നിലമേൽ: മുഖ്യമന്ത്രി പിണറായി വിജയൻ നിലമേൽ പ്രതിഷേധത്തെ ചിരിച്ചു തള്ളി. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് സമാനതകളില്ലാത്ത കടന്നാക്രമണമാണ്. പ്രതിഷേധക്കാർ എന്ന പേരിൽ തന്നെ ആക്രമിച്ചവർ എസ്.എഫ്.ഐ. പ്രവർത്തകരല്ലെന്നും അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂലിക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസ് മുകളിൽനിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു.

തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണെന്നും ഗവർണർ വിശദീകരിച്ചു. പ്രതിഷേധങ്ങൾക്ക് താൻ എതിരല്ലെന്നും കാർ ആക്രമിച്ചതുകൊണ്ടാണ് പുറത്തിറങ്ങി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രതിഷേധിക്കുകയായിരുന്നില്ല എന്നും അക്രമികൾക്കെതിരെ കേസെടുക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും ഗവർണർ അറിയിച്ചു.

അതായത് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഗവർണർ നടത്തുന്നത്. ഇതുവരെ ഒരു ഗവർണറും ഇത്ര രൂക്ഷമായി ഒരു മുഖ്യമന്ത്രിയേയും വിമർശിച്ചിട്ടില്ല. 'പൊലീസുകാരെ ഞാൻ കുറ്റം പറയുന്നില്ല കാരണം മുകളിൽനിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. പ്രതിഷേധമെന്ന പേരിൽ എന്നെ ആക്രമിക്കാനും പൊലീസ് പ്രതികരിക്കരുത് എന്ന നിർദ്ദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. പ്രതിഷേധങ്ങൾക്കൊന്നും ഞാൻ എതിരല്ല; എന്നാൽ കൊടികൾ ഉപയോഗിച്ച് കാറിൽ അടിച്ചപ്പോഴാണ് പ്രതികരിച്ചത്.' - ഗവർണർ പറഞ്ഞു.

പ്രതിഷേധക്കാർ എന്നുപറഞ്ഞ് എത്തിയവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുണ്ടെന്നും അവരെ സംരക്ഷിക്കണമെന്ന് പൊലീസിനു നിർദ്ദേശം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു. അവർ പാർട്ടിയുടെ കൂലിക്കാരാണെന്നും പ്രതിഷേധം കഴിഞ്ഞ് ചെല്ലുമ്പോൾ മുഖ്യമന്ത്രിയുടെ കൈയിൽനിന്നു കൂലി കിട്ടുമെന്നും ഗവർണർ പറഞ്ഞു. '17 പേർക്കെതിരയാണ് പൊലീസിന്റെ എഫ്.ഐ.ആർ., എന്നാലിവിടെ പ്രതിഷേധക്കാരായി 50-ലധികം ആളുകളുണ്ടായിരുന്നു. പ്രതിഷേധക്കാരെക്കാൾ കൂടുതൽ പൊലീസ് ഇവിടെ ഉണ്ടായിരുന്നു എന്നിട്ടും എന്തുകൊണ്ടാണ് അവരെ പിരിച്ചുവിടാൻ കഴിയാതിരുന്നത്? മുഖ്യമന്ത്രിയായിരുന്നു ഈ വഴി പോകേണ്ടിയിരുന്നതെങ്കിൽ പൊലീസ് ഇത്തരത്തിൽ നിഷ്‌ക്രിയരായി ഇരിക്കുമായിരുന്നോ?' - ഗവർണർ ചോദിച്ചു.

'നടപടിയെടുക്കാൻ കഴിവുള്ള ഞാൻ എന്തിന് പ്രതിഷേധിക്കണം? അക്രമികൾക്കെതിരെ കേസെടുക്കാനാണ് കാത്തിരുന്നത്. ലഭിച്ച എഫ്.ഐ.ആറിന്റെ കോപ്പി കേന്ദ്രത്തിന് കൈമാറും. ക്ഷേമപെൻഷനടക്കം നൽകാൻ കഴിയാത്ത സർക്കാർ, ഭരണപോരായ്മകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.' - ഗവർണർ പറഞ്ഞു.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 17 പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പക്ഷേ സ്ഥലത്ത് അതിലധികം പൊലീസുകാരുണ്ടായിരുന്നു. അവരെ തടയാൻ പൊലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് ഗവർണർ ചോദിച്ചു.

മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനമാണ് കടന്നുപോയതെങ്കിൽ പ്രതിഷേധിക്കാൻ പൊലീസ് സമ്മതിക്കുമായിരുന്നോ.ദൂരെ നിന്ന് കരിങ്കൊടി കാണിച്ചാൽ പ്രശ്നമില്ല. വാഹനത്തിൽ പ്രവർത്തകർ ഇടിക്കാൻ ശ്രമിച്ചതോടെയാണ് പുറത്തിറങ്ങിയത്. സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി. 17- പേർക്കെതിരെ കേസെടുത്തുവെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്. പ്രതിഷേധവുമായി വന്നത് 17 പേരാണോയെന്നത് പരിശോധിക്കും. പ്രതിഷേധത്തിനായി പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കൊണ്ടുവരികയും ഇതേ വാഹനത്തിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്നും ഗവർണർ പറഞ്ഞു.

ഐപിസി 143,144,147,283,353,124,14 വകുപ്പുകൾ പ്രകാരമാണ് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്ഐആർ പകർപ്പ് വായിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കാൻ ഗവർണർ തയ്യാറായത്.