കൊല്ലം: നിലമേൽ ആ കടക്കാരന് രാജ്ഭവനിൽ നിന്നും കിട്ടിയത് ആയിരം രൂപ. കടയ്ക്ക് മുമ്പിൽ ഗവർണർ കുത്തിയിരുന്നതിലൂടെ രണ്ടു മണിക്കൂർ കടയുടെ പ്രവർത്തനം നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഗവർണറുടെ പേഴ്‌സണൽ സ്റ്റേഫ് കടയുടമയ്ക്ക് ആയിരം രൂപ നൽകിയത്. ഇതോടെ നിലമേലിലെ പ്രതിഷേധത്തിൽ കടക്കാരനും ഹാപ്പി. എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം പരിധി വിട്ടതോടെ കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് കസേര ആവശ്യപ്പെട്ടു. അതിട്ട് റോഡരികിൽ രണ്ട് മണിക്കൂറോളം ഗവർണർ ഇരുന്നു. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്തുവെന്ന എഫ് ഐ ആർ കണ്ട ശേഷമായിരുന്നു ഗവർണർ നിലമേലിൽ നിന്നും മടങ്ങിയത്.

നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത് ഒരു കടയുടെ മുന്നിലാണ്. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനിടെ സ്വാഭാവികമായും കച്ചവടക്കാരന്റെ കച്ചവടം മുട്ടി. ഇതുകണക്കിലെടുത്ത് ആരിഫ് മുഹമ്മദ് ഖാൻ കച്ചവടക്കാരന്റെ കച്ചവടം മുടങ്ങിയതിൽ 1000 രൂപ കടയുടമയെ ഏൽപിച്ചാണ് മടങ്ങിയത്. രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നൽകിയത്. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം.

പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞിട്ടും 1000 രൂപ നൽകി. 'അദ്ദഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച് ഇവിടെയിരുന്നു. രണ്ട് മണിക്കൂർ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടർന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പണം നൽകി. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫാണ് പണം നൽകിയത്. 1000 രൂപ തന്നു.' ഫിറോസ് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനൊടുവിൽ ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങിപ്പോയി. എസ് എഫ് ഐ കരിങ്കൊടി കാട്ടിയതാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങുകയായിരുന്നു.

എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണർ സമരം അവസാനിപ്പിച്ചത് പൊലീസിനും ആശ്വാസമായി. എഫ്ഐആറിന്റെ പകർപ്പ് കൈയിൽ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂർ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ആക്രമികൾക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ്. കരിങ്കൊടി കാണിക്കുന്നത് താൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ ഗവർണർ പ്രതിഷേധക്കാർ തന്റെ കാറിൽ അടിച്ചെന്നും ഇനിയും ഈ രീതി തുടർന്നാൽ കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവർണർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഐപിസി 124 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പടെ 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ഗവർണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിഷേധത്തിനിടെ കാറിൽനിന്നിറങ്ങിയ ഗവർണർ, എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ലെന്ന് പൊലീസിനോട് ചോദിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഗവർണറെ നേരിട്ട് ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ ഗവർണർ തയാറായില്ല. ഒടുവിൽ എഫ്ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എസ്ഐഐആറിലെ വിവരങ്ങൾ സ്റ്റാംഫംഗം ഗവർണറെ വായിച്ചു കേൾപ്പിക്കുയും ചെയ്തു. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവർണർ, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിഷേധക്കാർ കൂലി തൊഴിലാളികളാണെന്നും ഗവർണർ ആരോപിച്ചു. ഇവർക്ക് കൂലി കൊടുക്കുന്നത്.