- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾക്കൂട്ടം പരമാവധി നിയന്ത്രിക്കണം; ഉത്സവങ്ങൾക്കും പെരുന്നാളിനും ചടങ്ങുകൾ മാത്രം; വിവാഹങ്ങൾക്കും നിയന്ത്രണം; കോഴിക്കോട് അതീവ ജാഗ്രത; വയനാടും കണ്ണൂരും മലപ്പുറത്തും കരുതലുകൾ; നിപ്പാ ഭീതി തുടരുമ്പോൾ
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം ഒരു ആരോഗ്യപ്രവർത്തകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. മരിച്ച രണ്ടുപേർ ഉൾപ്പെടെ ഇതോടെ സംസ്ഥാനത്ത് അഞ്ചുപേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോടിനു പുറമേ, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോഴിക്കോട് നിയന്ത്രണം കർശനമാക്കി. അതീവ ജാഗ്രതയിലാണ് ജില്ല. അതിനിടെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവർ സമ്പർക്കപ്പട്ടികയിലുള്ള ആളല്ല.
ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ജാഗ്രതയോടെ മുന്നോട്ട് പോവുകയാണെന്നും ഭയപ്പെടേണ്ട ഒരു സ്ഥിതിയും നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ല കളക്ടർ എ. ഗീത ഉത്തരവിട്ടു.
ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങിയ പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണ്. വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്.
പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുള്ള കലാ സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
രണ്ടു പേർ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുണ്ടായിരുത്. ഇതിൽ രണ്ടാമത്തെയാളുടെ ഫലം നെഗറ്റീവ് ആണ്. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ സ്രവങ്ങളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. നിലവിൽ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
കോഴിക്കോട് കൂടുതൽ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി പഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകളും തിരുവള്ളൂരിലെ 7, 8, 9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണു പുതിയതായി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ ഒൻപതു പഞ്ചായത്തുകൾ കണ്ടെയിന്മെന്റ് സോണുകളായി.
ആയഞ്ചേരി പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1, 2, 7, 8, 9, 20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5, 6, 7, 8, 9, 10, 11, 12, 13 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 വാർഡുകൾ, വില്യാപ്പള്ളി 3, 4, 5, 6, 7 വാർഡുകൾ, ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണു നിലവിൽ കണ്ടെയിന്മെന്റ് സോണുകൾ.
മറുനാടന് മലയാളി ബ്യൂറോ