ന്യൂഡൽഹി: സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിനു മാത്രമായി ഇളവു നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. നിലവിൽ 47,762 കോടി രൂപയാണ് കേരളത്തിനുള്ള വായ്പാ പരിധിയായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. കേരള സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നതായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം.

എന്നാൽ, വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്നതിന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ, കേരള സർക്കാരിന്റെ നിലവിലെ വായ്പാ പരിധി എത്ര, അതനുസരിച്ച് ഇതുവരെ വായ്പയെടുത്ത തുകയെത്ര, ഈ പ്രതിസന്ധി നേരിടാൻ മറ്റു മാർഗങ്ങൾ ആലോചിക്കുന്നുണ്ടോ, കേരള സർക്കാർ സാമ്പത്തിക ഞെരുക്കം നേരിടുന്ന വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ കേരള സർക്കാരിനെ സഹായിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളും പ്രേമചന്ദ്രൻ ഉന്നയിച്ചിരുന്നു.

കേരള സർക്കാർ ഉൾപ്പെടെയുള്ളവരുടെ വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാരിനായി ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി. അതേസമയം, വായ്പാ പരിധി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചതായി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധി നിശ്ചയിക്കുന്നതിന് ഭരണഘടന പ്രകാരവും സാമ്പത്തിക കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും കേന്ദ്രസർക്കാരിന് പൊതു മാനദണ്ഡമുണ്ട്. നിലവിൽ കേരള സർക്കാരിന്റെ വായ്പാ പരിധി 47,762.58 കോടി രൂപയാണ്. ഇതിൽ ഓപ്പൺ മാർക്കറ്റ് ബോറോവിങ് (ഒഎംബി) പ്രകാരമുള്ള പരിധി 29,136.71 കോടി രൂപയാണ്. ഇതുപ്രകാരം 23,852 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്.

വായ്പാ പരിധി ഉയർത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നത് ഉറപ്പാണ്. അതേസമയം കേന്ദ്ര ഫണ്ടുകളും കേരളത്തിന് ലഭിക്കാനുണ്ട്. ഉച്ചക്കഞ്ഞി അടക്കമുള്ളവക്ക് കണക്കു ബോധിപ്പിക്കാത്തതിനാൽ ഫണ്ട് ലഭിക്കാതത സാഹചര്യമുണ്ട്. അതിനിടെ ലൈഫ് അടക്കം ഭവന നിർമ്മാണ പദ്ധതികൾ വഴി നൽകുന്ന വീടുകൾക്ക് ബ്രാന്റിങ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളം വ്യക്തമാക്കി.

കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ബ്രാന്റിങ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം. എല്ലാ ഭവന നിർമ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്.

പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നൽകുന്ന പദ്ധതിയും ഇതിൽപ്പെടും. കേന്ദ്ര സർക്കാർ നൽകുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേർത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഗുണഭോക്താവിന് നൽകുന്നത്. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകളിൽ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിലാണ് തർക്കം.

ബ്രാന്റിങ് ഇല്ലെങ്കിൽ പണമില്ലെന്ന കേന്ദ്ര കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെ ബാന്റിങ് നൽകാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2023 ഒക്ടോബർ 31 വരെ ലൈഫ് മിഷന് കീഴിൽ പൂർത്തിയാക്കിയത് 3,56,108 വീടാണ്. അതിൽ പ്രധാന്മന്ത്രി ആവാസ് യോജന അർബൻ വിഭാഗത്തിൽ 79860 വീടും ഗ്രാമീൺ വിഭാഗത്തിൽ 32171 വീടുമാണുള്ളത്.

അർബൻ വിഭാഗത്തിൽ 1 ലക്ഷത്തി 50000 വും ഗ്രാമീൺ വിഭാഗത്തിൽ 72000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തിൽ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ ക്രഡിറ്റെടുക്കുന്നു എന്നാണ് കേന്ദ്ര വാദം. അതേസമയം താരതമ്യേന തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് എന്നു മാത്രമല്ല വീടുകളിൽ ലോഗോ പതിക്കുന്നത് വിവേചനത്തിന് ഇടയാക്കുമെന്നും സംസ്ഥാനവും പറയുന്നു. ഗുണഭോക്താക്കളുടെ അന്തസ്സിന് നിരക്കാത്ത നിർദ്ദേശം എന്ന് കൂടി പറഞ്ഞാണ് കേന്ദ്ര ആവശ്യം കേരളം തള്ളുന്നതും.