ന്യൂഡൽഹി: നാരീശക്തി എന്ന മുദ്രാവാക്യത്തിലാണ് കേന്ദ്രസർക്കാറിന്റെ മുന്നോട്ടു പോക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അടക്കം വനിതാ വോട്ടുകൾ നേടാൻ വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് കേന്ദ്രം. ഇതിനിടെ രാജ്യത്തെ ഉന്നത പദവികളിൽ സ്ത്രീകൾ കൂടുതലായും എത്തുന്നത്. ഈ ശ്രേണയിൽ ഏറ്റവും ഒടുവിൽ ഉന്നത പദവിയൽ എത്തിയത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവി പദവിയിൽ എത്തിയ് നിന സിങാണ്.

ഡൽഹി മെട്രോയ്ക്കും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾക്കും സുരക്ഷയൊരുക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ് നിന. ആ നിലയിൽ നിന ഇന്ത്യയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ബിഹാർ സ്വദേശിനിയാണ് നിന സിങ്. പുതിയ നിയമനങ്ങളുടെ ഭാഗമായി ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) തലവനായിരുന്ന അനീഷ് ദയാൽ സിംഗിനെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) ഡയറക്ടർ ജനറലായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുണ്ട്.

ബിഹാർ സ്വദേശിനിയായ നീന സിഐഎസ്എഫിന്റെ സ്പെഷ്യൽ ഡിജിയായി 2023 ഓഗസ്റ്റ് 31 മുതൽ സേവനമനുഷ്ഠിച്ച് വരവേയാണ് പുതിയ പദവിയിലേക്ക് എത്തുന്നത്. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായാണ് ഇവർ സിവിൽ സർവീസ് ജീവിതം തുടങ്ങിയത്. തുടർന്ന് നിരവധി ഉന്നത പദവികൾ ഇവരെ തേടിയെത്തി. കേന്ദ്ര സേനയിൽ ഡയറക്ടർ ജനറലായി ഉയർത്തപ്പെടുന്ന ആദ്യ വനിതയായ നിന 2021 മുതൽ സിഐഎസ്എഫിലാണ് പ്രവർത്തിക്കുന്നത്. അടുത്തവർഷം ജൂലൈ 31ന് വിരമിക്കും.

രാജസ്ഥാനിലെ ഉന്നത പൊലീസ് തസ്തികയിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കിയത് നിനയാണ്. 2013 - 2028 വർഷങ്ങളിൽ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ രാജ്യം ശ്രദ്ധിച്ച വിവാദ കേസുകളിലെ അന്വേഷണത്തിലും നിനക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധം, ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ തുടങ്ങിയ വിവാദമായ കേസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു ഇവർ. ഇത് കൂടാതെ ദേശീയ അന്തർദേശീയ തലങ്ങളിലുള്ള നിരവധി ഉയർന്ന കേസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

പഠനത്തിൽ അതിമിടുക്കിയായ നിന പഠനം തുടരുന്നിൽ അതീത തൽപ്പരയായ വ്യക്തിയാണ്. നീന സിങ് പട്ന വിമൻസ് കോളേജിലും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലുമാണ് പഠിച്ചത്. അതിന് ശേഷം ഉന്നത പഠനം വിദേശത്താണ് പൂർത്തിയാക്കിയത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനിലെ മെമ്പർ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

നൊബേൽ ജേതാക്കളായ അഭിജിത് ബാനർജി, എസ്തർ ഡഫ്ളോ എന്നിവരോടൊപ്പം രണ്ട് ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധ്യവുമുള്ള വ്യക്തിയാണ് നീന. 1988 ബാച്ച് മണിപ്പൂർ കേഡർ ഐപിഎസ് ഓഫീസറായ അനീഷ് ദയാൽ സിങ് സിആർപിഎഫിന്റെ അധിക ചുമതല വഹിച്ചിരുന്നു.

2024 ഡിസംബർ 31 വരെയാണ് സിആർപിഎഫ് ഡയറക്ടർ ജനറലായുള്ള നിയമനം. ഡിസംബർ 13ന് നടന്ന പാർലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ തലവനാണ് സിങ്. ഐടിബിപിയിൽ ചേരുന്നതിന് മുമ്പ് സിങ് ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) സേവനമനുഷ്ഠിച്ചിരുന്നു. സർവീസ് കാലയളവിലെ അന്വേഷണ മികവിന് ഇവർക്ക് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥനും കൺസ്യൂമർ അഫയേഴ്‌സ് മന്ത്രാലയത്തിലെ സെക്രട്ടറിയുമായ റോഹിത് കുമാർ സിങാണ് നിനയുടെ ഭർത്താവ്.