- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെയും മാധ്യമ പ്രവർത്തകരെയും അധികൃതർ പൂട്ടിയിട്ടു; മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപ്പിടുത്തം ഉണ്ടാവാതിരിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ കലക്ടർ
കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെയും മാധ്യമപ്രവർത്തകരെയും അധികൃതർ പൂട്ടിയിട്ടു. മാലിന്യസംസ്കരണ കേന്ദ്രത്തിനകത്ത് പ്രവേശിച്ച ബിജെപി കൗൺസിലർമാരായ ടി രനീഷ്, നവ്യ ഹരിദാസ്, സരിതാ പറയേരി, സിഎസ് സത്യഭാമ, എൻ ശിവപ്രസാദ്, രമ്യാ സന്തോഷ്, ബിജെപി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, വൈസ് പ്രസിഡന്റ് സി സാബുലാൽ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് എന്നിവരെയും മാധ്യമ പ്രവർത്തകരും അടങ്ങിയ സംഘത്തെയാണ് സുരക്ഷാ ജീവനക്കാർ ഗെയ്റ്റ് പുറത്തു നിന്ന് പൂട്ടിയിട്ടത്. പൂട്ടാൻ നിർദ്ദേശം ലഭിച്ചതിനെതുടർന്നാണ് പൂട്ടിയതെന്നാണ് ജീവനക്കാർ പറഞ്ഞത്. തുടർന്ന് നല്ലളം പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് അധികൃതർ ഗേറ്റ് തുറന്നു നൽകിയത്.
ഞെളിയൻ പറമ്പ് വളരെ മോശം അവസ്ഥയിലാണെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് സന്ദർശിക്കാൻ അകത്ത്കയറിയവരെ പുറത്തേക്ക് കടത്തിവിടാതെ പൂട്ടിയിട്ടതെന്നും ബിജെപി കൗൺസിലർ ടി രെനീഷ് പറഞ്ഞു. ഈ പ്രദേശം ബ്രന്മപുരത്തെക്കാൾ അപകടകരമായ അവസ്ഥയിലാണ്. തൊട്ടടുത്ത് ഡിസൽ പ്ലാന്റും പെട്രോൾ പമ്പുകളും ഉണ്ട്. ഒരു അപകടമുണ്ടായാൽ കോഴിക്കോട് ജില്ല തന്നെ ഇല്ലാതാകും. ഈ വിഷയം കൗൺസിലിനകത്തും പുറത്തും കൊണ്ടുവരും. വിഷയം പുറത്ത് അറിയുമെന്ന് കോർപ്പറേഷനും ഭയക്കുന്നുണ്ട്. ഇടതു നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയ കരാർ പിൻവലിക്കണമെന്നും ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്തെ വിവാദ കമ്പിനിയായ സോണ്ട ഇൻഫ്രാടെക്കിന് തന്നെയാണ് ഞെളിയൻ പറമ്പിലും മാലിന്യ സാംസ്കരണത്തിനു കോർപ്പറേഷൻ കരാർ നൽകിയിട്ടുള്ളത്. ഞെളിയൻ പറമ്പിലും കഴിഞ്ഞ ആഴ്ച തീപിടുത്തം ഉണ്ടായിരുന്നു. കരാർ നൽകിയതിലടക്കം ദുരൂഹതയുണ്ടെന്നു ആരോപിച്ചാണ് ബിജെപി കൗൺസിലർമാരുടെ സംഘം ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രേം സന്ദർശിക്കാനെത്തിയത്.
ബ്രന്മപുരം ആവർത്തിക്കാതിരിക്കാൻ ഞെളിയൻ പറമ്പിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നാളെ പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതേ സമയം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നഗരസഭയുടെ കീഴിലുള്ള ചെറുവണ്ണൂർ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടുത്തം ഉണ്ടാകാതിരിക്കാനും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനുമുള്ള ഭീഷണി ഒഴിവാക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ജില്ലാ കലക്ടർ ഉത്തരവിറക്കി.
മാലിന്യ സംസ്കരണ കേന്ദ്രത്തിനു ചുറ്റും അഗ്നി ശമനയുടെ വാഹനങ്ങൾ വിന്യസിക്കുന്നതിന് സൗകര്യമൊരുക്കും. വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഏകദേശം 5 മീറ്റർ വീതിയിൽ സൗകര്യം ഒരുക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാലിന്യ കൂമ്പാരത്തിന്റെ ഉയരം പരമാവധി 6 മീറ്ററിൽ തന്നെ നിജപ്പെടുത്തണം. മാലിന്യ കൂമ്പാരങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്നര മീറ്റർ വീതിയിൽ അകലവും നൽകേണ്ടതാണ്. ഓരോ മാലിന്യ കൂമ്പാരവും സെഗ്രിഗേറ്റ് ചെയ്ത് നിർത്തേണ്ടതാണ്. സെഗ്രിഗേറ്റ് ചെയ്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ നടുവിലായി 5 മീറ്റർ വീതിയിൽ അഗ്നി ശമനവാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
വെള്ളം പമ്പ് ചെയ്യുന്നതിനു ഫിക്സഡ് ഫയർ ഫൈറ്റിങ് ഇൻസ്റ്റലേഷൻ, അണ്ടർ ഗ്രൗണ്ട് ടാങ്ക്, ഇലക്ട്രിക് പമ്പ്, ഡീസൽ പമ്പ്, എന്നിവ സ്ഥാപിക്കുകയും ചുറ്റിലും ഹൈഡർ ലൈൻ സ്ഥാപിക്കുകയും വേണം. സ്പിങ്ളർ ലൈൻ കൊടുക്കുന്നത് അപകട ഘട്ടങ്ങളിൽ വളരെ ഫലപ്രദമായിരിക്കും. ചൂട് കൂടുന്ന ഘട്ടങ്ങളിൽ മാലിന്യ കൂമ്പാരം നനയ്ക്കാൻ ഇതുവഴി സാധിക്കും.
തീ പിടുത്തം തുടക്കത്തിലെ കണ്ടെത്തുന്നതിനും അനധികൃതമായി ആളുകൾ പ്ലാന്റുകളിലേക്ക് കടക്കുന്നത് തടയുന്നതിനും വേണ്ട നടപടികൾ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് സ്വീകരിക്കേണ്ടതാണെന്നും കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.