- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ത്യ രാമ രാജ്യമല്ല' എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ചു; വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്ത നടപടിയിൽ ഉയർന്നത് കടുത്തപ്രതിഷേധം; സമരം ശക്തമായതോടെ വൈശാഖ് പ്രേംകുമാറിന്റ സസ്പെൻഷൻ നടപടി മരവിപ്പിച്ചു
കോഴിക്കോട്: 'ഇന്ത്യ രാമരാജ്യമല്ല' പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എൻഐടി വിദ്യാർത്ഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു. അപ്പീൽ അഥോറിറ്റി വിദ്യാർത്ഥിയുടെ അപ്പീൽ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്. കോഴിക്കോട് എൻഐടിയിൽ അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഘർഷവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തത്. നാലാം വർഷ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്പെൻഷനാണ് മരവിപ്പിച്ചത്.
'ഇന്ത്യ രാമ രാജ്യമല്ല ' എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്ത്. ജനുവരി 22 ന് പ്രതിഷേധിച്ച വൈശാഖിനെ ' ജയ് ശ്രീറാം ' മുഴക്കി ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കെതിരെ നടപടി എടുത്തതാണ് വിവാദമായത്. സംഭവത്തിൽ വിവിധി വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ അധികൃതർ സസ്‌പെൻഷൻ നടപടി താൽക്കാലികമായ മരവിപ്പിക്കുകയായിരുന്നു.
ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വർഷത്തേക്കുള്ള സസ്‌പെൻഷൻ നടപടിയാണ് വിദ്യാർത്ഥി സമരത്തെ തുടർന്ന് പിൻവലിച്ചത്. വൈശാഖ് നൽകിയ അപ്പീലിൽ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥിസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ സംഘർഷവും ഉണ്ടായിരുന്നു. എസ്.എഫ്.ഐ., കെ.എസ്.യു., ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപസിനുമുന്നിൽ പ്രതിഷേധസമരങ്ങൾ നടന്നത്. കാംപസിനകത്ത് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലും വൻപ്രതിഷേധം സംഘടിപ്പിച്ചു. രാത്രി വൈകുംവരെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാർത്ഥിക്കുനേരേയുള്ള സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാൻ എൻ.ഐ.ടി. അധികൃതർ തീരുമാനിച്ചു.
വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നടത്തിയ മാർച്ചിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. എൻ.ഐ.ടി. കവാടത്തിനുമുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് എസ്.എഫ്.ഐ. പ്രവർത്തകർ കാംപസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗം മിഥുൻ പന്തീരാങ്കാവ്, ഏരിയാപ്രസിഡന്റ് യാസിൻ എന്നിവർക്ക് പരിക്കേറ്റു.
വൈകീട്ട് ഏഴുമണിയോടെ കട്ടാങ്ങലിൽനിന്നാരംഭിച്ച പ്രകടനം എൻ.ഐ.ടി. കവാടത്തിനുമുന്നിൽ പൊലീസ് തടയുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം കാംപസ് കവാടത്തിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. കെ.എസ്.യു. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ഐ.ടി. കാംപസിനുമുന്നിൽ പ്രതിഷേധത്തെരുവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മാർച്ച് കാംപസ് ഗേറ്റിനുമുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ കാംപസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധത്തിന്റെ ഭാഗമായി കാംപസ് കവാടത്തിനുമുന്നിൽ കെ.എസ്.യു. പ്രവർത്തകർ രാജ്യത്തിന്റെ ത്രിവർണഭൂപടം തീർത്തു. പ്രതിഷേധപരിപാടിക്കുശേഷം കെ.എസ്.യു. നേതാക്കൾ കാംപസിനകത്ത് പ്രതിഷേധിക്കുകയായിരുന്ന എൻ.ഐ.ടി.യിലെ വിദ്യാർത്ഥികളെ സന്ദർശിക്കാനൊരുങ്ങിയത് പൊലീസ് തടഞ്ഞതോടെ കെ.എസ്.യു. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.
പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാംപസിലെ സ്പിരിച്വാലിറ്റി ആൻഡ് സയൻസ് (എസ്.എൻ.എസ്.) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് നാലാംവർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കാംപസിലെ അച്ചടക്കസമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ സസ്‌പെൻഡ് ചെയ്തത്.
മെഡിക്കൽ കോളേജ് ഡിവൈ.എസ്‌പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാത്രിയിലും കാംപസിനുപുറത്ത് ക്യാമ്പ് ചെയ്തു. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.ടി.യിലെ വിദ്യാർത്ഥികൾ കാംപസിലെ പ്രധാന കവാടങ്ങളെല്ലാം ഉപരോധിച്ചു. സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച ഉപരോധം രാത്രിവരെ നീണ്ടു.
പുറത്തേക്ക് കടക്കാനുള്ള കവാടങ്ങളെല്ലാം വിദ്യാർത്ഥികൾ റോഡിലിരുന്ന് ഉപരോധിച്ചതോടെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഏറെനേരം കാംപസിനകത്ത് കുടുങ്ങി. എൻ.ഐ.ടി.യുടെ പ്രധാന കവാടത്തിനകത്തും കമ്പനിമുക്ക് ഭാഗത്തെ കവാടത്തിനകത്തും നൂറുകണക്കിന് വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ വിളിച്ച് റോഡിലിരുന്നു. വൈശാഖ് പ്രേംകുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കുമെന്ന അറിയിപ്പ് പുറത്തുവരുംവരെ ഉപരോധം തുടർന്നു. തെറ്റായനടപടിയിൽ പ്രതിഷേധിക്കുന്നവർക്കുനേരേ നടപടിയെടുത്ത് അധികൃതർ കാംപസിനെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.