- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
കൊച്ചി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്. നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം.
ഇത് സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം കൊടുത്തു. എന്നാൽ പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്നുള്ള കാര്യം പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.
കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു വീട്ടിൽ എട്ടുവർഷമായി ജോലി ചെയ്താണ് പ്രേമകുമാരി ജീവിക്കുന്നത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽ കാണാൻ കൂടിയാണ് പ്രേമകുമാരിയുടെ യാത്ര. ഈ കുടുംബം അനുവദിച്ചാൽ മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകൂ. നിമിഷപ്രിയയും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത് യെമനിലെ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ സാഹചര്യത്തിൽ യെമൻ പൗരന്റെ കുടുംബത്തെ കാണാനുള്ള പ്രേമകുമാരിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
ആദ്യം നിമിഷപ്രിയയെ കാണാനാണ് ശ്രമിക്കുക. അതിനുശേഷം യെമൻ പൗരന്റെ കുടുംബത്തെയും കാണുകയാണ് ലക്ഷ്യം. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ യമൻ അംബാസഡറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖേന യെമൻ സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. സുപ്രീംകോടതിയും നിമിഷപ്രിയക്ക് എതിരായാണ് വിധി പുറപ്പെടുവിച്ചത്.