ഭോപ്പാൽ: കുടുംബ പ്രശ്‌നത്തിൽ തുടങ്ങി നടൻ നിതീഷ് ഭരദ്വാജ്. ഭാര്യയ്ക്കെതിരെ പരാതി നൽകിയിരിക്കയാണ് നിതീഷ്. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. മുൻ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടൻ പരാതി നൽകിയത്. ഏറെ നാളായി തന്നെ ശാരീരികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.

മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെൺ മക്കളെ കാണാൻ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപ്പാൽ പൊലീസ് കമ്മിഷണർ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യർത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിഷണർ ഉത്തരവിട്ടു.

പ്രശസ്തമായ മഹാഭാരതം ടെലിവിഷൻ സീരിയലിൽ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാർച്ച് 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവർക്ക് 11 വയസുള്ള പെൺമക്കളുണ്ട്. 12 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും 2019ൽ വേർപിരിഞ്ഞിരുന്നു. ഡിവോഴ്സിന് ശേഷം മക്കൾക്കൊപ്പം ഇൻഡോറിലാണ് സ്മിത.

അതേസമയം, മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ വേളയിൽ ഭരദ്വാജ് ചൂണ്ടിക്കാട്ടിയത്. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അടുത്തിടെ ശ്രീകൃഷ്ണനായി വീണ്ടും നിതീഷ് വേദിയിൽ എത്തിയിരുന്നു. സംസ്‌കാർ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തിൽ കൃഷ്ണ കഹേ എന്ന ചെറുനാടകത്തിലാണ് നിതീഷ് ശ്രീകൃഷ്ണനായത്. 1988ലാണ്, ബി.ആർ. ചോപ്ര സംവിധാനം ചെയ്ത് നിർമ്മിച്ച മഹാഭാരതം ടി വി സീരിയലിലൂടെ ശ്രീകൃഷ്ണനായി നിതീഷ് ജനകോടികളുടെ കണ്ണിലുണ്ണിയായത്. കാൽ നൂറ്റാണ്ടിനിടെ നിതീഷ് ബിജെപിയുടെ പാർലമെന്റംഗം വരെയായി. ഇപ്പോൾ സംസ്‌കാർ ഭാരതിയുടെ ദേശീയ ഉപാദ്ധ്യക്ഷനാണ്.