- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന ഹിന്ദു സ്ത്രീകളാണ് മുസ്ലിം സ്ത്രീകളെ വിമർശിക്കുന്നത്; അവർക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദുസ്ത്രീകൾക്കില്ല; നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല': കണ്ണുരിലെ കല്യാണത്തിന്റെ ലിംഗവിവേചനം വർഗീയമാക്കി ആക്റ്റിവിസ്റ്റ് മൃദുലാദേവി
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് നടി നിഖിലാ വിമൽ ഒരു അഭിമുഖത്തിൽ പറഞ്ഞ, കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിലെ ലിംഗ വിവേചനമാണെല്ലോ. കണ്ണൂരിലെ മുസ്ലിം സത്രീകൾക്ക് പുരഷന്മാർക്ക് ഒപ്പം ഇരുന്ന്, കല്യാണങ്ങളിൽ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അവർക്ക് അടുക്കളപ്പുറത്ത് പ്രത്യേക പന്തലാണെന്നും നിഖില ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എതാനും തീവ്ര ഇസ്ലാമിസ്റ്റുകളെ മാറ്റി നിർത്തിയാൽ, ഈ അഭിപ്രായത്തിന് വലിയ പിന്തുണയാണ് കിട്ടിയത്. ഈ 21ാം നൂറ്റാണ്ടിലും ഇതുപോലെ വിവേചനം നിലനിൽക്കുന്നുത് വലിയ തോതിൽ വിമർശിക്കപ്പെടുകയാണ്.
നടനും ആക്റ്റീവിസ്റ്റുമായ ഷുക്കുർവക്കീലും, എഴുത്തുകാരൻ ബഷീർ വള്ളിക്കുന്നും തൊട്ടുള്ളവർ ഈ വിഷയം എഴുതി. നിരവധി മുസ്ലിം സ്ത്രീകൾ മലബാറിൽ കല്യാണം കൂടാൻ പോയപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. അതിനിടെ കാര്യങ്ങൾ ഇതിനേക്കാൾ ഒക്കെ അപ്പുറത്താണെന്ന് പലരും പ്രതികരിച്ചു. മരിച്ച മുസ്ലിം സ്ത്രീയുടെ മയ്യത്ത് അയൽവാസികളെപ്പോലും കാണിക്കാത്ത രീതി മലബാറിൽ ഇപ്പോഴുമുണ്ട്. മയ്യത്ത് മുന്നിൽ വെച്ച് അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയുന്ന കാഴ്ച പതിവാണ്. ഇതുമൂലം സ്ത്രീകൾ മരിച്ചാൽ, അമുസ്ലീങ്ങളായ അയൽവാസികളും സുഹൃത്തുക്കളും മൃതദേഹം കാണാൻ നിൽക്കാതെ, ആൺമക്കൾക്ക് കൈ കൊടുത്ത് മടങ്ങുകയാണ് ചെയ്യാറ്. അതുപോലെ കല്യാണ വീട്ടിലേക്ക് സ്ത്രീകൾക്ക് മുൻഭാഗത്തെ പന്തലിൽ കൂടി പ്രവേശനം നിഷേധിച്ചവർ പോലുമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
മറുഭാഗത്ത് ഇസ്ലാമിസ്റ്റുകൾ ന്യായീകരിച്ച് മെഴുകുന്നുണ്ടെങ്കിലും, അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്ക്കരണ ചർച്ചയായി ഇത് മാറി. നൂറ് വനിതാ മതിലിന്റെ ഗുണം ഒറ്റ അഭിമുഖം കൊണ്ട് ഈ യുവ നടിയുണ്ടാക്കിയെന്നാണ് കമന്റുകൾ വന്നു. ഈ സമയത്താണ് പുരോഗമനവാദികൾ എന്നും ദലിത് ആക്റ്റീവിസ്റ്റുകൾ എന്നും അകാശപ്പെടുന്ന ചിലർ ഈ വിഷയം വർഗീയമാക്കി രംഗത്ത് എത്തിയത്. പാഠഭേദം മാസികയുടെ പത്രാധിപസമിതി അംഗവും, സാമൂഹിക പ്രവർത്തകയുമായ മൃദുലാ ദേവിയുടെ ഇത് സംബന്ധിച്ച പോസ്റ്റാണ് വിവാദമായത്.
വിമർശിക്കുന്നവർ ഹിന്ദു സ്ത്രീകളോ?
ഇസ്ലാമിനകത്തെ ലിംഗനീതിയുടെ പ്രശ്നം എന്നല്ലാതെ ഇത് ഒരു ഹിന്ദു- മുസ്ലിം പ്രശ്നമായി സാമുദായികവത്ക്കരിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. എന്നാൽ 'നേരെ ചൊവ്വേ കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകൾ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല ദേവിയുടെ പോസ്റ്റ് തുടങ്ങുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഹിന്ദു സ്ത്രീകളോ സംഘടനകളോ ഒന്നും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സ്വതന്ത്രചിന്തകരായ ആക്റ്റീവിസ്റ്റുകളും, സോഷ്യൽ മീഡിയയുമാണ് ഇതിൽ പ്രതികരിച്ചത്. ഒരു ഹിന്ദുസ്ത്രീയായല്ല, സമത്വം ആഗ്രഹിക്കുന്ന ഒരു മനുഷ്യനായിട്ടാണ് നിഖില വിമൽ പ്രതികരിച്ചത്.
'അല്ലയോ നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല' എന്നാണ് മൃദുലാദേവി ചോദിക്കുന്നത്. ഇതും തികച്ചു ന്യായ വൈകല്യമാണ്. ചക്കയെക്കുറിച്ച് പറയുമ്പോൾ, താങ്കൾ എന്തുകൊണ്ട് മാങ്ങയെക്കുറിച്ച് പറയുന്നില്ല എന്ന ചോദ്യം പോലെ കുയുക്തിയാണ് ഈ വാദവും. മാത്രമല്ല, ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. ഹിന്ദുമതത്തിൽ പാട്രിയാർക്കി തീർത്തിട്ടുമതി, ഇസ്ലാമിലെ ലിംഗനീതിക്കെതിരെ സംസാരിക്കുന്നത് എന്നത് തീർത്തും വ്യാജ വാദമാണ്. ഈ 21ാം നൂറ്റാണ്ടിലും ഇതുപോലെ ആണും പെണ്ണും പരസ്പരം മറകെട്ടി ജീവിക്കുന്നത്, പരസ്യമായി പറയാൻ ധൈര്യപ്പെടുന്നവരുടെ മതം എടുത്തിട്ട് വർഗീയ കുത്തിത്തിരുപ്പിനാണ് മൃദുലാ ദേവി ശ്രമിക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. 'മുസ്ലിം സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകൾക്കില്ല എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്' എന്നാണ് മൃദുലാ ദേവി പറയുന്നത്. ഇത് കല്ലുവെച്ച നുണയാണ്. അരപ്പുരുഷനാണ് ഇസ്ലാമിലെ സ്ത്രീ. മുസ്ലിം സ്ത്രീകൾക്ക് തുല്യ സ്വത്തവകാശത്തിനായി കോടതിയെ സമീപിച്ചതും, ഷുക്കുർ വക്കീൽ സ്പെഷ്യൽ മാരേജ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചതും വാർത്തയായ സമയത്താണ് മൃദുല ഇങ്ങനെ പറയുന്നത്.
എപ്പോഴൊക്ക ഇസ്ലാമിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാവുന്നുവോ, അപ്പോഴൊക്കെ പരിചയുമായി എത്തുന്നത് ഈ ഇസ്ലാമോ ലെഫ്റ്റ്- അംബേദ്ക്കറൈറ്റ് ടീമുകൾ ആണെന്നും വിമർശനം ഉയരുന്നുണ്ട്. നേരത്തെ പാഠഭേദം മാസികയുടെ എഡിറ്ററായ എഴുത്തുകാരൻ സിവിക്ക് ചന്ദ്രൻ പീഡനക്കേസിൽ പ്രതിയായപ്പോൾ, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് എടുത്തുവെന്നതിന്റെ പേരിലും മൃദുലാദേവി ആരോപിതയായിരുന്നു.
രാഹു കാലം നോക്കി പുറത്തിറങ്ങുന്നവർ
മൃദുലാദേവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ-
നേരെ ചൊവ്വേ കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകൾ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ. കണ്ണൂരിലെ അടുക്കളയൊഴിച്ചു ബാക്കി ഇന്ത്യയിൽ മുഴുവൻ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാൻ മേല.
അല്ലയോ നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല. മുസ്ലിം സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകൾക്കില്ല എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ഹിന്ദു മതത്തിലുള്ള തരം തിരിച്ച അസമത്വം (ഗ്രേഡഡ് ഇൻ ഈക്വലിറ്റി ) ഇസ്ലാം മതത്തിലില്ല. ഇടതുപക്ഷക്കാരിക്കു ചുണയുണ്ടോ വാ തുറക്കാൻ. ഉണ്ടാവില്ല. വിക്ടിം ആകുവാൻ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ.
അരീക്കോട് ആതിരയെ അച്ഛൻ കുത്തിക്കൊന്നത് അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചതിനല്ല, പട്ടാളക്കാരനായിട്ടും പട്ടികജാതിക്കാരൻ വരൻ ആയി വന്നതുകൊണ്ടാണ്. തേങ്കുറുശ്ശി അനീഷിനെ ഭാര്യവീട്ടുകാർ കുത്തിക്കൊന്നത് അനീഷ് പട്ടികജാതിക്കാരൻ ആയതുകൊണ്ടാണ്. സ്വന്തം പെണ്ണുങ്ങളുടെ വയറ്റിൽ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാൻ വേണ്ടി സ്വന്തം മക്കളെയോ,അവരുടെ ഭർത്താവിനെയോ തല്ലിക്കൊല്ലുന്ന അസമത്വം നിർത്തിയിട്ട് പോരേ അടുക്കളയിൽ ഇരിക്കുന്നവരെ അകത്തു കയറ്റേണ്ടത്. ജീവിച്ചിരുന്നാലല്ലേ അടുക്കളയിലോ,അകത്തോ ഇരിക്കുവാൻ കഴിയു.ആദ്യം അവരവരിടങ്ങളിലെ കോൽ എടുത്തിട്ട് പോരേ കണ്ണൂർ മുസ്ലിം സ്ത്രീകളുടെ കരട് എടുക്കേണ്ടത്. ഒരു പാർട്ടിയുടെ സപ്പോർട് ഉള്ളതുകൊണ്ട് വിളമ്പേണ്ടതല്ല 'ഇന്റർ സെക്ഷണൽ ഫെമിനിസം ' വിവേചനത്തിന്റെ വ്യത്യസ്തഅടരുകൾ എന്തെന്നറിയാത്തവർ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കും.. ഇന്റർസെക്ഷണൽ ഫെമിനിസം അതു സപ്പോർട് ചെയ്യില്ല. അതിന് മൾട്ടിപ്പിൽ റീസൺ ഉണ്ട്.''- ഇങ്ങനെയാണ് മൃദുലാ ദേവി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ