ന്യൂഡൽഹി: യെമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ ഇല്ലെന്ന് നിമിഷയുടെ അമ്മ കോടതിയോട് പറഞ്ഞു. യെമനിലേക്ക് യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹർജി നൽകിയത്. അതേസമയം കോടതി നിർദ്ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുകയാണ് മലയാളി നഴ്സ് നിമിഷപ്രിയ. സേവ് നിമിഷ ഭാരവാഹികൾക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ നിമിഷയുടെ അമ്മ ആവശ്യപ്പെട്ടത്. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അവിടുത്തെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ പുരോഗതിയുണ്ടാകാത്ത സഹാചര്യത്തിലാണ് അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

നിമിഷപ്രിയയുടെ മോചനത്തിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ഇടപെടെണമെന്ന് കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന്റെ നടപടികൾ കോടതി നിർദ്ദേശിച്ചിട്ടും ഒരു കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരിക്കായി ഹാജരായ അഭിഭാഷകർ സുഭാഷ് ചന്ദ്രൻ, കൃഷ്ണാ എൽ ആർ എന്നിവർ കോടതിയിൽ വാദത്തിനിടെ കുറ്റപ്പെടുത്തി.

എന്നാൽ നിമിഷയുടെ അമ്മയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ അപേക്ഷ കിട്ടിയില്ലെന്നായിരുന്നു കേന്ദ്രസർക്കാരിനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തെറ്റാണെന്നും ആറിലേറെ തവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്നും നിമിഷയുടെ അമ്മയുടെ അഭിഭാഷകർ കോടതിയിൽ തന്നെ മറുപടി നൽകി.

വധശിക്ഷ കാത്ത് സനയിലെ ജയിലിൽ കഴിയുകയാണ് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ. ഇനി ആകെ രക്ഷ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുക മാത്രമണുള്ളത്. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തിൽ ചർച്ചക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടത്.

തലാൽ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചർച്ച ആവശ്യമാണ്. ഇതിനായാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ.

ബ്ലഡ് മണി നൽകി പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതി നൽകിയിരുന്നു.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.

നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഒറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.

'2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു' നിമിഷ പറഞ്ഞു.