ന്യൂയോർക്ക്: 140 കോടി ജനങ്ങളുള്ള രാജ്യത്തെ ധനമന്ത്രി ആയിരിക്കുക എന്ന പറഞ്ഞത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതും വ്യത്യസ്ത രാഷ്ട്രീയ സ്വഭാവങ്ങളുള്ള സംസ്ഥാനങ്ങൾ ഉള്ളപ്പോൾ. അവിടെയാണ് നിർമ്മല സീതാരാമൻ എന്ന കേന്ദ്ര ധനമന്ത്രി കരുത്തയാകുന്നത്. മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന നിർമ്മല രണ്ടാം മോദി സർക്കാറിന്റെ കാലത്താണ് ധനമന്ത്രിയായത്. ഇപ്പോൾ മോദി മന്ത്രിസഭയിലെ പദവി കൊണ്ട് മൂന്നാം സ്ഥാനത്താണ് ഇവരെന്ന് പറയാം.

ഇപ്പോഴിതാ ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിച്ചു. യുഎസ് പ്രസിഡന്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെടുന്ന പട്ടികയിലാണ് നിർമ്മല ഉള്ഞപ്പെട്ടത്. നിർമല സീതാരാമന് 32-ാം സ്ഥാനമാണുള്ളത്.

ധനമന്ത്രി ഉൾപ്പടെ നാല് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. എച്ച്സിഎൽ കോർപറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര(60ാംസ്ഥാനം), സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (70ാം സ്ഥാനം), ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ (76ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മൂന്നുപേർ.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്. 2019ലാണ് നിർമല സീതാരാമൻ കേന്ദ ധനമന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് യുകെയിലെ അഗ്രിക്കൾച്ചറൽ എൻജിനിയേഴ്സ് അസോസിയേഷനിലും ബിബിസി വേൾഡിലും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ അംഗവുമായിരുന്നു.

എച്ച്സിഎൽ സ്ഥാപകനും വ്യവസായിയുമായ ശിവ് നാടാറിന്റെ മകളാണ് മൽഹോത്ര. എച്ച്സിഎൽ ടെക്നോളജീസിന്റെ മേധാവിയെന്ന നിലയിൽ കമ്പനിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്നത് മൽഹോത്രയാണ്. 2020ലാണ് കമ്പനിയുടെ മേധാവിയായത്. സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ(സെയിൽ)യുടെ ആദ്യ വനിതാ ചെയർപേഴ്സണാണ് സോമ മൊണ്ടൽ. കമ്പനിയെ റെക്കോഡ് സാമ്പത്തിക വളർച്ചയിലേക്ക് നയച്ചത് ഇവരാണെന്ന് ഫോബ്സ് വിലയിരുത്തുന്നു. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം മൂന്ന് ഇരട്ടിയായി ഉയർന്നു.

ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളിൽ ഒരാളാണ് മജുംഗാർ ഷാ. 1978 ബയോകോൺ സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ ഫാക്ടറി മലേഷ്യയിൽ കമ്പനിക്കുണ്ട്.

മധുരയിൽ ജനിച്ച് ജെഎൻയുവിൽ പഠിച്ച നിർമ്മല

തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമല സീതാരാമന്റെ ജനനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായ നാരായൺ സീതാറാമിന്റെയും വീട്ടമ്മയായ സാവിത്രിയുടെയും മകളായി ജനനം. വളരെ കണിശ സ്വഭാവക്കാരനായിരുന്നു നിർമലയുടെ അച്ഛൻ. സാഹിത്യകുതുകിയായ അമ്മയാണ് പുസ്തങ്ങൾ അടക്കം നൽകി കുട്ടികൾക്ക് കൂട്ടായത്. റെയിൽവേയിലെ അച്ഛന്റ ജോലി കാരണം അടിക്കടിയുള്ള സ്ഥലംമാറ്റം നിർമ്മലയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ ജീവിതാനുഭവങ്ങളാണ്.

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ മികവ് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിർമ്മലയെ എത്തിച്ചു. അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഎഫിലും നേടി. ഇടതു ബുദ്ധിജീവികളുട പഠനക്കളരിയായ ജെഎൻയുവിലെ കാമ്പസിൽ പോലും രാഷ്ട്രീയ മോഹങ്ങൾ ഒന്നും നിർമ്മലയ്ക്ക് ഉണ്ടായിരുന്നില്ല. 80 കളിൽ ജെ.എൻ.യു വിദ്യാർത്ഥിയായ, സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ തമിഴ് ബ്രാഹ്മൺ യുവതിയായിരുന്നു നിർമ്മല സീതാരാമൻ എന്നാണ് ഒരു സുഹൃത്ത് എഴുതിയത്. 'ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ- യൂറോപ് വസ്ത്ര വിപണിയിൽ' എന്ന വിഷയത്തിലായിരുന്നു ജെഎൻയുവിൽ ഗവേഷണം. പക്ഷേ പിഎച്ച്ഡി പൂർത്തിയാക്കിയിരുന്നില്ല.

തികഞ്ഞ വിശ്വാസിയും കൃഷ്ണഭക്തയമായ നിർമ്മലയും, കോൺഗ്രസ് നേതാവും, ആധുനിക ജീവിതശൈലിയിൽ വിശ്വസിച്ച നെഹ്‌റുവിയൻ കാഴച്ചപാടുണ്ടായിരുന്ന പ്രഭാകറും തമ്മിൽ അന്നുതന്നെ ആശയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഇവർ ജീവിതത്തിൽ ഒരുമിച്ചു. നിർമ്മലയുടെ ഭർത്താവ് പ്രഭാകർ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായും എഴുത്തുകാരനായും സാമ്പത്തിക ഉപദേഷ്ടാവായും നിറഞ്ഞുനിൽക്കുയാണ്. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു ഡോ പ്രഭാകർ. പക്ഷേ ഭാര്യ നിർമലയാകട്ടെ ബിജെപിയിൽ ഉറച്ചു നിന്നു കേന്ദ്രമന്ത്രി ആകുകയും ചെയ്തു.

നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായത് പ്രശ്‌നമായി. അതോടെ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യു ഇക്‌ണോമിക്‌സ് പഠനം ഈ സമയത്ത് അവർക്ക് ഗുണം ചെയ്തു. സൗമ്യവും ദീപ്തവുമായ ഇടപെടലുകളെ തുടർന്ന്, നിർമ്മല വളരെ പെട്ടെന്ന് ശ്രദ്ധേയായി. വനിതാ നേതാക്കളുടെ ദൗർലഭ്യമുള്ള ബിജെപിയിൽ, മോദി അടക്കം അവരുടെ പ്രവർത്തനം ശ്രദ്ധിച്ചു.

വെറും മൂന്നേ മൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്കും അവർ പ്രതിരോധ മന്ത്രിയായി. ഇന്ത്യയിൽ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ പ്രതിരോധമന്ത്രി എന്ന കീർത്തിയും ഇതോടൊപ്പം നിർമ്മല സീതാരാമന് വന്നുചേർന്നു. നേരത്തെ പ്രധാനമന്ത്രി പദത്തിനൊപ്പം ഇന്ദിരാഗാന്ധി ഈ വകുപ്പു കൈകാര്യം ചെയ്തിരുന്നു. പ്രതിരോധം പോലെ ഒരു സുപ്രധാന വകുപ്പ് ഒരു തുടക്കക്കാരിയെ എൽപ്പിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഒട്ടേറെ. പക്ഷേ അവിടെയും അവർ ശരിക്കും തിളങ്ങി.