- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ദാവൂദിനെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല, പറയാനുള്ളത് പാക്കിസ്ഥാൻ സർക്കാർ പറയും; താൻ വീട്ടുതടങ്കലിലാണെന്നതു തെറ്റായ വാർത്ത'; ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചു ജാവേദ് മിയാൻദാദ്
ഇസ്‌ലാമബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ടുകളുകൾ പുറത്തുവന്നു കൊണ്ടിരിക്കവേയാണ് മിയാൻദാദിന്റെ പ്രതികരണം. ഇതിനു പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ ജാവേദ് മിയാൻദാദിനെയും കുടുംബത്തെയും പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കിയതായും അഭ്യൂഹങ്ങൾ പ്രചരിച്ചു.
എന്നാൽ താൻ വീട്ടുതടങ്കലിലാണെന്നതു തെറ്റായ വാർത്തയാണെന്നു മിയാൻദാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ''ദാവൂദിനെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. പറയാനുള്ളത് പാക്കിസ്ഥാൻ സർക്കാർ പറയും.'' മിയാൻദാദ് പ്രതികരിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദ് ഇബ്രാഹിമിനെ ചികിത്സിക്കുന്നതെന്നാണു വിവരം. ആശുപത്രി ഫ്‌ളോറിലെ ഒരേയൊരു രോഗി ദാവൂദാണെന്നും അടുത്ത ബന്ധുക്കളെയും ഡോക്ടർമാരെയും മാത്രമാണ് അകത്തേക്കു കടത്തിവിടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും അടുത്ത സഹായി ഛോട്ടാ ഷക്കീൽ ദേശീയ മാധ്യമത്തോടു പറഞ്ഞു. ദാവൂദ് മരിച്ചു എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്‌സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്‌ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ഈ സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് അടക്കം നിരോധനം എത്തിയതോടെയാണ് ദാവൂദ് ഇബ്രാഹിമിന്റ ജീവൻ അപകടത്തിലാണെന്ന വിധത്തിൽ അഭ്യൂഹങ്ങൾ വ്യാപകമായത്. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പാക്കിസ്ഥാനിൽ ശനിയാഴ്ച വൈകീട്ട് മുതൽ ഇന്റർനെറ്റിൽ അപ്രതീക്ഷിത 'തടസ'ങ്ങൾ നടന്നുവെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് പാക്കിസ്ഥാനിൽ യുട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഏറെക്കുറെ നിശ്ചലമായ മട്ടാണ്. ഇതിനിടെയാണ്, ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ഒരു ആശുപത്രിയിൽ അതീവ സുരക്ഷാ സംവിധാനങ്ങളോടെ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്ത് വരുന്നത്.
ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം ഇന്ന് രാവിലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂർണമായും പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയർന്ന് വരുന്ന ചോദ്യം. പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉൾപ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ഉണ്ട്.
ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ഇതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്ന ഒരു പ്രചരണം ഇങ്ങനെ: അടുത്ത കാലത്തായി, അതായത് ഏകദേശം കഴിഞ്ഞ രണ്ട് വർഷമായി, പാക്കിസ്ഥാനിൽ ഒളിച്ചിരുന്ന നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ ഭീകരരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ' പട്ടികയിൽ പെട്ടവരാണെന്നും പറയുന്നു. ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള ഭീകരർ അജ്ഞാതരാൽ വിദേശങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതു പോലെയുള്ള നിരവധി സംഭവങ്ങൾ. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെ എക്സ്(ട്വിറ്റർ) പോലെയുള്ള മാധ്യമങ്ങളിൽ 'അജ്ഞാതർക്കു' നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.
ദാവൂദിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ശ്രമിക്കുന്നുണ്ട്. റോ അടക്കമുള്ളവർ ജാഗ്രതയിലാണ്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്ത്യയിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധിയും ദാവൂദിന്റേതായിരുന്നു. ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രധാനികളിൽ ഒരാളാണ് ദാവൂദ്.
1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായിട്ടാണ് റിപ്പോർട്ട്. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വർഷങ്ങളായി പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗസ്സി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.
ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനിൽക്കെ പാക്കിസ്ഥാനിൽനിന്നും പഠാൻ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്.