെ എഴുതുന്നു. 'മലബാർ ഭാഗത്ത് മുസ്ലിം കല്യാണ ആഘോഷങ്ങളിൽ ഓഡിറ്റോറിയത്തിൽ പോലും സ്ത്രീകൾക്കും പുരുഷനും വെവ്വേറെ ഡൈനിങ് ഏരിയ ആണെന്ന് പലരും പറയുന്നു. സ്ത്രീകൾക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം എന്ന നിഖില വിമലിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങളാണ്. ഇതിന് മാറ്റം വന്നേ പറ്റൂ, ഈ വേർതിരിവ് അവസാനിപ്പിക്കണം.പക്ഷേ ഇതിനോടുള്ള ചില കൗണ്ടറുകളാണ് രസകരം. 'സ്ത്രീക്കും പുരുഷനും വ്യത്യസ്ത ടോയ്ലറ്റ് ഇല്ലേ? ബസ്സിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റില്ലേ?' എന്നൊക്കെയാണ് മതം വിഴുങ്ങുന്ന ചിലരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട് എങ്ങനെ ഇതിന്റെ ലോജിക്ക് പറഞ്ഞു മനസ്സിലാക്കുമെന്റെ ഡിങ്കാ!''- ഇങ്ങനെയാണ് ഡോ ജിനേഷിന്റെ പോസ്റ്റ്.
അന്ന് അഭിനന്ദനം ഇന്ന് പൊങ്കാല
നേരത്തെ പശുരാഷ്ട്രീയത്തിനെതിരെ ഒരു ഇന്റവ്യൂവിൽ പറഞ്ഞതിന് നഖിലയെ പ്രശംസിച്ച പലരും ഇന്ന് കണ്ണൂർ കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോൾ പൊങ്കാലയിടുകയാണ്. 'പശുവിനെയൊക്കെ നമ്മുടെ നാട്ടില് വെട്ടാം. ആരു പറഞ്ഞു വെട്ടാൻ പറ്റില്ലെന്ന്...?
അതൊക്കെ അങ്ങ് മുകളില്. കേരളത്തിൽ അതൊന്നും നടക്കില്ല''- ഒരു അഭിമുഖത്തിൽ നിഖില പറഞ്ഞത് നേരത്തെ വൈറൽ ആയിരുന്നു.
ഇതേക്കുറിച്ച് പി കെ അജീഷ് കൈതക്കൽ ഇങ്ങനെ എഴുതുന്നു. 'കണ്ണൂരിൽ മാത്രമല്ല പൊതുവെ മലബാറിൽ മുസ്ലിം വീടുകളിൽ കല്യാണത്തിന് നടക്കുന്ന ഒരു കാര്യത്തെ കുറിച്ച് നിഖില പറഞ്ഞപ്പോൾ ഒരേ തെറിവിളിയാണ്. അവർ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്. ഞങ്ങടെ നാട്ടിലൊക്കെ ഇപ്പോഴും മുസ്ലിം കല്യാണങ്ങൾക്ക് പല വീടുകളിലും പുരുഷന്മാർക്കും,സ്ത്രീകൾക്കും സെപ്പറേറ്റ് ആക്കി തന്നെയാണ് ഭക്ഷണം വിളമ്പുന്നത്. പണ്ട് വ്യാപകമായി ഉണ്ടായിരുന്നത് ഇപ്പൊ കുറഞ്ഞു വരുന്നും ഉണ്ട്. അതും നല്ലൊരു മാറ്റമാണ്...!പൊതുവെ കല്യാണങ്ങൾ കല്യാണ മണ്ഡപങ്ങളിലേക്ക് മാറിയതാണ് അതിന് പ്രധാന കാരണം.ഹിന്ദു & ക്രിസ്ത്യൻ വീടുകളിൽ കല്യാണങ്ങൾക്ക് സ്ത്രീകളും പുരുഷന്മാരും എല്ലാം
ഒരേ പന്തിയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. അവിടെ പോയി ഒരു പ്രശ്നവുമില്ലാതെ ഭക്ഷണം കഴിച്ചു വരുന്ന മുസ്ലിം സ്ത്രീകൾ എത്രയോ ഉണ്ട്. പക്ഷേ അത്തരം ആളുകളെ പോലും ഇപ്പോഴും -ചിലമുസ്ലിം വീടുകളിൽ പ്രത്യേക മറകെട്ടി ഭക്ഷണം വിളമ്പി ക്കൊടുക്കുമ്പോൾ അവിടെ ഇരിക്കേണ്ടി വരുന്നു.
മറയ്ക്കുള്ളിൽ വിളമ്പുന്നതും മിക്കവാറും പുരുഷന്മാർ തന്നെ ....! ഈ രീതി മലബാറിൽ നടക്കുന്നു എന്ന ഒരു പച്ചയായ സത്യം നിഖില വിമൽ പറഞ്ഞപ്പോൾ അവർക്കെതിരെ തെറിവിളിയുമായി ഇറങ്ങിയിരിക്കുന്നത് സ്വന്തം സമുദായത്തിൽ നടക്കുന്ന കാര്യം മോശമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തിരുത്തുകയാണ് വേണ്ടത്. അല്ലാതെ ആരെങ്കിലും അതിനെ പറ്റി പറഞ്ഞാൽ അവരെ ചീത്ത പറഞ്ഞു രംഗത്ത് വരുന്നത് ശരിയാണോ എന്ന് സമുദായം സ്വയം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്''- അജീഷ് വ്യക്തമാക്കുന്നു.
'അയൽവാശി' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം.നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയൽവാശി. നേരത്തെ 'ജോ ആൻഡ് ജോ' എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി സംസാരിക്കവേ നിഖില പറഞ്ഞ മറ്റൊരു വാചകവും ശ്രദ്ധ നേടിയിരുന്നു. മൃഗങ്ങളെ ഭക്ഷണത്തിനായി കശാപ്പു ചെയ്യുന്നതിനെക്കുറിച്ചായിരുന്നു നിഖിലയുടെ നിരീക്ഷണം.
'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്,' നിഖില പറഞ്ഞു. ഈ രീതിയിൽ ബോൾഡായി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന നടിയാണ് നിഖില വിമൽ. പക്ഷേ ഒരു ഒറ്റ അഭിമുഖത്തിലൂടെ സ്ത്രീ സമത്വം എന്ന ആശയം വീണ്ടും ചർച്ചയാക്കാൻ അവർക്ക് കഴിയുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ