അലബാമ: യുഎസിൽ ആദ്യമായി നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്‌സാക്ഷികൾ. അലബാമ നടപ്പിലാക്കിയ വധശിക്ഷ ക്രൂരമായ കൊലപാതക രീതിയെന്നാണ് വിമർശകർ നേരത്തെ തന്നെ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ ക്രൂരതയില്ലെന്നായിരുന്നു അധികൃതരുടെ വാദം. കൊലപാതകക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കെന്നത്ത് യൂജീൻ സ്മിത്തിനെയാണ് അലബാമയിലെ ജയിലിൽ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച രാത്രി 8.25ന് ഇയാൾ മരണപ്പെട്ടു. പ്രത്യേക മാസ്‌ക് ഉപയോഗിച്ച് നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. ഓക്‌സിജന്റെ അഭാവത്തോടെ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും.

22 മിനിറ്റാണ് വധശിക്ഷ നീണ്ടുനിന്നത്. 58 കാരനായ കൊലയാളി മിനിറ്റുകളോളം കിടന്ന് പുളയുന്ന കാഴ്ച കണ്ടുനിൽക്കാൻ ആവില്ലായിരുന്നു എന്നും ഭീകരമായിരുന്നുവെന്നും ആത്മീയ ഉപദേഷ്ടാവ് റവ. ജെഫ് ഹുഡ് പ്രതികരിച്ചു. വധശിക്ഷ നിരീക്ഷിച്ച നിരവധി പേരിൽ ഒരാളായിരുന്നു ഈ പുരോഹിതൻ. ജയിൽ ജീവനക്കാർക്ക് പോലും കാഴ്ച വലിയ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

' അവരുടെ മുഖങ്ങളിൽ വലിയ ഞെട്ടലും, അദ്ഭുതവുമായിരുന്നു. എന്തായാലും എന്റെ കൺമുമ്പിൽ ഉണ്ടായിരുന്ന മനുഷ്യരുടെയെല്ലാം മുഖത്ത് ആ ഭീകരദൃശ്യത്തിന്റെ ഞെട്ടൽ കാണാമായിരുന്നു' ഹുഡ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ഹോളിവുഡിന് വേണ്ടി നിർമ്മിച്ച രംഗം പോലെയുണ്ടായിരുന്നു. ആ രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല, അദ്ദേഹം പറഞ്ഞു.

നൈട്രജൻ ശ്വസിപ്പിച്ചുള്ള രീതിയിൽ പെട്ടെന്ന് മരണം സംഭവിക്കുമെന്നാണ് ജയിൽ അധികൃതർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, അവിടെ കണ്ടത് അങ്ങനെയായിരുന്നില്ല. 'വളരെ വേഗത്തിൽ, വേദനാരഹിതമെന്നാണ് അവർ പറഞ്ഞത്. വധശിക്ഷ നടപ്പാക്കുന്നതിലെ ഏറ്റവും മാനുഷികമായ രീതിയെന്നും വിശേഷിപ്പിച്ചു. സെക്കൻഡുകൾക്കകം ആൾ അബോധാവസ്ഥയിലാകുമെന്നും പറഞ്ഞു. എന്നാൽ, കഴിഞ്ഞ രാത്രി ഞങ്ങൾ കണ്ടതാകട്ടെ, മിനിറ്റുകൾ നീണ്ട ഭീകര ഷോ. കരയിൽ നിന്ന് പിടിച്ചിട്ട മീനിനെ പോലെയായിരുന്നു സ്മിത്ത്. വീണ്ടും വീണ്ടും കിടന്ന് പിടയുകയായിരുന്നു,' ജെഫ് ഹുഡ് പറഞ്ഞു.

വധശിക്ഷ നടപ്പാക്കിയ രീതി വിഷമിപ്പിക്കുന്നതാണെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചു. യുഎൻ മനുഷ്യാവകാശ സംഘടനാ മേധാവിയും, യൂറോപ്യൻ യൂണിയനും, മനുഷ്യാവകാശ ഗ്രൂപ്പുകളും ആശങ്ക പ്രകടിപ്പിച്ചു. ഇതു വരെയും യുഎസിൽ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പിലാക്കിയിരുന്നത്.

1988 മാർച്ചിൽ സെന്നെറ്റ് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് പിടിയിലായത്. സെന്നെറ്റിന്റെ ഭർത്താവിന്റെ നിർദ്ദേശാനുസരണമായിരുന്നു കൊല. സെന്നെറ്റിന്റെ നെഞ്ചിൽ ആഴത്തിൽ എട്ടു പ്രാവശ്യവും കഴുത്തിൽ രണ്ടു പ്രാവശ്യവും കത്തി കുത്തിയിറക്കിയിരുന്നു. അന്വേഷണം തന്റെ നേർക്ക് തിരിയുന്നുവെന്ന് മനസിലായതോടെ സെന്നെറ്റിന്റെ ഭർത്താവ് ചാൾസ് ആത്മഹത്യ ചെയ്തു. കൊലക്കേസിലെ മറ്റൊരു പ്രതിയായ ജോൺ ഫോറസ്റ്റ് പാർക്കറിനെ 2010ൽ വിഷം കുത്തി വച്ച് വധശിക്ഷ നടപ്പിലാക്കിയിരുന്നു. 2022ൽ സ്മിത്തിനെയും ഇത്തരത്തിൽ വിഷം കുത്തി വച്ച് കൊല്ലാനായിരുന്നു ഉത്തരവ്.

എന്നാൽ വിഷം കുത്തിവയ്ക്കുന്നതിനായുള്ള പ്രത്യേക സിര കണ്ടെത്താൻ ആകാഞ്ഞതിനെത്തുടർന്ന് വധശിക്ഷ നടപ്പിലാക്കാനായില്ല. അതോടെ വധശിക്ഷയിൽ നിന്ന് ഇളവു നൽകണമെന്നാവശ്യപ്പെട്ട് സ്മിത് കോടതിയെ സമീപിച്ചു. എന്നാൽ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരേയും സ്മിത് കോടതിയിൽ പൊരുതി. അസാധാരണവും ക്രൂരവുമായ മാർഗം സ്മിത്തിൽ പരീക്ഷിക്കുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും സ്മിത്തിന്റെ അഭിഭാഷകർ വാദിച്ചു.

പക്ഷേ ഫെഡറൽ കോടതി ഈ വാദങ്ങളെല്ലാം തള്ളി. ഇതോടെയാണ് നൈട്രജൻ വാതകം ശ്വസിപ്പിച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്. യുഎസിലെ മിസിസ്സിപ്പി, ഒക്ലഹോമ എന്നിവിടങ്ങളിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പിലാക്കിയിരുന്നില്ല. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം.